നിലമ്പൂര്‍ നഗരസഭയില്‍ ആരോഗ്യവകുപ്പ് നടത്തുന്ന പരിശോധനകള്‍ പ്രഹസനമാകുന്നു
നിലമ്പൂര്‍: ആരോഗ്യവകുപ്പ് നിലമ്പൂര്‍ നഗരസഭയില്‍ ഹോട്ടലുകളിലും കൂള്‍ബാറുകളിലും ഇടക്കിടെ നടത്തുന്ന പരിശോധനകള്‍ പ്രഹസനമാകുന്നതായി ആക്ഷേപം. ഇന്നലെ നഗരസഭയിലെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും മുനിസിപ്പല്‍ ആരോഗ്യവിഭാഗം പരിശോധന നടത്തുകയും പഴകിയ ഭക്ഷണ പാനീയങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കെതിരെ നിസാരമായ പിഴ ചുമത്തി രക്ഷപ്പെടാന്‍ അവസരമൊരുക്കിയെന്നാണ് പരാതി.
മഞ്ഞപ്പിത്തം, വൈറല്‍ പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ മേഖലയില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഹോട്ടലുകളിലെയും കൂള്‍ബാറുകളിലെയും പരിശോധന കര്‍ശനമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കിയെന്ന് വരുത്താന്‍ വേണ്ടിയാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയും പഴകിയ ഭക്ഷണങ്ങള്‍ സൂക്ഷിക്കുകയും ചെയ്ത ഹോട്ടലുകളുടെ പേര് വിവരങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിശോധന നടത്തിയെന്ന പത്രക്കുറിപ്പ് മാത്രമാണ് നല്‍കിയത്. സ്ഥാപനങ്ങളുടെ പേര് വിവരം അന്വേഷിച്ചപ്പോള്‍ അത് നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍.
കച്ചവടക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ് ഇത്തരത്തില്‍ പരിശോധനകള്‍ പ്രഹസനമാകാന്‍ കാരണം. ഓരോ പരിശോധന കഴിയുമ്പോഴും മോഹിപ്പിക്കുന്ന സംഖ്യയാണ് ഉദ്യോഗസ്ഥരുടെ പോക്കറ്റിലെത്തുന്നതെന്ന ആരോപണവും ശക്തമാണ്. അന്തര്‍സംസ്ഥാന പാതയായതിനാലും സംസ്ഥാനത്തെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായതിനാലും നൂറുകണക്കിന് സഞ്ചാരികളാണ് നിലമ്പൂരിലെത്തി ഇവിടെയുള്ള ഹോട്ടലുകളെയും കൂള്‍ബാറുകളെയും ആശ്രയിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് നിലമ്പൂരിലെ പ്രധാന ബ്രോസ്റ്റ് വില്‍പ്പന കേന്ദ്രത്തില്‍ നിന്നും ആഴ്ചകളോളം പഴക്കമുള്ള ചാക്ക് കണക്കിന് ബ്രോസ്റ്റിന് പാകമാക്കി വെച്ച കോഴിയിറച്ചി പിടിച്ചെടുത്തിരുന്നു.
അന്ന് ഹോട്ടല്‍ അടച്ചിടണമെന്ന് നിര്‍ദ്ദേശിച്ച് മടങ്ങിയ ഉദ്യോഗസ്ഥര്‍ പിറ്റേന്ന് തന്നെ അടച്ചിടേണ്ടെന്ന നിര്‍ദ്ദേശവും നല്‍കി. നേരത്തെ ഒരു ഹോട്ടലില്‍ നിന്നും ബിരിയാണിയില്‍ നിന്നും സിഗരറ്റ് കുറ്റി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഹോട്ടല്‍ രണ്ട് ദിവസം അടച്ചിടുകയും ചെയ്തു.
എന്നാല്‍ ചെറിയ പിഴ അടപ്പിച്ച് രണ്ട് ദിവസത്തിന് ശേഷം ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ചു. ഇത്തരത്തില്‍ പരിശോധന നടത്തുകയും പണം വാങ്ങി വീണ്ടും ആരോഗ്യത്തിന് ഹാനികരമാകും വിധം ഹോട്ടലുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശ്ശന നടപടിയെടുക്കണമെന്നാണ് സന്നദ്ധസംഘടനകളും നാട്ടുകാരും ആവശ്യപ്പെടുന്നത്.
അതേ സമയം സത്യസന്ധമായി ഭക്ഷണം നല്‍കുന്ന ഹോട്ടലുകളും നിലമ്പൂരിലും പരിസരങ്ങളിലും ഉണ്ട്. എന്നാല്‍ പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുക്കുന്ന ഹോട്ടലുകളുടെ പേര്‍ പുറത്തുവിടാത്തത് ഇവരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."