മാള മേഖലകളില്‍ കൃഷി പുനരുജ്ജീവിപ്പിച്ച ഓഫിസര്‍ വിട വാങ്ങി
മാള: മേഖലയില്‍ കൃഷി പുനരുജ്ജീവിപ്പിച്ച കൃഷി ഓഫീസര്‍ വിടപറഞ്ഞു. മാള കൃഷി ഓഫീസറുടെ അപ്രതീക്ഷിത മരണ വാര്‍ത്ത മാള നിവാസികളെയാകെ ഞെട്ടിച്ചു. ഇന്നലെ ഹൃദയാഘാതം മൂലം അന്തരിച്ച മാള കൃഷി ഓഫീസര്‍ ജോര്‍ജ് പ്രശാന്തിന്റെ മരണം പലര്‍ക്കും അവിശ്വസനീയമായി തോന്നി. ലാഭകരമല്ലെന്ന കാരണം പറഞ്ഞ് പലരും കാര്‍ഷിക മേഖലയില്‍ നിന്ന് പിന്‍വാങ്ങികൊണ്ടിരുന്ന കാലത്താണ് ചെറുപ്പക്കാരനായ ജോര്‍ജ് പ്രശാന്ത് മാളയില്‍ കൃഷി ഓഫിസറായി എത്തുന്നത്. ആ വര്‍ഷം തന്നെ മേഖലയില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കോള്‍കുന്ന് ഹരിത സംഘം രൂപീകരിക്കു ന്നതിന് മുന്‍കൈയെടുത്തു. 2013 ലെ മികച്ച ഹരിത സംഘത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടാന്‍ ഹരിത സംഘത്തെ പ്രാപ്തമാക്കുന്നതില്‍ കൃഷി ഓഫിസര്‍ എന്ന നിലയില്‍ ഇദ്ദേഹം വലിയ പങ്കാണ് വഹിച്ചത്. മേഖലയില്‍ കൃഷി വ്യാപിപ്പിക്കുന്നതില്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെയേറെ സഹായകമായിട്ടുണ്ട്. 2013 മുതല്‍ തുടര്‍ച്ചയായി സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ മാളയില്‍ എത്തിക്കുന്നതില്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും നിര്‍ദേശങ്ങളും വളരെയേറെ സഹായിച്ചതായി അവാര്‍ഡ് ജേതാക്കള്‍ പറഞ്ഞു. 2015 ല്‍ സംസ്ഥാനത്തെ മികച്ച കൃഷി ഓഫിസര്‍ക്കുള്ള അവാര്‍ഡ് ഇദ്ദേഹത്തെ തേടിയെത്തിയത് അര്‍ഹതക്കുള്ള അംഗീകാരമായി. സ്‌കൂളുകള്‍ വഴിയും കുടുംബ ശ്രീ കൂട്ടായ്മകള്‍വഴിയും കൃഷിയുടെ പ്രചാരണത്തിനായ ജോര്‍ജ് പ്രശാന്ത് ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. മാളയിലെ കര്‍ഷകര്‍ക്ക് കാര്‍ഷിക മേഖലയില്‍ പകരം വക്കാനില്ലാത്ത അധ്യാപകനെയാണ് ജോര്‍ജ് പ്രശാന്തിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."