സ്ത്രീ സുരക്ഷയ്ക്കുള്ള പ്രത്യേക കോടതി കോഴിക്കോട്ടും
കോഴിക്കോട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക കോടതി കോഴിക്കോട്ടും പ്രവര്‍ത്തനമാരംഭിക്കുന്നു. കോടതിയുടെ പ്രവര്‍ത്തനം ഡിസംബര്‍ ആദ്യവാരം തുടങ്ങും. കൊച്ചിയിലും തിരുവനന്തപുരത്തുമാണ് നിലവില്‍ ഇത്തരം കോടതികളുള്ളത്.
എരഞ്ഞിപ്പാലത്തെ കേരളാ കോ-ഓപറേറ്റിവ് ഹൗസിങ് ഫെഡറേഷന് കീഴിലുള്ള കെട്ടിടത്തിലാണ് പുതിയ കോടതി പ്രവര്‍ത്തിക്കുക. സംസ്ഥാന നിയമ വകുപ്പിന്റെയും ധനവകുപ്പിന്റെയും അംഗീകാരം ഇതിന് ലഭിച്ചുകഴിഞ്ഞു. സ്‌ക്വയര്‍ ഫീറ്റിന് 15 രൂപ നിരക്കില്‍ കെട്ടിടത്തിന് വാടക നല്‍കാന്‍ ധനവകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. പുതിയ 18 തസ്തികകള്‍ക്കും സര്‍ക്കാര്‍ അംഗീകാരം നല്‍കി.
കോടതിക്കായി കണ്ടെത്തിയ കെട്ടിടം കോഴിക്കോട് സെഷന്‍സ് ജഡ്ജി എം.ആര്‍ അനിത, ഫസ്റ്റ് അഡിഷനല്‍ ഡിസ്ട്രിക്റ്റ് ജഡ്ജി ശങ്കരന്‍ നായര്‍, ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കെ. സോമന്‍, പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ തുടങ്ങിയവര്‍ കഴിഞ്ഞദിവസം സന്ദര്‍ശിച്ചു. 2012ല്‍ ഡല്‍ഹിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായി നിര്‍ഭയ എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായി പ്രത്യേക കോടതിയെന്ന ആവശ്യം ശക്തമായത്. 2013ല്‍ കൊച്ചിയിലാണ് സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യ കോടതി നിലവില്‍വന്നത്. തുടര്‍ന്ന് തിരുവനന്തപുരത്തും കോടതി യാഥാര്‍ഥ്യമായി. ഓരോ വര്‍ഷവും 200ലേറെ കേസുകളാണ് ഇവിടെ തീര്‍പ്പാക്കുന്നത്.
കോഴിക്കോട്ടും പുതിയ കോടതി സ്ഥാപിക്കുമെന്ന വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള പ്രഖ്യാപനമാണ് ഡിസംബറില്‍ യാഥാര്‍ഥ്യമാകുന്നത്. ഇപ്പോള്‍ സംസ്ഥാനത്തെ ജില്ലാ സെഷന്‍സ് കോടതികളിലാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്നത്. അഡിഷനല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോര്‍ട്ട് ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ എന്ന പേരിലായിരിക്കും പ്രത്യേക കോടതി അറിയപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."