ഗ്രൗണ്ട് പോലും സ്വന്തമില്ലാതെ തലശ്ശേരി
തലശ്ശേരി: സര്‍ക്കസ് ഉള്‍പ്പെടെ മൂന്ന് 'സി'കള്‍ക്ക് പ്രസിദ്ധമായ നഗരമാണ് തലശ്ശേരിയെങ്കിലും ഇന്ന് ഒരു സര്‍ക്കസ് കളിക്കുന്നതിന് പര്യാപ്തമായ ഗ്രൗണ്ട് പോലും സ്വന്തമില്ലാത്ത അവസ്ഥയാണ് തലശ്ശേരി നഗരസഭ.
ദീര്‍ഘകാലമായി തലശ്ശേരി നഗരസഭയുടെ സ്വന്തം സ്റ്റേഡിയമായി പരിഗണിച്ചിരുന്ന നഗരസഭാ സ്റ്റേഡിയത്തിന് റവന്യൂ വിഭാഗം അവകാശവാദം ഉന്നയിച്ചതോടെയാണ് ഈ അവസ്ഥയുണ്ടായത്. ക്രിക്കറ്റ് കളിക്കുന്നതിന് തലശ്ശേരി കോണോര്‍വയല്‍ സ്റ്റേഡിയം പുനസംഘാടനം ചെയ്തതോടെ ദേശീയ മത്സരങ്ങള്‍ക്ക്‌പോലും ചില ഘട്ടങ്ങളില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാല്‍ നിരവധി സര്‍ക്കസ്‌കമ്പനികള്‍ സ്വന്തമായുണ്ടായിരുന്ന നടത്തിയിരുന്ന തലശ്ശേരിക്ക് പഴയ പൈതൃകം മാത്രമാണ് ഇപ്പോള്‍ അവകാശപ്പെടാനുള്ളത്. നേരത്തെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നീ എം.എല്‍.എമാരുടെ ഫണ്ടില്‍നിന്നും രണ്ട്‌കോടി രൂപാവീതം ആകെ നാലുകോടി രൂപയും പുതുതായി അനുവദിക്കാനിരിക്കുന്ന പത്ത്‌കോടി രൂപയും ചേര്‍ത്ത് പതിനാല് കോടി രൂപയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് തലശ്ശേരി നഗരസഭാ സ്റ്റേഡിയത്തില്‍ നടത്താനിരുന്നത്. എന്നാല്‍ പുരാവസ്തു ഗവേഷണ വകുപ്പില്‍നിന്നും അനുമതി തേടിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരാവസ്തുവകുപ്പ് തടയുകയായിരുന്നു. തലശ്ശേരി നഗരസഭയ്ക്കും പരിസരത്തുമുള്ള നിരവധി സ്‌കൂള്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ വിദ്യാര്‍ഥികളും സായി സെന്ററിലെ വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലനവും നഗരസഭാ സ്റ്റേഡിയത്തിലാണ് നടന്നിരുന്നത്. പുരാവസ്തുവകുപ്പ് ഭാവിയില്‍ സ്റ്റേഡിയം പുനര്‍നിര്‍മ്മാണത്തിന് അനുമതി നല്‍കിയാല്‍ തന്നെ ഒട്ടനവധി നിയന്ത്രണങ്ങളുണ്ടാകുമെന്നുറപ്പാണ്. സ്റ്റേഡിയത്തിനകത്ത് ടെന്റ് സ്ഥാപിക്കുന്നതിനായി കുഴിയെടുക്കുന്നതിനോ മറ്റോ അനുമതി ലഭിക്കാനും സാധ്യതയില്ല. തലശ്ശേരിയില്‍ നിരവധി സര്‍ക്കസ് കമ്പനികള്‍ ഉണ്ടെങ്കിലും സര്‍ക്കസ് കളിക്കുന്നതിന് കൃത്യമായ ഒരു സ്ഥലം തലശ്ശേരിയില്‍ കണ്ടെത്തുക സാദ്ധ്യമല്ല. ആകെയുണ്ടായിരുന്ന സ്ഥലം തലശ്ശേരി സ്റ്റേഡിയം മാത്രമായിരുന്നു. പ്രധാനപ്പെട്ട ഏതെങ്കിലും നാടകം പ്രദര്‍ശിപ്പിക്കുന്നതിനോ, വലിയ ദേശീയ നേതാക്കള്‍ക്ക് പ്രസംഗിക്കുന്നതിനോ ഉള്ള വിശാലമായ ഒരു സ്ഥലംപോലുമില്ലാത്ത അവസ്ഥയിലാണ് ഇതോടെ തലശ്ശേരി നഗരം. അതിനിടെ സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്ത് നിലവിലുണ്ടായിരുന്ന ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടിന്റെ നവീകരണത്തിന് ചുറ്റുമതിലിലെ ഒരുഭാഗം നീക്കം ചെയ്തതില്‍ സംഭവിച്ച ചെറിയ പിശകാണ് പുരാവസ്തു വകുപ്പ് സ്റ്റേഡിയം പുനര്‍നിര്‍മ്മാണം പൊതുവില്‍ തടയാന്‍ പ്രേരിപ്പിച്ചതെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."