ഭക്ഷ്യസുരക്ഷാ പരിശോധന പ്രഹസനമാകുന്നു
വാളയാര്‍: കേരളത്തിലെത്തുന്ന പച്ചക്കറികളിലെയും പഴവര്‍ഗങ്ങളിലെയും വിഷാംശം കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ പരിശോധനകള്‍ പ്രഹസനമാകുന്നു. ജില്ലയിലെ പച്ചക്കറി ചന്തകളില്‍ നിന്നു സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി എറണാകുളം അനലറ്റിക്കല്‍ ലാബിലേക്ക് അയച്ചാല്‍ രണ്ടാഴ്ച കഴിഞ്ഞേ ഇതിന്റെ പരിശോധന ഫലം ലഭിക്കൂകയുള്ളൂ. ലാബില്‍ നിന്നു സാംപിളുകളുടെ പരിശോധനാ ഫലം ലഭിക്കാന്‍ വൈകുന്നത് നടപടികളെ സാരമായി ബാധിക്കും. ഒരാഴ്ചക്കുള്ളില്‍ പരിശോധനാ ഫലം ലഭ്യമാക്കണമെന്നായിരുന്നു നിര്‍ദേശമെങ്കിലും ഫലം ലഭിക്കാന്‍ രണ്ടു മാസം വരെ കാത്തിരിക്കാറുണ്ടെന്നു ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നത്. വിഷാംശം കണ്ടെത്തിയാല്‍ ആ ഭാഗത്തു നിന്നു വരുന്ന പഴം പച്ചക്കറികള്‍ക്ക് നിരോധന ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം.
തമിഴ്‌നാട്ടിലെ സേലം, പൊള്ളാച്ചി, ഉദുമല്‍പേട്ട എന്നിവിടങ്ങളില്‍ നിന്നും ആന്ധ്ര, ഹിമാചല്‍പ്രദേശ്, അരുണാചല്‍പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രധാനമായും പച്ചക്കറികള്‍ കേരളത്തിലെത്തുന്നത്. ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താനും നേരത്തെ നടപടി ആരംഭിച്ചിരുന്നു.
പാല്‍, വെളിച്ചെണ്ണ തുടങ്ങി ദ്രാവക ഉല്‍പന്നങ്ങളിലെ മായം കണ്ടെത്താന്‍ കഴിഞ്ഞ തവണ ജില്ലയ്ക്കു മൊബൈല്‍ ലാബ് അനുവദിച്ചിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കുമെന്നതാണ് മൊബൈല്‍ ലാബിന്റെ പ്രത്യേകത. മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി തുടങ്ങി ഉല്‍പന്നങ്ങളിലും മായം കലര്‍ത്തുന്നുണ്ടെന്ന പരാതി ലഭിച്ചിട്ടുണ്ട്.
ഇവയുടെ സാംപിളുകളും ശേഖരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ നേരത്തെ അറിയിച്ചു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്കെത്തുന്ന പച്ചക്കറി ഉള്‍പ്പെടെയുള്ള ഭക്ഷ്യ ഉല്‍പന്നങ്ങളിലെ വിഷാംശവും മായവും കണ്ടെത്താന്‍ ജില്ലയില്‍ ആവശ്യത്തിനു ഉദ്യോഗസ്ഥരില്ലാത്തതാണ് പരിശോധനകള്‍ പ്രഹസനമാകാന്‍ കാരണമാകുന്നത്.
ജില്ലയിലെ 13 ചെക്‌പോസ്റ്റുകളിലായി ആകെ ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണറും മൂന്നു ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുമുള്‍പ്പെടെ നാലു ഉദ്യോഗസ്ഥരാണ് ഭക്ഷ്യസുരക്ഷ വിഭാഗത്തിലെ പരിശോധനയ്ക്കായി ഉള്ളത്.
ഭക്ഷ്യസുരക്ഷ വിഭാഗത്തില്‍ മതിയായ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ അതിര്‍ത്തി ചെക്കുപോസ്റ്റുകള്‍ വഴി ദിനംപ്രതി പഴം പച്ചക്കറി ഉള്‍പ്പെടെയുള്ള മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കളുടെ ഒഴുക്ക് വര്‍ധിച്ചിരിക്കുകയാണ്.
വിഷു, ഓണം, പെരുന്നാള്‍, ക്രിസ്തുമസ് പോലുള്ള ആഘോഷങ്ങളുടെ സമയത്തുമാത്രമാണ് അതിര്‍ത്തി ചെക്കുപോസ്റ്റുകളില്‍ കാര്യമായ പരിശോധനകള്‍ നടക്കുന്നതെന്നതും പിന്നീട് പരിശോധനകള്‍ പ്രഹസനമാകുന്നതാണ് മായം കലര്‍ന്ന വസ്തുക്കള്‍ കേരളത്തിലെത്താന്‍ സഹായകമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."