ചര്‍മം സംരക്ഷിക്കും മധുരനാരങ്ങ
ഒരിക്കല്‍ സാധാരണക്കാരന്റെ ഭക്ഷണവും പാനീയവുമൊക്കെയായിരുന്നു ഓറഞ്ച്. പക്ഷേ ഇന്ന് സാധാരണക്കാരുടെ കീശയ്ക്കു താങ്ങാനാവാത്ത ഒരു പഴമായി മാറിയിരിക്കുന്നു അത്. ഒട്ടുവളരെ അസുഖങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കുമെതിരേ ഫലപ്രദമായി പ്രയോഗിക്കപ്പെട്ടിരുന്ന ഓറഞ്ചിനെ മറ്റൊരു ദുര്യോഗം കൂടി പിടികൂടിയിട്ടുണ്ട്. പാകമെത്തുന്നതിനു മുമ്പ് പറിച്ചെടുത്ത് കൃത്രിമമായി പഴുപ്പിക്കുകയും ദീര്‍ഘകാലം ചീഞ്ഞുപോകാതെയിരിക്കാന്‍ രാസവസ്തുക്കള്‍ തളിക്കുന്നതുമാണ് ഈ പ്രവണതകള്‍. എന്നിരുന്നാലും സീസണുകളില്‍ നല്ല ഓറഞ്ച് മിതമായ വിലയില്‍ ലഭിക്കുന്നുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ഓറഞ്ചിന്റെ വിവിധ ഉപയോഗം വഴി പോഷകങ്ങള്‍ ശരീരത്തിന് ലഭ്യമാക്കാവുന്നതാണ്.
റുട്ടേസി സസ്യകുടുംബത്തിലെ അംഗമാണ് ഓറഞ്ച്. ഈ നിത്യഹരിത ഫലവൃക്ഷത്തിന്റെ ജന്‍മദേശം ഏഷ്യയിലെ ഉഷ്ണമേഖലയാണ്. ചൂടും തണുപ്പും വളരെ പ്രകടമായ കാലാവസ്ഥയാണ് ഇതിന് ഏറ്റവും യോജിച്ചത്. അതിപുരാതനകാലത്തുതന്നെ ഓറഞ്ച് ആഫ്രിക്കയിലേക്കും മെഡിറ്ററേനിയന്‍ മേഖലകളിലേക്കും കുടിയേറി. കൊളംബസിന്റെ കാലത്ത് യൂറോപ്പിലേക്കും കടന്നുചെന്നു.
പതിനാറാം നൂറ്റാണ്ടില്‍ മാത്രമാണ് ഓറഞ്ച് അമേരിക്കയിലെത്തിയതെങ്കിലും ഉല്‍പാദനത്തില്‍ ഇന്ന് ഒന്നാംസ്ഥാനം അമേരിക്കയ്ക്കാണ്. ഭാരതത്തില്‍ മധുരനാരങ്ങ പ്രധാനമായും ഉല്‍പ്പാദിപ്പിക്കുന്നത് മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ്. കേരളത്തിലെ മുഖ്യ കൃഷികേന്ദ്രം നെല്ലിയാമ്പതി ആണ്. വയനാട്ടിലും ഓറഞ്ചുകൃഷിയുണ്ട്. ഓറഞ്ചിന്റെ 67% ഭാഗവും ഭക്ഷ്യയോഗ്യമാണ്.
ഔഷധഗുണങ്ങള്‍
മോണപഴുപ്പ്, മോണയില്‍ നിന്നുള്ള രക്തസ്രാവം എന്നിവക്കെതിരേ നല്ല ഒരു ഔഷധമാണ് ഓറഞ്ചുനീര്. ഓറഞ്ചുനീരില്‍ വൈറ്റമിന്‍ ‘സി’ ധാരാളമുള്ളതുകൊണ്ട് പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് ഉത്തമമാണ്.
ജലദോഷമുള്ളപ്പോള്‍ ഓറഞ്ചുനീരു കഴിച്ചുനോക്കൂ, ശമനമുണ്ടാകും തീര്‍ച്ച. അജീര്‍ണത്തിനും പനിക്കും ഓറഞ്ചുനീരില്‍ കുറച്ച് കല്‍ക്കണ്ടവും ഏലത്തരിയും പൊടിച്ചിട്ട് കഴിച്ചാല്‍ ശമനമുണ്ടാകും.
ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ ഓറഞ്ചുനീരിന് കഴിയുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ദിവസവും ഓറഞ്ചനീരു നല്‍കിയാല്‍ കുട്ടികളുടെ പല രോഗങ്ങളും ശമിക്കുകയും രോഗ പ്രതിരോധശേഷി വര്‍ധിക്കുകയും ചെയ്യും. ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ച് തേനില്‍ കൊടുത്താല്‍ വിരശല്യം കുറയും.
ചുമ, ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍, ക്ഷയരോഗം എന്നിവയ്‌ക്കെല്ലാം ഓറഞ്ചുനീര് അത്യുത്തമമാണ്. ഒരു ഗ്ലാസ് ഓറഞ്ചുനീരില്‍ കാല്‍ഭാഗം ഒലിവെണ്ണ ചേര്‍ത്തുകഴിച്ചാല്‍ ശ്വാസകോശ രോഗങ്ങള്‍ ഭേദമാകും.
ി ആരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാവാന്‍ പ്രകൃതിദത്തമായ ഒരു മാര്‍ഗമെന്നനിലയ്ക്ക് ഗര്‍ഭിണികള്‍ക്ക് നിത്യേന ഓറഞ്ചുനീര് കൊടുക്കാറുണ്ട്.
ഓറഞ്ചിന്റെ തൊലി (തോട്) ഒരു സൗന്ദര്യ വര്‍ധക വസ്തുവാണെന്ന് എത്ര പേര്‍ക്കറിയാം..? ഓറഞ്ചിന്റെ തോട് ഉണക്കി പൊടിച്ച് അല്‍പം പാലും ചെറുനാരങ്ങനീരും ചേര്‍ത്ത് കുഴമ്പാക്കി മുഖത്തു പുരട്ടിയാല്‍ കാന്തിയും ചര്‍മ്മത്തിന് ആരോഗ്യവും ലഭിക്കും. ഓറഞ്ചിന്റെ തൊലിയില്‍ അടങ്ങിയിരിക്കുന്ന വാതകരൂപത്തിലുള്ള എണ്ണയാണ് ഇതിനുകാരണം.
വരണ്ട ചര്‍മ്മമുള്ളവര്‍ വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ പഞ്ഞി ഓറഞ്ചുനീരില്‍ നനച്ച് മുഖത്ത് തടവുക. ചര്‍മം മൃദുവാകും. ശരീരത്തില്‍ ഉപ്പിന്റെ ആധിക്യം മൂലമുണ്ടാകുന്ന ദോഷങ്ങള്‍ പരിഹരിക്കാന്‍ ഓറഞ്ചുനീരിനു കഴിയും.
രക്തപുഷ്ടിയുണ്ടാവാന്‍ ടോണിക്കുകള്‍ തേടി നടക്കുന്നവര്‍ ഒരു കാര്യം ശ്രദ്ധിക്കുക. രക്തപുഷ്ടിക്ക് പ്രകൃതി തന്നെ നല്‍കിയിട്ടുള്ള സിദ്ധൗഷധമാണ് മധുരനാരങ്ങ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."