വിത്തിലും കൃഷിയിലും പാരമ്പര്യം കൈവിടാതെ അനന്തകൃഷ്ണന്‍
പാലക്കാട്: മണ്‍മറഞ്ഞു കൊണ്ടിരിക്കുന്ന പാരമ്പര്യ നെല്‍വിത്തിനങ്ങളുടെ സംരക്ഷകനാണ് പട്ടഞ്ചേരി വിളക്കനാംകോട് സ്വദേശി അനന്തകൃഷ്ണന്‍.
തവളക്കണ്ണനും ഞവരയും വര്‍ഷങ്ങളായി സംരക്ഷിച്ചുവരുന്നു. പാരമ്പര്യ വിത്തുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ മുന്‍ഗണന നല്‍കി കൃഷിയിറക്കുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ ഒന്‍പതിനം നെല്ലുകള്‍ കൃഷി ചെയ്യുന്നുണ്ട്. പുതിയതും പഴയതുമായ കൃഷിരീതികള്‍ സംയോജിപ്പിച്ചു കൊണ്ടുള്ള പുത്തന്‍ രീതിയാണ് തന്റെ കൃഷിയിടത്തില്‍ അനന്തകൃഷ്ണന്‍ അവലംബിക്കുന്നത്. കൂടാതെ, കൃഷിയിടത്തില്‍ ജൈവ കൃഷിരീതിയാണ് ഉപയോഗിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
സ്വന്തം കാലിത്തൊഴുത്തിലെയും പരിസരത്തെ ക്ഷീരകര്‍ഷകരുടെ പശുക്കളുടെയും ചാണകം ശേഖരിച്ച് കൃഷിയിലുപയോഗിക്കും. ശീമക്കൊന്നയും വേപ്പിലയുമിട്ട് പാടം ഉഴുതുമറിക്കും. വേപ്പിലയിട്ട് സംരക്ഷിക്കുന്ന സ്വന്തം വിത്താണ് കൂടുതലായി ഉപയോഗിക്കുന്നത്.
വെള്ളത്തിന്റെ ലഭ്യതകണക്കാക്കി ഉയര്‍ന്ന പ്രദേശങ്ങളില്‍ വിതയും താഴ്ന്നപ്രദേശങ്ങളില്‍ നടീലുമാണ് ചെയ്യുന്നത്. ട്രാക്ടറും ടില്ലറും ഉപയോഗിച്ചാണ് മണ്ണൊരുക്കുന്നതെങ്കിലും ഇന്നുവരെ നടീല്‍ യന്ത്രമോ കൊയ്ത്ത് യന്ത്രമോ ഉപയോഗിക്കേണ്ടിവന്നിട്ടില്ല. കൃഷി വിജയകരമായി തുടരുന്നതിനുപിന്നില്‍ തൊഴിലാളികളുടെ സഹകരണമാണെന്ന് പറയാന്‍ ഇദ്ദേഹത്തിന് ഒരു മടിയുമില്ല. തൊഴിലാളികള്‍ക്കൊപ്പം പാടത്തിറങ്ങി നിര്‍ദേശങ്ങള്‍ നല്‍കും. നെല്ലിന്റെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ ജീവാമൃതം ജലസേചനത്തോടൊപ്പം രണ്ടുതവണ ഇടവിട്ട് നടത്തും. മയിലും കൊക്കും അധികമായി പാടത്തുണ്ടെങ്കിലും പാമ്പും ഞണ്ടും ഇവയെ നിയന്ത്രിക്കുന്നതിനാല്‍ അവയെ ഒഴിവാക്കില്ല. വരമ്പില്‍ പയറും വെണ്ടയും നട്ടിട്ടുമുണ്ട്.
ആടുകള്‍ക്ക് വേനലില്‍ പാടത്ത് താമസമൊരുക്കും. താറാവ് കൂട്ടങ്ങള്‍ വരുന്നസമയത്ത് കൃഷിയിടത്തില്‍ കൂടൊരുക്കാനും മറക്കാറില്ല. അതിനാല്‍ ജൈവകീടനിയന്ത്രണവും ചെലവില്ലാതെ നടക്കും. പഴയ രീതിയിലുള്ള കൊയ്ത്തായതിനാല്‍ മുറിയാതെ കിട്ടുന്ന വൈക്കോല്‍ അധിക വരുമാനമാണ്. കളപ്പുരയും മുറ്റവും വിശാലമായി തന്നെ നിലനിര്‍ത്തിയതിനാല്‍ വിത്തുണക്കാനും പതിര് കളയാനും ബുദ്ധിമുട്ടില്ല.
ചേമ്പും ചേനയും എന്നുവേണ്ട എല്ലാ പച്ചക്കറികളും വീട്ടാവശ്യത്തിനുശേഷം വില്‍ക്കാനുമുണ്ടാക്കുന്നുണ്ട്. രാസകീടനാശിനി ഒഴിവാക്കാന്‍ ഫിറമോണ്‍ ട്രാപ്പും മഞ്ഞക്കെണിയും ട്രൈക്കോഡെര്‍മ കാര്‍ഡുകളും ഉപയോഗിക്കുന്നു. ഉല്‍പ്പാദിപ്പിക്കുന്ന ജൈവ നെല്ലിന്റെ സിംഹഭാഗവും സുഹൃത്തുക്കളുടെ സഹായത്തോടെ അരിയാക്കി പായ്ക്ക് ചെയ്താണ് വില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."