പയ്യനാട്ട് ഗതാഗതക്കുരുക്ക് രൂക്ഷം; കുരുക്കഴിക്കാനുള്ള നടപടികള്‍ ഇഴയുന്നു
മഞ്ചേരി: വര്‍ഷങ്ങള്‍ പഴക്കമുള്ള മഞ്ചേരി പയ്യനാട് ഗതാഗത പ്രശ്‌നം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ഗതാഗതക്കുരുക്കഴിക്കാനുള്ള നടപടികള്‍ വേഗത്തിലായിരുന്നുവെങ്കിലും തുടര്‍നടപടികള്‍ ഇഴയുകയാണ്. ടാറിങ് പ്രവൃത്തികള്‍ മന്ദഗതിയിലായതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ കാരണം. തീര്‍ത്തും പൊട്ടിപ്പൊളിഞ്ഞ നിലയിലാണിപ്പോള്‍ പയ്യനാട് റോഡ്.
ഇതോടെ ദീര്‍ഘസമയം വാഹനങ്ങള്‍ കുരുക്കില്‍പ്പെടുന്നതും നിത്യസംഭവമാണ്. റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി പ്രദേശവാസികള്‍ സ്ഥലം വിട്ടുനല്‍കുന്നതടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും ടാറിങ് പ്രവൃത്തികള്‍ വേഗത്തിലാവാത്തതാണ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയിരിക്കുന്നത്. വേനല്‍ തുടങ്ങിയതോടെ റോഡില്‍ ശക്തമായ പൊടി നിറഞ്ഞത് പരിസര വാസികള്‍ക്കും യാത്രകാര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതേസമയം മഴപെയ്തു തുടങ്ങിയാല്‍ റോഡ് കൂടുതല്‍ ചളികുളമാവുകയും ചെയ്യും. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ റോഡിന്റെ ടാറിങ് പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പ് പരിശോധന; പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി
നിലമ്പൂര്‍: നഗരസഭ പരിധിയിലെ വിവിധ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.കെ മുകുന്ദന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് ഹോട്ടലുകളില്‍ പരിശോധന നടത്തിയത്. പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തി നശിപ്പിച്ചു. സ്ഥാപനങ്ങള്‍ക്കെതിരേ തുടര്‍ നടപടിയെടുക്കും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മുഹമ്മദ് ഇക്ബാല്‍, അഭിലാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പരിശോധനകള്‍ കര്‍ശനമാക്കിയതായി നഗരസഭ സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."