ആക്രമണം പതിവാകുന്നു; സഹികെട്ട നാട്ടുകാര്‍ നായകളെ കൊന്നു
ആലുവ: തെരുവുനായ് ശല്യം രൂക്ഷമായ കടുങ്ങല്ലൂരില്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ വാര്‍ഡ് മെമ്പര്‍ ജയന്റെ നേതൃത്വത്തില്‍ അറുപതോളം നാട്ടുകാര്‍ ചേര്‍ന്ന് അക്രമണകാരികളായ 18 നായകളെ കൊന്ന് കുഴിച്ചുമൂടി. കഴിഞ്ഞ ദിവസം കിഴക്കേ കടുങ്ങല്ലൂരില്‍ കണിയാംകുന്ന് ഭാഗത്ത് രണ്ട് വിദ്യാര്‍ഥിനികളെ തെരുവുനായ് കടിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. കണിയാംകുന്ന് മഞ്ഞള്‍തുരുത്തില്‍ വീട്ടില്‍ ഷാജഹാന്റെ മകളായ ഫാത്തിമ സുല്‍ത്താനെയും(11) കണിയാംകുന്ന് കടേപ്പിള്ളി റോഡില്‍ പാറശ്ശേരി വീട്ടില്‍ ബേബിയുടെ മകളായ ഫ്രാന്‍സിസ്‌കോയേയും റോഡിലൂടെ നടന്നുപോകുമ്പോഴാണ് തെരുവുനായ ആക്രമിച്ചത്.
കൂടാതെ ഇന്നലെ കടുങ്ങല്ലൂര്‍ - തോട്ടയ്ക്കാട്ടുകര റോഡില്‍ തെരുവുനായ റോഡിന് കുറുകെ ചാടിയതിനെ തുടന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും ബൈക്ക് യാത്രക്കാരനായ യുവാവിന് കണ്ണിന് ഗുരുതര പരിക്കേല്‍ക്കുകയും കവിളെല്ല് പൊട്ടുകയും ചെയ്തിരുന്നു. കടുങ്ങല്ലൂരില്‍ തെരുവുനായ് ആക്രമണം വര്‍ദ്ധിച്ചുവരുന്നതിനെതിരെ നാട്ടുകാര്‍ പലവട്ടം പരാതി നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഇതുവരെ ഉണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ സംഘടിച്ച് തെരുവുനായ്ക്കളെ വകവരുത്താന്‍ രംഗത്തിറങ്ങിയത്.
പഞ്ചായത്ത് മെമ്പര്‍ ജയനും അറുപതോളം നാട്ടുകാരും ചേര്‍ന്ന് ഒപ്പിട്ട് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ തെരുവുനായ ഉന്മൂലന സംഘം സെക്രട്ടറി സോഫിയ സുര്‍ജിത്ത് വിട്ടുകൊടുത്ത പട്ടിപിടുത്തക്കാരുടെ സഹായത്തോടെയാണ് നായ്ക്കളെ പിടികൂടി കടേപിള്ളി ഭാഗത്ത് കുഴിച്ചിട്ടത്. തെരുവുനായ് ശല്യംമൂലം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വഴിനടക്കുവാന്‍പോലും സാധിക്കാത്ത അവസ്ഥയാണെന്ന് വാര്‍ഡ് മെമ്പര്‍ ജയന്‍ പറഞ്ഞു.
മനുഷ്യരെ കൂടാതെ സാധാരണക്കാരുടെ ഉപജീവനമാര്‍ഗ്ഗമായ ആട്, കോഴി, താറാവ് മുതലായവയെ നായ്ക്കള്‍ കൊന്നൊടുക്കുന്നതുമൂലം ജനങ്ങള്‍ വളരെ ദുരിതത്തിലാണെന്നും അതിനാല്‍ കഴിയാവുന്നത്ര നായ്ക്കളെ പിടികൂടി കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യമെന്നും നായ്ക്കളെ കൊന്നതിന്റെ പേരില്‍ വരുന്ന ഏത് നിയമ നടപടിയും താന്‍ നേരിടാന്‍ ഒരുക്കമാണെന്നും ജയന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."