കാര്‍ഷിക കര്‍മസേന രൂപീകരണം: പദ്ധതിക്ക് കേന്ദ്ര അംഗീകാരം
ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയിലെ ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കാര്‍ഷിക കര്‍മ സേന രൂപീകരിക്കുന്ന പദ്ധതിക്കു കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. കേന്ദ്ര നൈപുണ്യ വികസന മന്ത്രി രാജീവ് പ്രതാപ് റൂഡിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ഉയര്‍ന്ന കൂലിയാണ് സംസ്ഥാനത്തെ കാര്‍ഷിക മേഖല നേരിടുന്ന പ്രധാന പ്രശ്‌നം. ഇത് പരിഹരിക്കാന്‍ കര്‍മസേനയിലെ അംഗങ്ങളായ തൊഴിലാളികള്‍ക്ക് യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലനം നല്‍കും.
അതോടൊപ്പം താല്‍പര്യമുള്ള കര്‍ഷകര്‍ക്കും ഇത്തരം യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലനം നല്‍കും. വിദഗ്ധപരിശീലനം കിട്ടിയ തൊഴിലാളികളെ ഉപയോഗിച്ചോ കാര്‍ഷിക ഉപകരണങ്ങള്‍ വാടകയ്‌ക്കെടുത്തോ ആളുകള്‍ക്ക് കൃഷി ചെയ്യാനാവുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. കാര്‍ഷിക ഉല്‍പാദനം കൂട്ടുന്നതിന് വേണ്ടി കൃഷിരീതികള്‍ കൂടുതല്‍ ആധുനികവല്‍കരിക്കും.
ഇതിനായി കെയ്‌കോ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. നൈപുണ്യ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നോഡല്‍ ഓഫിസറെ നിയമിക്കും.
നൈപുണ്യ വികസന കാര്യങ്ങള്‍ക്ക് കേന്ദ്രം പണം നല്‍കാന്‍ തയാറാണെന്നു കേന്ദ്രമന്ത്രി അറിയിച്ചതായി സുനില്‍കുമാര്‍ പറഞ്ഞു. ഈ പദ്ധതിയുടെ ഭാഗമായി റബ്ബര്‍ ടാപ്പിങ് തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ നൈപുണ്യ വികസന കാര്യങ്ങളില്‍ പങ്കാളിയാവുമെന്ന് രാജീവ് പ്രതാപ് റൂഡി കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
കേരളത്തിലെ 14 ജില്ലകളിലും തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ആഗ്രോ പാര്‍ക്കുകള്‍ക്ക് നബാര്‍ഡിന്റെ സാമ്പത്തിക സഹായവും കണ്‍സള്‍ട്ടന്‍സി സേവനവും നല്‍കാനും നബാര്‍ഡ് കണ്‍സള്‍ട്ടന്‍സി (നാപ്‌കോണ്‍സ്) പ്രതിനിധികളുമായി മന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായി.
നബാര്‍ഡുമായി ചേര്‍ന്ന് സാമ്പത്തിക കാര്യങ്ങള്‍, ഉപദേശം, സേവനങ്ങള്‍ എന്നീ കാര്യങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കും.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ വാപ്‌കോസ് ലിമിറ്റഡിന്റെ വാട്ടര്‍ ഷെഡ് പദ്ധതി, ഫാം യന്ത്രവല്‍കൃത പദ്ധതി എന്നിവയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഗ്രാന്റ് ലഭ്യമാക്കാനും കണ്‍സള്‍ട്ടേഷന്‍ നടത്തുന്നതിനും വാപ്‌കോസ് മാനേജിങ് ഡയറക്ടര്‍ എച്ച്.കെ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രിയുമായും വാപ്‌കോസ്, നാപ്‌കോണ്‍സ് ഉദ്യോഗസ്ഥരുമായുമുള്ള കൂടിക്കാഴ്ചയില്‍ കാര്‍ഷിക ഉല്‍പ്പാദന കമ്മിഷണര്‍ ഡോ.രാജു നാരായണ സ്വാമി, കൃഷി ഡയറക്ടര്‍ ബിജു പ്രഭാകര്‍, കെയ്‌കോ എം.ഡി പി. സുരേഷ് ബാബു എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."