ട്രാഫിക് പരിഷ്‌കാരത്തിനെതിരേ പഞ്ചായത്തുകളുടെ പ്രക്ഷോഭം
മലപ്പുറം: മഞ്ചേരി നഗരത്തില്‍ നടപ്പാക്കിയ ജനവിരുദ്ധ ട്രാഫിക് പരിഷ്‌കാരത്തിനെതിരേ മൂന്നു പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. തീരുമാനം പിന്‍വലിച്ച് ജനങ്ങള്‍ക്ക് ഉപകാരപ്രദമാവും വിധം പരിഷ്‌കാരം നടത്തിയില്ലെങ്കില്‍ പത്തിന് ശേഷം ബഹുജന പ്രക്ഷോഭം നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മഞ്ചേരി നഗരവുമായി സ്ഥിരം ബന്ധപ്പെടുന്ന കൂട്ടിലങ്ങാടി, ആനക്കയം, മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സര്‍വകക്ഷി ആക്ഷന്‍ കൗണ്‍സിലാണ് ജനവിരുദ്ധ തീരുമാനത്തിനെതിരേ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. വള്ളിക്കാപ്പറ്റയില്‍ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. വിവിധ രാഷ്ട്രീയകക്ഷികളും പങ്കെടുത്തിരുന്നു. ജില്ലാ കലക്ടര്‍, ജില്ലാ പൊലിസ് മേധാവി എന്നിവര്‍ക്ക് ഇതു സംബന്ധിച്ച നിവേദനം നല്‍കിയിട്ടുണ്ട്.
പന്തല്ലൂര്‍, പള്ളിപ്പുറം, കോഴിപ്പറമ്പ്, മങ്കട, പെരിമ്പലം, പള്ളിപ്പുറം, കൂട്ടിലങ്ങാടി, മലപ്പുറം സ്ഥലങ്ങളില്‍ നിന്ന് മഞ്ചേരിയിലേക്ക് പോകുന്ന ബസുകള്‍ ടൗണിലേക്ക് പോവാതെ കച്ചേരിപ്പടി സ്റ്റാന്‍ഡില്‍ നിര്‍ത്തിയിടുകയാണ്. മഞ്ചേരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ പ്രമുഖ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യവസായ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് പോകേണ്ടവര്‍ക്ക് ടൗണിലെത്തണം. എന്നാല്‍ ബസ് സര്‍വീസ് ഈ ബസ് സ്റ്റാന്‍ഡില്‍ അവസാനിപ്പിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് വന്‍ തുക നല്‍കി ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. മൂന്നു പഞ്ചായത്തുകളിലെ കൃഷിക്കാര്‍ ഉല്പന്നങ്ങള്‍ വിറ്റഴിക്കാന്‍ അശ്രയിക്കുന്നത് മഞ്ചേരി ടൗണിനെയാണ്.
ബസ് സര്‍വീസ് ഈ മേഖലകളില്‍ നിന്ന് നഗരത്തിലേക്ക് ഇല്ലാത്തത് കര്‍ഷകരെയും വിദ്യാര്‍ഥികളെയും തൊഴിലാളികളെയും ബാധിക്കുന്നുണ്ട്.
നിവേദനം പരിഗണിക്കാന്‍ തയാറായില്ലെങ്കില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ പ്രക്ഷോഭം പത്തിന് ശേഷം നടക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ആനക്കയം, കൂട്ടിലങ്ങാടി, മങ്കട പ്രസിഡന്റുമാരായ പി.ടി സുനീറ, പി.പി സുഹ്‌റാബി, എം.കെ രമണി വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികളായ പി.കെ അബ്ബാസലി, മോഹന്‍ പുളിക്കല്‍, വി മന്‍സൂര്‍, എന്‍.കെ ഹുസൈന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."