മണിയെ താക്കീത് ചെയ്തു
തിരുവനന്തപുരം: സി.പി.ഐ മന്ത്രിമാരെ അധിക്ഷേപിച്ച സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എം.എല്‍.എയും ചീഫ് വിപ്പുമായ എം.എം.മണിയെ താക്കീത് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മണിയെ ഫോണില്‍ വിളിച്ച് ഇനി ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കുകയായിരുന്നു. എന്നാല്‍ പ്രസംഗത്തിനിടെ പറഞ്ഞുപോയതാണെന്നും ആവര്‍ത്തിക്കില്ലെന്നും മണി മറുപടി നല്കി.
മണിക്കെതിരേ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, മുഖ്യമന്ത്രി പിണറായി വിജയന്, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് എന്നിവര്‍ക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പരാതി നല്‍കിയിരുന്നു. സര്‍ക്കാര്‍ പ്രതിസന്ധിഘട്ടത്തിലിരിക്കെ സി.പി.എം സെക്രട്ടേറിയറ്റ് അംഗം തന്നെ ഇത്തരത്തില്‍ അധിക്ഷേപവുമായി രംഗത്തുവരുന്നത് ശരിയായ നടപടിയല്ലെന്നും താക്കീത് നല്‍കണമെന്നും കാനം മൂവരോടും ആവശ്യപ്പെട്ടു.
തങ്ങള്‍ക്ക് യോഗ്യരാണെന്നു തോന്നിയതുകൊണ്ടാണ് അവരെ മന്ത്രിയാക്കിയത്. സി.പി.ഐക്ക് അനുവദിച്ച പദവികളില്‍ ആരെ വയ്ക്കണമെന്ന് തീരുമാനിക്കാന്‍ പാര്‍ട്ടിക്ക് അധികാരമുണ്ടെന്നും കാനം പറഞ്ഞു.
മണിക്ക് മറുപടി നല്‍കേണ്ടത്
സി.പി.എമ്മെന്ന് കാനം
തിരുവനന്തപുരം: സി.പി.ഐ മന്ത്രിമാരെ മണ്ടന്മാരെന്ന് അധിക്ഷേപിച്ച സി.പി.എം നേതാവ് എം.എം മണി എം.എല്‍.എക്കെതിരേ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്ത്. എം.എം മണി സി.പി.എമ്മിന്റെ പൊതുരാഷ്ട്രീയം അംഗീകരിക്കാത്ത ആളാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ മണിക്കുള്ള മറുപടി സി.പി.എം നല്‍കണം. സി.പി.ഐ മന്ത്രിമാര്‍ ആരെങ്കിലും മോശക്കാരാണെന്നു സി.പി.എമ്മിനു അഭിപ്രായമില്ലെന്നും മണിയുടെ പരാമര്‍ശം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കാനം പറഞ്ഞു. കര്‍ഷക സംഘം ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടേ ആയിരുന്നു സി.പി.ഐ മന്ത്രിമാരായ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെയും കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിനെയും വകുപ്പുകളുടെ പേരെടുത്തുപറഞ്ഞ് മണി വിമര്‍ശിച്ചത്. ഇടുക്കി ജില്ലയുടെ കാര്യങ്ങളെക്കുറിച്ച് ധാരണയില്ലാതെ മണ്ടത്തരങ്ങള്‍ കാണിക്കുന്ന മന്ത്രിമാര്‍ സര്‍ക്കാരിന് കുഴപ്പമാണെന്നും കാസര്‍കോട്ടെ കാര്യങ്ങള്‍ അറിയാവുന്ന മന്ത്രി ഇടുക്കിയുടെ കാര്യങ്ങളില്‍ വിവരക്കേട് പറയുകയാണെന്നുമായിരുന്നു മണിയുടെ വിവാദ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."