അനധികൃത നിര്‍മാണങ്ങള്‍ക്കും കൈയേറ്റങ്ങള്‍ക്കുമെതിരേ കര്‍ശന നടപടി
നീലേശ്വരം: പൊതുസ്ഥലങ്ങള്‍ അനധികൃതമായി കൈവശം വച്ചവര്‍ക്കും അനധികൃത നിര്‍മാണങ്ങള്‍ നടത്തിയവര്‍ക്കുമെതിരേ നീലേശ്വരം നഗരസഭ കര്‍ശന നടപടികള്‍ സ്വീകരിച്ചു തുടങ്ങി. നഗരസഭയുടെ പുറമ്പോക്കു സ്ഥലങ്ങള്‍ കൈയേറിയവര്‍ക്കു 15 ദിവസത്തിനകം സ്ഥലം ഒഴിഞ്ഞു പോകാന്‍ നോട്ടിസ് നല്‍കിയതോടൊപ്പം 1,42,00000 രൂപ പിഴ ചുമത്തി താല്‍ക്കാലിക ഉത്തരവു നല്‍കുകയും ചെയ്തു.
ലക്ഷങ്ങള്‍ വില വരുന്ന സ്ഥലങ്ങളാണു കാലങ്ങളായി പലരും കൈവശം വച്ചിട്ടുള്ളതെന്നാണു പ്രാഥമിക സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. ഈ സ്ഥലങ്ങള്‍ വീണ്ടെടുത്തു പൊതുജനങ്ങള്‍ക്കു പ്രയോജനകരമായ പ്രോജക്ടുകള്‍ക്കായി ഉപയോഗപ്പെടുത്താനാണു നഗരസഭാ കൗണ്‍സിലിന്റെ തീരുമാനം.
മാര്‍ക്കറ്റ് ജങ്ഷനില്‍ അനധികൃതമായി നിര്‍മിച്ച ഹോട്ടലിന്റെ ഭാഗം പൊളിച്ചു നീക്കുകയും പിഴ ചുമത്തുകയും ചെയ്തു. നഗരസഭാ സെക്രട്ടറി എന്‍.കെ ഹരീഷിന്റെ നേതൃത്വത്തില്‍ മുനിസിപ്പല്‍ എന്‍ജിനീയര്‍ ഉമേഷ് നാരായണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍കരീം, ഓവര്‍സിയര്‍ വി മോഹനന്‍, സൂപ്രണ്ട് ആര്‍.വി ശിവലിംഗം എന്നിവരടങ്ങുന്ന സംഘമാണു കൈയേറ്റം ഒഴിപ്പിച്ചത്.
ദേശീയപാതയുടെ വിവിധ ഭാഗങ്ങള്‍ കൈയേറി അനധികൃത വ്യാപാരം നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനായി എച്ച്.ഐക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനു മുനിസിപ്പല്‍ എന്‍ജിനിയറേയും ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."