ഖുര്‍ആനിക വെളിച്ചമാണ് മനസുകളിലേക്ക് ശാന്തിപകരുന്നത്: ബഷീറലി തങ്ങള്‍
മഞ്ചേരി: വ്യാകുലതകള്‍ നിറഞ്ഞ മനസുകള്‍ക്ക് ശാന്തിയും പരിഹാരവും നല്‍കുന്നതാണ് ഖുര്‍ആനിക സന്ദേശങ്ങളെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തൃപ്പനച്ചി ഉറൂസിന്റെ ഭാഗമായി നടന്ന ഖുര്‍ആന്‍ പഠന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖുര്‍ആനിന്റെ അന്തസത്ത ഉള്‍കൊള്ളാത്തവരാണ് വൈരവും വിദ്വേഷവും വളര്‍ത്തുന്നത്. തീവ്രസങ്കല്‍പങ്ങളും സ്‌ഫോടനങ്ങളും സൃഷ്ടിക്കുന്നവര്‍ മൈത്രിയുടെ സന്ദേശം ഉള്‍കൊള്ളാത്തവരാണെന്നും തങ്ങള്‍ പറഞ്ഞു. കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ഷാജഹാന്‍ റഹ്മാനി കംബ്ലക്കാട് പ്രസംഗിച്ചു. തൃപ്പനച്ചി ഉസ്താദ് സ്മാരക കോളജ് വിദ്യാര്‍ഥികളുടെ കലാവിരുന്നും നടന്നു. വൈകിട്ട് 6.30ന് നടന്ന സ്വലാത്ത് മജ്‌ലിസിന് സയ്യിദ് ബാപ്പു തങ്ങള്‍, വാവാട് കുഞ്ഞിക്കോയ മുസ്്‌ലിയാര്‍ നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന ജലാലിയ്യ റാത്തീബിന് ശൈഖ് ഇബ്‌റാഹീം അല്‍ ഖലീല്‍ (നാഗൂര്‍ ശരീഫ്്) നേതൃത്വം നല്‍കി.
ഇന്നു വൈകിട്ട് മതപ്രഭാഷണ പരിപാടിയില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഖലീല്‍ ഹുദവി തളങ്കര പ്രസംഗിക്കും. സമാപന ദിനമായ നാളെ രാവിലെ 7.30ന് മഖാം സിയാറത്തിനു സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ നേതൃത്വം നല്‍കും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ഒന്‍പതിന് സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ അധ്യക്ഷനാകും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി സംബന്ധിക്കും.
ആക്ട് നാടകമേളയ്ക്ക് തിരൂരില്‍ അരങ്ങുണര്‍ന്നു
തിരൂര്‍: ആക്ട് തിരൂരിന്റെ 11 -ാമതു നാടക മേളയ്ക്കു തുടക്കമായി. തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളിലെ കാവാലം നാരായണ പണിക്കര്‍ സ്മാരക നഗറില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സംസ്‌കാര രൂപീകരണത്തില്‍ പ്രധാന സ്ഥാനം നാടകത്തിനായിരുന്നുവെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. പരിപാടിയില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ എസ്.ഗിരീഷ് അധ്യക്ഷനായി.
മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ മുഖ്യാതിഥിയായി. സമൂഹത്തിലെ കാണാതെ പോകുന്ന അപകടങ്ങളെയും ചതിക്കുഴികളേയും കാണിച്ചുതരുന്നതു നാടകമാണെന്നു കെ.ജയകുമാര്‍ പറഞ്ഞു. പ്രൊഫഷനല്‍ നാടകങ്ങള്‍ സമൂഹത്തിന്റെ വൈരൂപ്യങ്ങള്‍ തുറന്നു കാണിക്കുന്നുവെന്നും കെ.ജയകുമാര്‍ കൂട്ടി ച്ചേര്‍ത്തു.
ആക്റ്റ് കലാ ബന്ധു പുരസ്‌കാര സമര്‍പ്പണവും കെ.ജയകുമാര്‍ നടത്തി. നഗരസഭാ കൗണ്‍സിലര്‍മാരായ ഇസ്ഹാഖ് മുഹമ്മദാലി, ചെറാട്ടയില്‍ കുഞ്ഞീതു, പി.എ ബാവ , എ.ആര്‍ സന്തോഷ്, വിനോദ് തലപ്പള്ളി, ജോസ് മാത്യു, സൂരജ് ഭാസുര, സന്തോഷ് മേനോന്‍ സംസാരിച്ചു. ജെ.രാജ് മോഹന്‍ സ്വാഗതവും മനോജ് ജോസ് നന്ദിയും പറഞ്ഞു. തുടര്‍ന്നു പ്രൊഫഷനല്‍ നാടക മല്‍സരത്തിലെ ആദ്യ നാടകമായ തിരുവനന്തപുരം സൗപര്‍ണികയുടെ 'കണ്ണാടിക്കടവത്ത് ' അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."