കോരന്‍കടവ് പാലം പുനര്‍നിര്‍മിക്കാന്‍ നടപടി
പെരുമ്പാവൂര്‍: മൂവാറ്റുപുഴയാറിന് കുറുകെ കുന്നത്തുനാട്, പിറവം നിയോജക മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കോരന്‍ കടവ് പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് നടപടി തുടങ്ങി. ഇതിന്റെ ആദ്യപടിയായി പാലം അപ്രോച്ച് റോഡിന് സ്ഥലം വിട്ടു നല്‍കിയ രാമമംഗലം, ഐക്കരനാട് സൗത്ത് വില്ലേജുകളില്‍പെട്ട ഭൂവുടമകള്‍ക്ക് സ്ഥലത്തിന്റെ വില നല്‍കി തുടങ്ങി. രണ്ട് വര്‍ഷത്തിലധികമായി കലക്ടറേറ്റില്‍ ചുവപ്പ് നാടയില്‍ കുരുങ്ങിയ ഫയലിന് പുതിയ കലക്ടര്‍ മുഹമ്മദ് സഫിറുളള ചുമതലയേറ്റ ശേഷമാണ് ജീവന്‍ വച്ചത്.
മുവാറ്റുപുഴയാറിന് കുറുകെ പുതൃക്ക രാമമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മാണത്തിന് 2009 ജൂലൈയില്‍ അന്നത്തെ ഗവണ്‍മെന്റാണ് ഒമ്പത് കോടി അനുവദിച്ചത്. തുടര്‍ന്ന് 2010 ഡിസംബറില്‍ നിര്‍മാണം ആരംഭിച്ചു.
എന്നാല്‍ അഞ്ച് സ്പാനുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് 2012 ഏപ്രിലില്‍ നിര്‍മാണം നിലക്കുകയായിരുന്നു.
പണി പുനരാരംഭിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തിറങ്ങിയെങ്കിലും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അനാസ്ഥ തുടര്‍ന്നതോടെ നീക്കങ്ങള്‍ പരാജയപ്പെട്ടു. തുടര്‍ന്ന് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാലം നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ വാഗ്ദാനം നല്‍കിയെങ്കിലും ജലരേഖയായി. ഇതിനിടെ നിര്‍മാണ തുകയില്‍ നാലുകോടി രൂപ കരാറുകാരന്‍ മാറിയെടുക്കുകയും ചെയ്തു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ ജനപ്രതിനിധികളുടെ ഇടപെടലോടെ പാലംപണിക്ക് വീണ്ടും ജീവന്‍വച്ചു.
138 മീറ്റര്‍ നീളത്തില്‍ 13.5 മീറ്റര്‍ വീതിയിലാണ് നിര്‍ദ്ദിഷ്ട പാലത്തിന്റെ നിര്‍മ്മാണം നടക്കുന്നത്. പാലത്തിനുവേണ്ട ഏഴ് പില്ലറുകളില്‍ അഞ്ച് എണ്ണത്തിന്റേയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയെങ്കിലും സ്ഥലം ഏറ്റെടുക്കാത്തത് മൂലം ബാക്കിയുള്ള രണ്ട് പില്ലറുകളുടെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല.
എന്നാല്‍ പണം നല്‍കി സ്ഥലം ഏറ്റെടുത്തതോടെ ഇതിനുളള തടസവും മാറുകയാണ്. നിലവിലുളള കരാറുകാരന്‍ തന്നെ പണി പൂര്‍ത്തിയാക്കാമെന്ന് സമ്മതിച്ചതായും നിര്‍മാണം ഉടന്‍ പുനരാരംഭിക്കുമെന്നും ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് ഇടപ്പരത്തി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."