നമുക്ക് ജാതിയില്ല വിളംബര ശതാബ്ദി ആഘോഷം: ജില്ലാതല ഉദ്ഘാടനം ഇന്ന്
കൊല്ലം: ശ്രീനാരായണഗുരുവിന്റെ നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷങ്ങള്‍ ഇന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനംചെയ്യും. വൈകിട്ട് നാലിന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എം. നൗഷാദ് എം. എല്‍. എ അധ്യക്ഷനാകും.
കവിയും പ്രഭാഷകനുമായ ശ്രീകുമാര്‍ മുഖത്തല മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിനാഘോഷത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ചിത്രരചനാ മത്സരത്തിലെയും ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗാന്ധികലോത്സവത്തിലെയും വിജയികള്‍ക്ക് ജില്ലാ കലക്ടര്‍ മിത്ര .ടി സമ്മാനങ്ങള്‍ വിതരണംചെയ്യും.
കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ റീന സെബാസ്റ്റ്യന്‍, ഗുരുഗോപിനാഥ് നടനഗ്രാമം വൈസ് ചെയര്‍മാന്‍ കെ. സി .വിക്രമന്‍, ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ .സുനില്‍കുമാര്‍,ഡോ .പി .കെ. ഗോപന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി .അജോയ് എന്നിവര്‍ സംസാരിക്കും. സമ്മേളനത്തിനു ശേഷം ഗുരുഗോപിനാഥ് നടനഗ്രാമം അവതരിപ്പിക്കുന്ന മതാതീത ഗാനങ്ങള്‍, നൃത്താവിഷ്‌കാരം ആത്‌മോപദേശ ശതകം, ചണ്ഡാലഭിക്ഷുകി എന്നീ കൃതികളെക്കുറിച്ചള്ള കേരളനടനം എന്നിവ നടക്കും.
സാംസ്‌കാരിക വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ഭരണകൂടം, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എന്നിവ സംയുക്തമായാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."