പയ്യന്നൂര്‍ ഡിപ്പോയില്‍ വീണ്ടും സര്‍വിസുകള്‍ മുടങ്ങി
പയ്യന്നൂര്‍: ആവശ്യത്തിന് ഡീസല്‍ എത്താത്തതിനെ തുടര്‍ന്ന് പയ്യന്നൂര്‍ കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ വീണ്ടും സര്‍വിസ് മുടങ്ങി. ഇന്നലെ വൈകുന്നേരത്തോടെ 80 ശതമാനം സര്‍വിസുകളും റദ്ദാക്കുകയായിരുന്നു. രണ്ടാം തീയതിയാണ് ഡിപ്പൊയിലേക്ക് ഇന്ധനം എത്തേണ്ടത്. എന്നാല്‍ ഇന്നലെ വൈകിയും ഡീസല്‍ എത്തിയിട്ടില്ല. രാവിലെ 11 ഓടെ തന്നെ സര്‍വിസുകള്‍ റദ്ദുചെയ്തു തുടങ്ങിയിരുന്നു. ടൗണ്‍ ടു ടൗണ്‍, പയ്യന്നൂര്‍ കാഞ്ഞങ്ങാട് ലിമിറ്റഡ് സ്റ്റോപ്പ് റൂട്ടിലെ മിക്ക സര്‍വിസുകളും നിര്‍ത്തലാക്കി. ദേശസാല്‍കൃത റൂട്ടായ പയ്യന്നൂര്‍, ചീമേനി ബസുകളും ഭൂരിഭാഗവും റദ്ദ് ചെയ്തു. മലയോര മേഖലയിലേക്കുള്ള സര്‍വിസിനും സമാനഗതിയാണുണ്ടായത്. ചുരുക്കം ബസുകള്‍ മാത്രമാണ് ഇന്നലെ സര്‍വിസ് നടത്തിയത്. സര്‍വിസുകള്‍ കൂട്ടത്തോടെ മുടങ്ങിയതോടെ കെ.എസ്.ആര്.ടി.സിയെ മാത്രം ആശ്രയിക്കുന്ന യാത്രക്കാര്‍ കുടുങ്ങി. ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഡിപ്പൊയില്‍ സര്‍വിസുകള്‍ മുടങ്ങുന്നത്. ഇന്ധനമില്ലാത്തതിനാല്‍ കഴിഞ്ഞ മാസം 17, 18 തിയതികളിലും ഡിപോയിലെ സര്‍വിസുകള്‍ ഏതാണ്ട് പൂര്‍ണമായും മുടങ്ങിയിരുന്നു. 91 ഷെഡ്യൂളുകളുള്ള പയ്യന്നൂരില്‍ ഏതാണ്ട് 68 ഓളം സര്‍വിസുകള്‍ മുടങ്ങിയിട്ടുണ്ട്. രാത്രിയോടെ ഇന്ധനം എത്തിയില്ലെങ്കില്‍ ഏതാണ്ട് മുഴുവന്‍ സര്‍വിസുകളും മുടങ്ങും. അതേസമയം ഇന്ധന ക്ഷാമം മലബാര്‍ മേഖലയിലെ ഡിപ്പോകളെയെല്ലാം ബാധിച്ചിട്ടുണ്ട്. വയനാട്, കാസര്‍കോട് ജില്ലകളിലെ പല ഡിപ്പോകളിലും ഇന്ധനക്ഷാമം രൂക്ഷമാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ പണം അടക്കാത്തതാണ് ക്ഷാമത്തിലേക്ക് വഴിവച്ചത്. അടിക്കടിയുണ്ടാകുന്ന ഇന്ധന ക്ഷാമം കാരണം സര്‍വിസുകള്‍ മുടങ്ങുന്നത് ജീവനക്കാരിലും യാത്രക്കാരിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സ്വകാര്യ ബസുകളെ സഹായിക്കാന്‍ മാത്രമേ ഇത്തരം നിരുത്തരവാദ നടപടികള്‍ ഉപകാരിക്കുകയുള്ളൂവെന്ന് യാത്രക്കാര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."