പ്രതിഷേധത്തിനും കെ- ടെറ്റിനും ഇടയില്‍ ഇന്ന് ക്ലസ്റ്റര്‍ പരിശീലനം
കാസര്‍കോട്: ആറാം പ്രവൃത്തിദിവസത്തെ ചൊല്ലിയുള്ള പ്രതിഷേധങ്ങള്‍ക്കും കെ -ടെറ്റ് പരീക്ഷയ്ക്കും ഇടയില്‍ ഇന്ന് അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം. പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ബഹിഷ്‌കരണത്തിനിടയിലാണ് പരിശീലനം നടക്കുന്നത്.
അഞ്ച് ദിവസത്തെ ക്‌ളാസിന് ശേഷം വരുന്ന ആറാം പ്രവൃത്തിദിനത്തില്‍ ക്ലസ്റ്റര്‍ പാടില്ലെന്ന് നേരത്തെയുള്ള ധാരണ കാറ്റില്‍ പറത്തിയാണ് ക്ലസ്റ്റര്‍ നടത്തുന്നതെന്ന് യു.ഡി.എഫ് അനുകൂല അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഇവരുടെ ബഹിഷ്‌കരണത്തിനൊപ്പം പുതുതായി നിയമനം ലഭിച്ച എയ്ഡഡ് അധ്യാപകരെല്ലാം ഇന്ന് കെ- ടെറ്റ് പരീക്ഷ എഴുതാന്‍ പോകും
. ഇത് കാരണം ഫലത്തില്‍ ക്ലസ്റ്റര്‍ പ്രഹസനമാകാനാണ് സാധ്യത. ഇതിനിടയില്‍ കെ- ടെറ്റ് നടത്തിപ്പ് ചുമതല ഹയര്‍സെക്കന്‍ഡറി അധ്യാപകരെ ഏല്‍പ്പിച്ചിട്ടുണ്ട്. പ്രൈമറി, ഹൈസ്‌കൂള്‍ അധ്യാപകര്‍ പരീക്ഷാ ഡ്യൂട്ടിക്ക് പോയാല്‍ അത് ക്ലസ്റ്ററിനെ പ്രതികൂലമായി ബാധിക്കും എന്നതിനാലാണ് ഇത്തരത്തിലൊരു തീരുമാനം.
രാവിലെയും ഉച്ചയ്ക്കുമായാണ് കെ -ടെറ്റ് എല്‍.പി, യു.പി പരീക്ഷകള്‍ നടക്കുന്നത്. എല്ലാ അധ്യാപകരും ക്ലസ്റ്റര്‍ ശില്‍പശാലയില്‍ പങ്കെടുക്കുന്നുവെന്നു പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തണമെന്ന നിര്‍ദേശം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിലെ റവന്യൂ ജില്ലാ, വിദ്യാഭ്യാസ ജില്ലാ, ഉപജില്ലാ ഓഫിസര്‍മാര്‍, ആര്‍. എം. എസ്. എ, എസ്. എസ്. എ ,ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍ എന്നിവര്‍ക്ക് മോണിറ്ററിങ് ചുമതലയും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."