സന്‍സദ് യോജന: കരുളായിയില്‍ സമ്പൂര്‍ണ പത്താംതരം തുല്യതാ പദ്ധതി
മലപ്പുറം: സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയില്‍ പി.വി അബ്ദുല്‍ വഹാബ് എം.പി ദത്തെടുത്ത കരുളായി ഗ്രാമ പഞ്ചായത്തില്‍ സമ്പൂര്‍ണ പത്താം ക്ലാസ് തുല്യതാ പദ്ധതി നടപ്പാക്കുന്നു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയും കേന്ദ്ര സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ ഡയറക്ടറുമായ വൈ.എസ്.കെ സേഷ്‌കുമാര്‍ പദ്ധതി ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. പി.വി അബ്ദുല്‍ വഹാബ് എം.പി അധ്യക്ഷനായിരുന്നു.
വിദ്യാഭ്യാസ മേഖലയില്‍ കേരളം മികച്ച മുന്നേറ്റമാണ് നടത്തിയിട്ടുള്ളതെന്ന് സേഷ് കുമാര്‍ പറഞ്ഞു. പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ സാക്ഷരതാ ശതമാനം ഉയര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. സാക്ഷരതാ രംഗത്തും തൊഴില്‍ നൈപുണ്യ മേഖലയിലും ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും സേഷ്‌കുമാര്‍ ചൂണ്ടിക്കാട്ടി.
പഞ്ചായത്തിലെ 1700 ഓളം വരുന്ന പത്താം ക്ലാസ് വിദ്യാഭ്യാസമില്ലാത്തവര്‍ക്ക് തുല്യതാപഠനത്തിലൂടെ പത്താം ക്ലാസ് യോഗ്യത കൈവരുത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം ഒക്ടോബര്‍ മാസത്തോടെ എല്ലാവര്‍ക്കും പത്താം ക്ലാസ് യോഗ്യത നേടാനാകുമെന്നാണ് പ്രതീക്ഷ.
പഞ്ചായത്തിലെ 1,100 ഓളം ഏഴാം ക്ലാസ് തുല്യത കൈവരിച്ചവര്‍ക്ക് സംസ്ഥാന സാക്ഷരതാ മിഷന്‍ വഴിയും ബാക്കിയുള്ള അറുനൂറോളം പേര്‍ക്ക് ഓപ്പണ്‍ സ്‌കൂള്‍ വഴിയുമാണ് തുല്യതാ വിദ്യാഭ്യാസം നല്‍കുന്നത്.
പഞ്ചായത്തിലെ ആദിവാസികള്‍ക്ക് വിദ്യാഭ്യാസ-തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്ന വിദ്യാപദ്ധതിയും ഇതോടൊപ്പം തുടങ്ങി. 40 ആദിവാസി വനിതകള്‍ക്ക് ബ്യൂട്ടീഷന്‍ പരിശീലനവും 40 പുരുഷന്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ റിപ്പയറിങുമാണ് പരിശീലിപ്പിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ആദിവാസി സമൂഹത്തിന് പുതിയൊരു തൊഴിലവസരമാണ് ലഭ്യമാകുക.
കരുളായി പഞ്ചായത്ത് പ്രസിഡന്റ് വി അസൈനാര്‍, വൈസ് പ്രസിഡന്റ് കെ ഷൈരീഫ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ മനോജ്, ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം യൂനിറ്റ് ഡയറക്ടര്‍ വി ഉമ്മര്‍കോയ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."