തെഹ്‌റാനിലെ സഊദി എംബസി ആക്രമണത്തില്‍ പിടിയിലായ പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ടെത്തി കോടതി വിട്ടയച്ചു
റിയാദ്: കഴിഞ്ഞ ജനുവരിയില്‍ ഇറാനിലെ തെഹ്‌റാന്‍ എംബസ്സി തകര്‍ത്ത കേസില്‍ പിടികൂടിയവരെ കുറ്റക്കാരല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടയച്ചു. കേസില്‍ നേരത്തെ പൊലിസ് പിടികൂടിയ നാല്‍പ്പതിലധികം പേരെയാണ് ഇറാന്‍ കോടതി പ്രതികളല്ലെന്നു പറഞ്ഞു വിട്ടയച്ചതെന്നു ഇറാന്‍ തൊഴില്‍ മന്ത്രാലയ വാര്‍ത്താ ഏജന്‍സി ഇല്‍ന റിപ്പോര്‍ട്ട് ചെയ്തു.
എംബസി ആക്രമണത്തിന് ശേഷം അന്താരാഷ്ട്ര എതിര്‍പ്പുകളെ തുടര്‍ന്ന് നേരത്തെ അറസ്റ്റു ചെയ്ത 45 പേരെയാണ് കോടതി വെറുതെ വിട്ടത്. പുരോഹിത വിഭാഗത്തില്‍ പെട്ട 25 പേരെയും ഇറാനിലെ ബാസിജ് ഗ്രൂപ്പില്‍ പെട്ട 20 പേരെയുമാണ് കോടതി വെറുതെ വിട്ടത്.
കഴിഞ്ഞ ജനുവരിയിലാണ് സഊദി അറേബ്യ മുതിര്‍ന്ന ശീഈ നേതാവടക്കം നാല്‍പ്പതിലധികം ആളുകളെ തീവ്രവാദ കേസില്‍ വധശിക്ഷക്ക് വിധേയമാക്കിയത്. ഇതിനെ തുടര്‍ന്ന് ഇറാനില്‍ സഊദി അറേബ്യക്കെതിരെ രൂക്ഷമായ പ്രതിഷേധം നടക്കുകയും തെഹ്‌റാനിലെ സഊദി എംബസ്സി ഒരു കൂട്ടം അക്രമികള്‍ തകര്‍ക്കുകയും തീവെക്കുകയും ചെയ്തിരുന്നു. ഇതോടെ അന്ത്രാഷ്ട്ര തലത്തില്‍ ഇറാനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയരുകയും വിവിധ രാജ്യങ്ങള്‍ ഇറാനുമായുള്ള നയതന്ത്ര ബന്ധം തന്നെ വിഛേദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അന്ത്രാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പിനെ മറികടക്കാന്‍ ചിലയാളുകളെ അറസ്റ്റു ചെയ്തത്. എന്നാല്‍ ഇവരെയാണ് ഇപ്പോള്‍ പ്രതികളല്ലെന്ന് പറഞ്ഞു കോടതി വെറുതെ വിട്ടത്. ഈ കേസില്‍ 154 ആളുകളെ പിടി കൂടുകയും ചിലയാളുകളെ മൂന്ന് മുതല്‍ ആറ് മാസം വരെ തടവിന് വിധിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."