നാടുകാണിയില്‍ പ്ലൈവുഡ് ഫാക്ടറി കത്തിനശിച്ചു
ആലക്കോട്: നാടുകാണി പ്ലൈവുഡ് കമ്പനിയില്‍ തീപിടിത്തം. കോടികളുടെ യന്ത്രങ്ങളും അനുബന്ധ സാമഗ്രികളും കത്തിനശിച്ചു. ചപ്പാരപ്പടവ് സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ചെട്ടിയാകുന്നേല്‍ വുഡ് ഇന്‍ഡസ്ട്രീസിലാണ് ഇന്നലെ പുലര്‍ച്ചെ രണ്ടോടെ തീപിടിത്തമുണ്ടായത്.
ഫാക്ടറിക്കു സമീപം താമസിക്കുന്ന തൊഴിലാളികളാണ് അഗ്നിബാധ ഉടമകളെ അറിയിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് കരുതുന്നു. തളിപ്പറമ്പ്, പയ്യന്നൂര്‍, കണ്ണൂര്‍ യൂനിറ്റുകളില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
നൂറോളം തൊഴിലാളികള്‍ ജോലിചെയ്യുന്ന ഫാക്ടറി രണ്ടു വര്‍ഷം മുമ്പാണ് പ്രവര്‍ത്തനമാരംഭിച്ചത്. ചെന്നൈ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഇവിടെ നിന്നു പ്ലൈവുഡുകള്‍ കയറ്റിയയക്കുന്നത്. പീലിങ്, പ്രസിങ് തുടങ്ങി നാലു കോടിയോളം രൂപ വില വരുന്ന യന്ത്ര സാമഗ്രികള്‍ അഗ്നിക്കിരയായി. കയറ്റിയയക്കാന്‍ തയാറാക്കി വച്ചിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന പ്ലൈവുഡ്, വിനീര്‍ എന്നിവ പൂര്‍ണമായും കത്തിനശിച്ചു.
ചപ്പാരപ്പടവ് പുഴയില്‍ നിന്നു ടാങ്കറുകളില്‍ വെള്ളമെത്തിച്ചാണ് തീയണക്കാനായത്. തളിപ്പറമ്പ് പൊലിസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു. നാലു കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."