റണ്‍വേ-ഏപ്രണ്‍ വിമാനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ ഡി.ജി.സി.എ അനുമതി
കൊണ്ടോട്ടി: കരിപ്പൂരില്‍ മൂന്നുവര്‍ഷം മുന്‍പ് ഒരുക്കിയ വിമാനങ്ങള്‍ നിര്‍ത്തിയിടുന്ന റണ്‍വേ-ഏപ്രണ്‍ തുറന്നുകൊടുക്കാന്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) അനുമതി. ഡി.ജി.സി.എ ദില്ലി കേന്ദ്രകാര്യാലയത്തില്‍ നിന്നു ഇതുസംബന്ധിച്ചുളള സന്ദേശം ലഭിച്ചിട്ടുണ്ടെന്നും, അനുമതിപത്രം അടുത്തദിവസം എത്തുമെന്നും എയര്‍പോര്‍ട്ട് ഡയരക്ടര്‍ കെ. ജനാര്‍ദ്ദനന്‍ പറഞ്ഞു. 2013ല്‍ കരിപ്പൂരില്‍ പൂര്‍ത്തിയായ പുതിയ റണ്‍വേ ഏപ്രണ്‍ ഡി.ജി.സി.എ അനുമതി ലഭിക്കാത്തതിനാലാണ് തുറന്നു പ്രവര്‍ത്തിക്കാനാവാതെ കിടക്കുന്നത്. രണ്ടുവിമാനങ്ങള്‍ നിര്‍ത്തിയിടാനുളള സൗകര്യം പുതിയ ഏപ്രണിലുണ്ട്.
കരിപ്പൂരില്‍ 10 വിമാനങ്ങള്‍ നിര്‍ത്തിയിടാനുളള റണ്‍വേ-ഏപ്രണ്‍ ആണ് നിലവിലുളളത്. എന്നാല്‍ വിമാനങ്ങള്‍ ഒന്നിച്ചെത്തുന്നതോടെ ഏപ്രണില്‍ സൗകര്യമില്ലാതെ വിമാനങ്ങള്‍ റണ്‍വേയിലും, ബോംബ് ഭീഷണിയുളള വിമാനങ്ങള്‍ നിര്‍ത്താനായി സജ്ജീകരിച്ച ഐസുലേഷന്‍ ബേയിലുമായി നിര്‍ത്തിയിടേണ്ട അവസ്ഥയാണുളളത്. ഇതിനെ തുടര്‍ന്നാണ് മൂന്നുവര്‍ഷം മുന്‍പ് നിലവിലുളള ഏപ്രണിനോടു ചേര്‍ന്ന് പുതിയത് ഒരുക്കിയത്. പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ ഏപ്രണില്‍ രണ്ടുവിമാനങ്ങള്‍ നിര്‍ത്താനുളള സൗകര്യത്തോടെ ഡി.ജി.സി.എയുടെ അനുമതി കാത്തുകിടക്കുകയായിരുന്നു.
എയര്‍പോര്‍ട്ട് അതോറിറ്റി ലക്ഷങ്ങള്‍ മുടക്കിയാണ് കരിപ്പൂരില്‍ റണ്‍വേ-ഏപ്രണ്‍ നിര്‍മിച്ചത്. തുടര്‍ന്നു ഡല്‍ഹിയിലെ ഡി.ജി.സി.എ കാര്യാലയത്തില്‍നിന്ന് അനുമതിക്കായി അപേക്ഷ അയച്ചെങ്കിലും ഇത് നിരാകരിച്ചു. ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നായിരുന്നു ഡി.ജി.സി.എയുടെ നിലപാട്. പിന്നീട് വീണ്ടും നിര്‍ദേശങ്ങള്‍ പാലിച്ച് അനുമതിക്ക് അപേക്ഷിച്ചിട്ടും ഇതുവരെ അനുമതി ലഭിച്ചിരുന്നില്ല.
കഴിഞ്ഞദിവസം വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് എത്തിയ ഡി.ജി.സി.എ ഉദ്യോഗസ്ഥര്‍ പുതിയ ഏപ്രണ്‍ വീണ്ടും പരിശോധിച്ച് കേന്ദ്രകാര്യാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കരിപ്പൂരില്‍ റണ്‍വേ-റീ-കാര്‍പ്പറ്റിങ് പ്രവൃത്തികള്‍ അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാവും. ഇതോടെ കൂടുതല്‍ വിമാനങ്ങള്‍ കരിപ്പൂരിലെത്തും. പുതിയ ഏപ്രണ്‍ തുറക്കുന്നതോടെ വിമാന പാര്‍ക്കിങ് പ്രശ്‌നങ്ങള്‍ക്ക് അറുതിയാവും.
വിമാനക്കമ്പനികള്‍ കൂട്ടത്തോടെ കരിപ്പൂരിലേക്ക്
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഗള്‍ഫ് മേഖലയിലേക്ക് സര്‍വിസ് നടത്താന്‍ വിമാനക്കമ്പനികള്‍ കൂട്ടത്തോടെ എത്തുന്നു. എയര്‍ഇന്ത്യ എക്‌സ്പ്രസ്, ഇത്തിഹാദ്, സ്‌പൈസ് ജെറ്റ്, ജെറ്റ് എയര്‍വെയ്‌സ് തുടങ്ങിയവായാണ് പുതിയ സെക്ടറിലേക്ക് കരിപ്പൂരിലേക്ക് അനുമതി കാത്തുനില്‍ക്കുന്നത്. നാല് മാസത്തിനിടെ നാല് വിമാനക്കമ്പനികളാണ് പുതിയ സര്‍വിസിന് കരിപ്പൂരിലെത്തുന്നത്. ഇവിടെനിന്നു ജെറ്റ് എയര്‍ വിമാനത്തിന്റെ ഷാര്‍ജ സര്‍വിസ് കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു.
ഡിസംബര്‍ രണ്ടുമുതലാണ് റിയാദ് സെക്ടറിലേക്ക് എയര്‍ഇന്ത്യാ എക്‌സ്പ്രസ് സര്‍വിസ് ആരംഭിക്കുന്നത്. ബോയിങ് 737 ഇനത്തില്‍പ്പെട്ട വിമാനം 185 യാത്രക്കാരെ ഉള്‍ക്കൊളളുന്നതാണ്. ഞായര്‍, തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളിലാണ് റിയാദ് സര്‍വിസ്. റിയാദില്‍നിന്ന് ഉച്ചക്ക് 1.15 പുറപ്പെടുന്ന വിമാനം രാത്രിയോടെ കരിപ്പൂരിലെത്തും. രാവിലെ 9.15ന് കരിപ്പൂരില്‍ നിന്ന് റിയാദിലേക്ക് യാത്രക്കാരുമായി മടങ്ങും.
കരിപ്പൂര്‍-മുബൈ-ജിദ്ദ കണക്ഷന്‍ സര്‍വിസിനാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് ശ്രമിക്കുന്നത്. മുംബൈയില്‍ കാത്തിരിപ്പ് അധികമില്ലാതെ സര്‍വിസ് ആരംഭിക്കാനാണ് എയര്‍ഇന്ത്യയുടെ തീരുമാനം. ആഴ്ചയില്‍ നാലു സര്‍വിസുകളുണ്ടാകും. എന്നാല്‍ ജെറ്റ് എയര്‍വെയ്‌സ് നേരിട്ട് പറക്കാനുളള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി വിമാനക്കമ്പനി എയര്‍പോര്‍ട്ട് അതോറിറ്റിയേയും വ്യോമയാന മന്ത്രാലയത്തേയും സമീപിച്ചിട്ടുണ്ട്. രണ്ടു വിമാനക്കമ്പനികളും ഡിസംബറില്‍ സര്‍വിസ് ആരംഭിക്കും.
കരിപ്പൂര്‍-ദുബൈ സര്‍വിസാണ് സ്‌പൈയ്‌സ് ജെറ്റ് ആരംഭിക്കുന്നത്. മാര്‍ച്ച് അവസാനത്തില്‍ സര്‍വിസ് തുടങ്ങും. ഇത്തിഹാദ് ദുബൈ സര്‍വിസും മാര്‍ച്ചിലാണ് ആരംഭിക്കുന്നത്. ജിദ്ദ കണക്ഷന്‍ സര്‍വിസാണ് പ്രധാനമായും വിമാനക്കമ്പനി ലക്ഷ്യമിടുന്നുണ്ട്. കരിപ്പൂരില്‍ റണ്‍വേ റീ-കാര്‍പ്പറ്റിങ് പ്രവൃത്തികള്‍ ഡിസംബറില്‍ പൂര്‍ത്തിയാവും. ഇതോടെ പകല്‍ റണ്‍വേയിലേക്ക് വിമാനങ്ങള്‍ക്കുളള എട്ടുമണിക്കൂര്‍ നിയന്ത്രണവും പിന്‍വലിക്കും. ഇതോടെ കരിപ്പൂര്‍ 24 മണിക്കൂര്‍ പ്രവൃത്തിക്കുന്ന വിമാനത്താവളമായി വീണ്ടും മാറും. അടുത്ത വര്‍ഷം ഹജ്ജ് സര്‍വിസും കരിപ്പൂരില്‍നിന്ന് നടത്താനുളള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."