ഭോപാല്‍ സംഭവം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
ഭോപ്പാല്‍: ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും സിമി പ്രവര്‍ത്തകര്‍ ജയിലല്‍ ചാടിയതും അവരെ വെടിവച്ച് കൊന്നതുമായ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.
വിരമിച്ച ഹൈക്കോടതി ജഡ്ജി എസ്.കെ പാണ്ഡേ അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. കനത്ത സുരക്ഷാ സജ്ജീകരണങ്ങളുള്ള ഭോപാല്‍ ജയിലില്‍ നിന്നും പ്രതികള്‍ രക്ഷപ്പെട്ടതും അതിനുശേഷം നടന്ന ഏറ്റുമുട്ടലും ഉള്‍പ്പെടെ എല്ലാ വശങ്ങളും അന്വേഷണത്തില്‍ ഉള്‍പ്പെടും.
ജയില്‍ ചാട്ടവും വെടിവയച്ചു കൊല്ലലും ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാവുകയും ദുരൂഹത മാറ്റണമെന്ന ആവശ്യം ഉയരുകയും ചെയ്തിരുന്നു.
എന്നാല്‍ ജയില്‍ ചാട്ടത്തെക്കുറിച്ചു മാത്രമേ അന്വേഷണം നടത്തൂവെന്നും ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷിക്കില്ലെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി പ്രസ്താവന ഇറക്കിയിരുന്നു. പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുകയായിരുന്നു. പ്രതികള്‍ക്ക് ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ സഹായം ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചും അന്വേഷണം നടക്കും.
ഒരു സബ് ജയിലറും രണ്ടു ഗാര്‍ഡുകളും അന്വേഷണ പരിധിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജയിലിലെ ഒരു സിമി നേതാവിനെ എ ബ്ലോക്കില്‍ നിന്നും ബി ബ്ലോക്കിലേക്ക് സീനിയര്‍ ഉദ്യോഗസ്ഥര്‍ അറിയാതെ മാറ്റിയ സംഭവവും അന്വേഷിക്കും.
17 പേരുണ്ടായിരുന്ന ബി ബ്ലോക്കില്‍ നിന്നും സുരക്ഷാ ഗാര്‍ഡ് രാം ശങ്കര്‍ യാദവിനെ കൊലപ്പെടുത്തിയതിന് ശേഷമാണ് എട്ടു പേര്‍ രക്ഷപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. ജയിലിലെ സെല്ലുകളുടെ പൂട്ടുകള്‍ എല്ലാ രാത്രികളിലും മാറ്റാറുണ്ട്.
അതിനാല്‍ പ്രതികള്‍ സെല്ലുകളില്‍ നിന്നും രക്ഷപ്പെട്ടതെങ്ങനെ എന്നും വിശദീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല. പ്രതികള്‍ രക്ഷപ്പെടുന്ന സമയം ജയിലിലെ 80 ഗാര്‍ഡുകള്‍ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നില്ല.
പകരം ഇവര്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ജയില്‍ മന്ത്രി കുസും മെഹ്‌ദേല, മറ്റു ജയില്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ വീടുകളിലും ഓഫിസുകളിലും ജോലിയിലായിരുന്നു.
3300 തടവുകാരാണ് ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലുള്ളത്. എന്നാല്‍ ഗാര്‍ഡുകളുടെ എണ്ണം 139 ഉം. അതിനിടെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടന്ന ആചാര്‍പുര ഗ്രാമനിവാസികള്‍ക്ക് 40 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രംഗത്തെത്തിയതും വിവാദമായി. ധനസഹായ പ്രഖ്യാപനം കൊലപാതകം നേരിട്ടുകണ്ടവരെ സ്വാധീനിക്കാനാണെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.
ഏറ്റുമുട്ടലില്‍ പൊലിസിനെ സഹായിച്ച ഗ്രാമവാസികള്‍ക്കാണ് മുഖ്യമന്ത്രി 40 ലക്ഷം ധനസഹായം പ്രഖ്യാപിച്ചത്. പണം ഇവര്‍ക്ക് വീതിച്ചു നല്‍കുമെന്നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."