കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍
കളമശ്ശേരി: മാതാപിതാക്കള്‍ ഡേകെയറില്‍ ഏല്‍പ്പിച്ച രണ്ടു വയസുകാരന്‍ ആദവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ രണ്ട് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേരെ ഏലൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു.
കുറ്റിക്കാട്ടുകര അവര്‍ ലേഡി ഓഫ് കോണ്‍വെന്റിലെ സ്റ്റെല്ലാ മേരീസ് ഡേ കെയര്‍ ഇന്‍ ചാര്‍ജ് സിസ്റ്റര്‍ രമ്യ, സഹായി സിസ്റ്റര്‍ മരിയ തങ്കം, ഡേ കെയറിലെ ആയ കുഞ്ഞമ്മ പാപ്പച്ചന്‍ എന്നിവരെയാണ് ഏലൂര്‍ എസ്.ഐ എസ്.എല്‍ പ്രേംലാല്‍ ഇന്നലെ അറസ്റ്റ് ചെയ്തത്. 304 എ 34 ഐ.പി.സി വകുപ്പനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. ഇവരെ ചോദ്യംചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു.
സ്റ്റെല്ലാ മേരീസ് ഡേ കെയറില്‍ പരിചരണത്തിന് ഏല്‍പ്പിച്ചിരുന്ന ആദവ് കടുങ്ങല്ലൂര്‍ കയന്റിക്കര വലിയ മാക്കല്‍ വീട്ടില്‍ രാജേഷ്, രശ്മി ദമ്പതികളുടെ ഏക മകനായിരുന്നു. ബുധനാഴ്ച ഉച്ചക്കുശേഷം ആദവിനെ ഡേ കെയറിന് സമീപമുള്ള പെരിയാറില്‍ മരിച്ചനിലയില്‍ കണ്ടുവെന്നാണ് ഡേ കെയര്‍ അധികൃതര്‍ ഏലൂര്‍ പൊലിസില്‍ മൊഴി നല്‍കിയിരുന്നത്.
ആദവിന്റെ ദുരൂഹ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ ഡേ കെയറിന് സമീപം ഏലൂര്‍ ഫാക്ട് റോഡ് ഉപരോധിച്ചിരുന്നു.
അതേസമയം ഡേ കെയറില്‍ പരിചരണത്തിന് ഏല്‍പ്പിച്ച രണ്ടു വയസുകാരനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഡേ കെയര്‍ സെന്റര്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ പി.മോഹനദാസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."