കലക്ടറേറ്റിലെ സ്‌ഫോടനം: എ.ഡി.ജി.പി സ്ഥലം സന്ദര്‍ശിച്ചു
മലപ്പുറം: മലപ്പുറത്ത് സിവില്‍ സ്റ്റേഷനില്‍ കോടതിവളപ്പിലുണ്ടായ ബോംബ് സ്‌ഫോടനം നടന്നു മൂന്നു ദിവസം പിന്നിടുമ്പോള്‍ വ്യക്തമായ സൂചനകളൊന്നും ഇതുവരെ അന്വേഷണ സംഘങ്ങള്‍ക്കു ലഭിച്ചില്ല. എ.ഡി.ജി.പി. ബി സന്ധ്യ ഇന്നലെ സംഭവസ്ഥലത്തെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. കേസില്‍ ഊര്‍ജിത അന്വേഷണമാണിപ്പോള്‍ നടക്കുന്നത്. കൊല്ലത്തേതു പോലെ അന്വേഷണം പാതിവഴിക്കു നിലക്കാതിരിക്കാന്‍ ജാഗ്രതയോടെയാണു പൊലിസിന്റെ നീക്കങ്ങള്‍. സംസ്ഥാന പൊലിസിന്റെ പ്രത്യേക അന്വേഷണ സംഘത്തിനൊപ്പം എന്‍.ഐ.എ അടക്കമുള്ള ഏജന്‍സികളും അന്വേഷണവുമായി സഹകരിച്ചു മുന്നോട്ട് പോകുന്നുണ്ട്. അന്വേഷണസംഘവുമായി സന്ധ്യ കൂടിക്കാഴ്ച നടത്തുകയും സംഭവ സ്ഥലവും സിവില്‍ സ്റ്റേഷന്‍ പരിസരവും സന്ദര്‍ശിക്കുകയും ചെയ്തു.
മലപ്പുറം സ്‌ഫോടന കേസിന്റെ ദിശ പഴയ അല്‍ ഉമ്മ എന്ന ഭീകര സംഘടനയിലേക്കു നീങ്ങുന്നതായും സൂചനയുണ്ട്. നിരോധിത ഭീകര സംഘടനയായ അല്‍ ഉമ്മയുടെ പുതിയ രൂപമാണു ദി ബേസ് മൂവ്‌മെന്റ് എന്നു കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ടുണ്ട്. മലപ്പുറത്തും കൊല്ലത്തും ആന്ധ്രയിലെ ചിറ്റൂരിലും കര്‍ണാടകയിലെ മൈസൂരിലും സ്‌ഫോടനം നടത്തിയതു ബേസ് മൂവ്‌മെന്റ് ആണെന്നതിന്റെ വ്യക്തമായ സൂചനകള്‍ മലപ്പുറത്തെ സ്‌ഫോടന സ്ഥലത്തു നിന്ന ലഭിച്ച പെന്‍ഡ്രൈവിലെ വിവരങ്ങളിലുണ്ട്.
അല്‍ഉമ്മ തലവന്‍ അബൂബക്കര്‍ സിദ്ദീഖിയാണിതിന്റെ സൂത്രധാരന്‍ എന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. സിദ്ദീഖിയെക്കുറിച്ചുള്ള അന്വേഷണവും തുടരുന്നുണ്ട്. സ്‌ഫോടനം നടത്തിയതെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം തയ്യാറാക്കുന്നതു തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."