റേഷന്‍ കാര്‍ഡ് തെറ്റു തിരുത്തല്‍; അപേക്ഷ വില്ലേജ് ഓഫിസുകളില്‍ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം
കുന്നുംകൈ: റേഷന്‍ കാര്‍ഡ് മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുളള അപേക്ഷ മലയോരത്തെ പല വില്ലേജ് ഓഫിസുകളിലും സ്വീകരിക്കുന്നില്ലെന്നു പരാതി. അപേക്ഷകര്‍ വില്ലേജില്‍ ചെല്ലുമ്പോള്‍ പഞ്ചായത്ത് ഓഫിസില്‍ നല്‍കണമെന്നു പറഞ്ഞു തിരിച്ചയക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
അതാതു പ്രദേശത്തെ വില്ലേജ് ഓഫിസുകളില്‍ പരാതി നല്‍കാമെന്ന സര്‍ക്കാറിന്റെ നിര്‍ദേശമാണ് അധികൃതര്‍ തിരസ്‌ക്കരിക്കുന്നത്. ഇതു കാരണം വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫിസുകളില്‍ ജനം തള്ളിക്കയറിയപ്പോള്‍ അപേക്ഷ വാങ്ങാനോ പരിശോധിക്കാനോ പോലുമാകാതെ ഉദ്യോഗസ്ഥര്‍ പൊറുതിമുട്ടുകയാണ്. മണിക്കൂറുകളോളം കാത്തുനിന്നിട്ടും പലരും പരാതി നല്‍കാനാകാതെ മടങ്ങുകയാണ്.
കേന്ദ്ര ഭക്ഷ്യസുരക്ഷാനിയമപ്രകാരം തയാറാക്കുന്ന മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടാനാണു പരാതിപ്രളയം. അപേക്ഷ നല്‍കാനെത്തുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളും പ്രായമായവരുമാണ്. പുതിയ റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്ന നടപടികളുടെ ഭാഗമായി കഴിഞ്ഞദിവസം കരട് മുന്‍ഗണനാപട്ടിക പുറത്തിറക്കിയിരുന്നു. നേരത്തേ തദ്ദേശസ്ഥാപനങ്ങളുടെ അടിസ്ഥാനത്തിലാണു മുന്‍ഗണാപട്ടിക തയാറാക്കിയത്. എന്നാല്‍, ഇതില്‍ മാറ്റം വരുത്തി സംസ്ഥാനതലത്തില്‍ റാങ്കിങു നല്‍കിയാണു പുതിയ കരട് പട്ടിക തയാറാക്കിയത്.
ഇതിനെക്കുറിച്ചാണു വ്യാപക ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ ഭക്ഷ്യധാന്യം ലഭിക്കില്ലെന്ന സ്ഥിതി കൂടി വന്നതോടെയാണു ജനം കൂട്ടത്തോടെ പരാതിയുമായി എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."