നഗരസഭ പരിധിയില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍
വടക്കാഞ്ചേരി: മിണാലൂര്‍ സ്വദേശിയായ വീട്ടമ്മയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ പ്രതിയായ നഗരസഭ കൗണ്‍സിലര്‍ പി.എന്‍ ജയന്തനേയും ഇദ്ദേഹത്തെ നിയമ വ്യവസ്ഥയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കൂട്ട് നിന്ന കൗണ്‍സിലര്‍മാരായ പി.ആര്‍ അരവിന്ദാക്ഷന്‍, അഡ്വ. എന്‍.എസ് മനോജ്, മധു അമ്പലപ്പുരം എന്നിവരും രാജിവെക്കണമെന്നും ഇവര്‍ക്കെതിരെ കേസെടുത്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് വടക്കാഞ്ചേരി നഗരസഭ അതിര്‍ത്തിയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍ അരങ്ങത്ത്, സെക്രട്ടറി കെ.അജിത്ത്കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍.
കടകളടച്ചും, വാഹനങ്ങള്‍ നിരത്തിലിറക്കാതെയും സഹകരിക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കുന്നത് വരെ ജനകീയ സമരവുമായി മുന്നോട്ട് പോകും.
പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമര പരിപാടികളും സംഘടിപ്പിക്കും. നഗരസഭ യോഗങ്ങള്‍ നടത്താന്‍ അനുവദിക്കില്ല.
നഗരസഭയുടെ പൊതു പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. പ്രതികളുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജിജോ കുരിയന്‍, എന്‍.ആര്‍ സതീശന്‍, പി.വി നാരായണസ്വാമി, സിന്ധു സുബ്രഹ്മണ്യന്‍, ബുഷററഷീദ്, ആനി ജോസ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."