എ.എഫ്.സി കപ്പ് ഫൈനല്‍ ഇന്ന്; ചരിത്ര വിജയത്തിനരികെ ബംഗളൂരു എഫ്.സി
ദോഹ: ചരിത്ര വിജയത്തിന്റെ തൊട്ടരികിലാണ് ബംഗളൂരു എഫ്.സി. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ആ പേര് എഴുതപ്പെട്ടു കഴിഞ്ഞു. ഇനി ഒരു ജയം മാത്രം മതി അത് ഉറപ്പിക്കാന്‍. എ.എഫ്.സി കപ്പ് ഫൈനലില്‍ ഇറാഖ് എയര്‍ ഫോഴ്‌സ് ക്ലബ് അല്‍ ഖ്വവ അല്‍ ജാവിയ ടീമിനെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്നത് ബംഗളൂരു എഫ്.സി കപ്പ് നേടുന്നതിന്റെ സുവര്‍ണ നിമിഷത്തിനായാണ്. ചരിത്രത്തിലാദ്യമായി എ.എഫ്.സി കപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ടീമെന്ന പെരുമ സ്വന്തം പേരില്‍ ചേര്‍ത്ത ബംഗളൂരു ഇന്നു രാത്രി ഇന്ത്യന്‍ സമയം 9.30 നാണ് ഇറാഖ് എയര്‍ഫോഴ്‌സ് ക്ലബ്ബുമായി ഏറ്റുമുട്ടുന്നത്.
ബംഗളൂരു എഫ്.സി സെമിയുടെ ഇരു പാദങ്ങളിലായി രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് നിലവിലെ ചാംപ്യന്മാരായ മലേഷ്യയിലെ ജോഹര്‍ ദാറുല്‍ തസിമിനെ പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്. മലേഷ്യയില്‍ നടന്ന ആദ്യപാദ സെമി ഫൈനലില്‍ ഓരോ ഗോള്‍ വീതം നേടി ഇരു ടീമുളും ഒപ്പത്തിനൊപ്പമായിരുന്നു. രണ്ടാം പാദത്തില്‍ സ്വന്തം മണ്ണില്‍ ബംഗളൂരു 3-1നാണ് മലേഷ്യന്‍ ക്ലബിനെ മലര്‍ത്തിയടിച്ചത്. ഇറാഖ് ടീം ലബനാനില്‍ നിന്നുള്ള അല്‍ അഹദിനെ ഇരു പാദങ്ങളിലായി 4-3നു കീഴ്‌പ്പെടുത്തിയാണ് കലാശപ്പോരിനെത്തുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പുകളിലൊന്നണ് എ.എഫ്.സി കപ്പ്.
1962ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയംസില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം സ്വര്‍ണം നേടിയതു മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യയില്‍ നിന്നു മറ്റൊരു ടീമും അന്താരാഷ്ട്ര വേദിയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടില്ല. 2003ല്‍ അസിയാന്‍ കപ്പില്‍ ഈസ്റ്റ് ബംഗാളിനു മുത്തമിടാന്‍ സാധിച്ചിരുന്നെങ്കിലും തെക്കു- കിഴക്കന്‍ ഏഷ്യയിലെ പത്തു രാജ്യങ്ങളിലെ ടീം മാത്രമാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. മറ്റൊന്നു ഈസ്റ്റ് ബംഗാളിനെ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുപ്പിക്കുകയായിരുന്നു. ആ നിലയില്‍ ഇന്നു കപ്പ് നേടാന്‍ ബംഗളൂരുവിനു സാധിച്ചാല്‍ അത് ഇന്ത്യന്‍ ഫുട്‌ബോളിനെ തന്നെ മാറ്റിമറിക്കാന്‍ സാധിക്കുന്ന വിജയമായി മാറും.
2013ല്‍ മാത്രം നിലവില്‍ വന്നു മൂന്നു വര്‍ഷം കൊണ്ട് ഇന്ത്യന്‍ ഫുട്‌ബോളില്‍ വിപ്ലവം സൃഷ്ടിച്ച ടീമാണ് ബംഗളൂരു. ആദ്യ വരവില്‍ തന്നെ ഐ ലീഗ് ചാംപ്യന്‍മാരായ ബംഗളൂരു ഇക്കഴിഞ്ഞ സീസണിലും കിരീടം നേടി. മൂന്നു വര്‍ഷത്തിനിടെ രണ്ട് ഐ ലീഗ് കിരീടങ്ങളും ഒരു ഫെഡറേഷന്‍ കപ്പ് നേട്ടവുമാണ് ടീമിന്റെ സമ്പാദ്യം. ഇപ്പോള്‍ എ.എഫ്.സി കപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ടീമെന്ന പെരുമയും. നേരത്തെ ഡെംപോ 2008ലും ഈസ്റ്റ് ബംഗാള്‍ 2013ലും എ.എഫ്.സി കപ്പിന്റെ സെമിയിലെത്തിയതായിരുന്നു മുന്‍പത്തെ നേട്ടങ്ങള്‍. രണ്ടു വര്‍ഷം ആഷ്‌ലി വെസ്റ്റ്‌വുഡിന്റെ പരിശീലനത്തിലാണ് ബംഗളൂരു നേട്ടങ്ങള്‍ കൊയ്തതെങ്കില്‍ ഇത്തവണ സ്പാനിഷ് പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്കോയാണ് ടീമിനെ പരിശീലിപ്പിക്കുന്നത്.
സുനില്‍ ഛേത്രിയാണ് ബംഗളൂരുവിന്റെ നായകന്‍. നാലു വിദേശ താരങ്ങള്‍ മാത്രമാണ് ബംഗളൂരുവില്‍ കളിക്കുന്നത്. ബാക്കി ഇന്ത്യന്‍ താരങ്ങളാണ്. സ്പാനിഷ് താരങ്ങളായ ജൗനാന്‍, അല്‍വരോ റുബിയോ, ഇംഗ്ലീഷ് താരം ജോണ്‍ ജോണ്‍സന്‍, ആസ്‌ത്രേലിയന്‍ താരം കാമറോണ്‍ വാട്‌സന്‍. മലയാളത്തിന്റെ അഭിമാനങ്ങളായി സി.കെ വിനീത്, റിനോ ആന്റോ എന്നീ താരങ്ങളുടെ സാന്നിധ്യവും ടീമിലുണ്ട്. വെസ്റ്റ്‌വുഡ് പ്രതിരോധത്തിനു പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് വാര്‍ത്തെടുത്തതെങ്കില്‍ റോക്കോ ആക്രമണത്തില്‍ വിശ്വസിക്കുന്നു. അതേസമയം കടന്നാക്രമണത്തിനു പകരം മനോഹരമായ പാസിങ് ഗെയിം കളിച്ചാണ് ബംഗളൂരു ഇപ്പോള്‍ വിജയങ്ങള്‍ പിടിക്കുന്നത്. ബാഴ്‌സലോണയുടെ മുന്‍ സഹ പരിശീലകനാണ് റോക്ക.
ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിങ് സസ്പന്‍ഷനെ തുടര്‍ന്നു കളിക്കില്ല എന്നതു മാത്രമാണ് ബംഗളൂരുവിനെ ആശങ്കപ്പെടുത്തുന്നത്. പകരം ലാല്‍തുമ്മാവിയ റാല്‍റ്റെയാണ് വല കാക്കുന്നത്.
16,000 പേര്‍ക്ക് കളി കാണാന്‍ സൗകര്യമുള്ള ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബിലാണ് മത്സരം. നേരത്തെ ദോഹ ഹമദ് അന്താരഷ്ട്ര വിമാനത്താവളത്തലെത്തിയ ഇന്ത്യന്‍ ടീമിനെ ഖിയ ഭാരവാഹികള്‍ ചേര്‍ന്നു സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."