ഉഴുന്നുവടയില്‍ ചത്ത അട്ട കൊട്ടാരക്കര ടൗണിലെ ഭക്ഷ്യ സുരക്ഷയില്‍ ആശങ്ക നടപടിയെടുക്കാതെ വകുപ്പ് അധികൃതര്‍
കൊട്ടാരക്കര: ചായക്കടയില്‍ നിന്നു വാങ്ങിയ ഉഴുന്നുവടയില്‍ ചത്ത അട്ടയ കണ്ട സംഭവം കൊട്ടാരക്കര ടൗണിലെ ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ച് ആശങ്കയുണര്‍ത്തുന്നു.
കഴിഞ്ഞ ദിവസം തേവലപ്പുറം ബിജു ഭവനില്‍ ബിജുവിനാണ് ടൗണിലെ ചായക്കടയില്‍ നിന്നു ഉഴുന്നുവടക്കൊപ്പം ചത്ത അട്ടയെ കൂടി ലഭിച്ചത്. ചന്തമുക്കിലെ ഭക്ഷ്യസുരക്ഷാ ഓഫിസിന് വിളിപ്പാടകലെയാണ് ഈ കട സ്ഥിതി ചെയ്യുന്നത്.പരാതി ഉയര്‍ന്നിട്ടും വകുപ്പധികൃതര്‍ കൃത്യമായ നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തുകയാണെന്ന് ആരോപണമുണ്ട്.
കടയില്‍ മുനിസിപ്പാലിറ്റി, ഭക്ഷ്യസുരക്ഷ, ആരോഗ്യ വകുപ്പധികൃതരും ജനപ്രതിനിധികളും എത്തിയെങ്കിലും വട പുറത്തു നിന്നാണ് വാങ്ങുന്നതെന്ന് കടയുടമ പറഞ്ഞതോടെ സംഘം സ്ഥലംവിട്ടു. വട നിര്‍മാണ യൂനിറ്റിനെപ്പറ്റി അന്വേഷിക്കാനോ അവിടെ പോയി പരിശോധന നടത്താനോ ഇന്നലെ അധികൃതര്‍ തയ്യാറായില്ല. ഇതിനെ കുറിച്ച് ചോദിച്ചവരോട് ഇന്ന് പുത്തൂരിന് സമീപമുള്ള പലഹാര നിര്‍മാണ സ്ഥലത്ത് പരിശോധന നടത്തുമെന്നാണ് അറിയിച്ചത്. എന്നാല്‍ ഒരു ദിവസം പരിശോധന വൈകിപ്പിക്കുന്നത് എന്തിന് വേണ്ടിയെന്നാണ് പൊതുപ്രവര്‍ത്തകരുടെ ചോദ്യം.
കൊട്ടാരക്കര ടൗണിലെ ഭക്ഷണ വില്‍പനശാലകളെ കുറിച്ച് നേരത്തേ പരാതികള്‍ ഉയര്‍ന്നിരുന്നു.ഇവിടെ വിശ്വസിച്ച് കഴിക്കാന്‍ കഴിയുന്ന ഭക്ഷണ ശാലകള്‍ വിരലില്‍ എണ്ണാവുന്ന മാത്രമാണ്. കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന്‍ മുതല്‍ പുലമണ്‍ ജങ്ഷന്‍ വരെയുള്ള മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ വലുതും ചെറുതുമായി അന്‍പതോളം ഹോട്ടലുകളും അറുപതോളം ചായക്കടകളും മുപ്പതോളം ബേക്കറികളും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ രാത്രികാലങ്ങളില്‍ പത്തോളം തട്ടുകടകളും പ്രവര്‍ത്തിക്കുന്നു. ഇതില്‍ എത്ര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഉണ്ടെന്ന ചോദ്യത്തിന് പോലും കൃത്യമായ ഉത്തരമില്ല.
മിക്കയിടങ്ങളിലും പലഹാരങ്ങള്‍ പുറത്തുനിന്നുള്ള യൂനിറ്റുകളില്‍ നിന്നാണ് വാങ്ങുന്നത്. തമിഴ്‌നാട് സ്വദേശികളാണ് പലഹാരങ്ങള്‍ കൊണ്ടെത്തിക്കുന്നത്. പുത്തൂരിന് സമീപമുള്ള പ്രദേശങ്ങള്‍, പള്ളിക്കല്‍, കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പലഹാരനിര്‍മാണ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. നിയമാനുസൃത അംഗീകാരമില്ലാതെയാണ് ഇവയുടെയെല്ലാം പ്രവര്‍ത്തനം. മിക്കയിടങ്ങളിലും പേരിനു പോലും വൃത്തിയില്ല. ഒറ്റമുറിക്കുള്ളില്‍ ബേക്കറി സാധനങ്ങള്‍ ഉണ്ടാക്കി അവിടെ തന്നെ തൊഴിലാളികള്‍ താമസിക്കുകയും ചെയ്യുന്ന കേന്ദ്രവും കൊട്ടാരക്കരയ്ക്ക് സമീപമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
വല്ലപ്പോഴും പേരിനു വേണ്ടി ചില പരിശോധനകള്‍ നടത്തുകയാണ് വകുപ്പ് അധികൃതരുടെ പതിവ്. അത് പോലും മുന്‍കൂട്ടി അറിയിച്ചാണ് ചെയ്യുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."