നാടുകാണി പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം
ആലക്കോട്: നാടുകാണി പ്ലൈവുഡ് കമ്പനിയിലുണ്ടായ തീപിടുത്തത്തില്‍ വന്‍ നാശനഷ്ടം. കോടികളുടെ യന്ത്രങ്ങളും അനുബന്ധ സാമഗ്രികളും കത്തി നശിച്ചു. ചപ്പാരപ്പടവ് സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ചെട്ടിയാകുന്നേല്‍ വുഡ് ഇന്റസ്ട്രീസിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിയോടെ തീപിടുത്തമുണ്ടായത്.
ഫാക്ടറിക്ക് സമീപം താമസിക്കുന്ന തൊഴിലാളികളാണ് തീപിടിച്ച വിവരം ഉടമകളെ അറിയിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. തളിപ്പറമ്പ്, പയ്യന്നൂര്‍, കണ്ണൂര്‍ തുടങ്ങിയ യൂണിറ്റുകളില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നൂറോളം തൊഴിലാളികള്‍ ജോലിചെയ്യുന്ന ഫാക്ടറി രണ്ടു വര്‍ഷം മുമ്പാണ് പ്രവര്‍ത്തനമാരംഭിച്ചത്.
ചെന്നൈ, ബംഗളുരു തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഇവിടെ നിന്നും പ്ലൈവുഡുകള്‍ കയറ്റിയയക്കുന്നത്. പീലിംഗ്, പ്രസിംഗ് തുടങ്ങി കോടികള്‍ വില വരുന്ന യന്ത്ര സാമഗ്രികള്‍ പൂര്‍ണ്ണമായും അഗ്‌നിക്കിരയായി. ചപ്പാരപ്പടവ് പുഴയില്‍ നിന്നും ടാങ്കറുകളില്‍ വെള്ളമെത്തിച്ചാണ് തീയണക്കാനായത്. തളിപ്പറമ്പ് പൊലീസും, പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു. തീപിടിച്ച വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് ഫാക്ടറിക്ക് സമീപത്തെത്തിയത്. 4 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."