പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചു
കോഴിക്കോട്: മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തെ അനധികൃത കച്ചവടക്കാരെ കോര്പറേഷന് ഒഴിപ്പിച്ചു. പൊതുസ്ഥലങ്ങള്‍ കൈയേറുന്നതിനെതിരേ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ബസ് സ്റ്റാന്‍ഡിന് സമീപത്തെ തെരുവോര പഴക്കച്ചവടക്കാരെ ആരോഗ്യ വകുപ്പ് അധികൃതര്‍ ഒഴിപ്പിച്ചത്. നഗരത്തിലെ ഫുട്പാത്തുകളും റോഡുകളും പൊതുസ്ഥലങ്ങളും കൈയേറുന്നതിനെതിരേ നടപടി സ്വീകരിക്കാന്‍ കോര്പറേഷന് കഴിഞ്ഞദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് നടപടി ആരംഭിച്ചത്. പാളയത്തും മൊയ്തീന് പള്ളിക്കു സമീപവും ഫുട്പാത്ത് കൈയേറി കച്ചവടം ചെയ്യുന്നത് അടുത്ത ദിവസങ്ങളിലായി നീക്കം ചെയ്യും. പൊതുസ്ഥലങ്ങള്‍ കൈയേറുന്നതിനെതിരേ അടുത്തദിവസങ്ങളില്‍ നടപടി ശക്തമാക്കാനാണ് തീരുമാനമെന്ന് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കെ.വി ബാബുരാജ് പറഞ്ഞു. അതേസമയം, കോര്പറേഷന് നടപടിക്കെതിരേ തെരുവോര പഴച്ചക്കടവക്കാര് രംഗത്തുവന്നു. വന്‍കിട കൈയേറ്റക്കാര്ക്കുനേരെ കണ്ണടയ്ക്കുന്ന കോര്പറേഷന് പാവപ്പെട്ട തെരുവോര കച്ചവടക്കാരെ ദ്രോഹിക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."