1965ല്‍ മാസം 45 ലക്ഷം വരുമാനമുണ്ടായിരുന്ന കെഎസ്ആര്‍ടിസി 2016 ല്‍ തകര്‍ന്നുതരിപ്പണമായതെങ്ങനെ?
പഴമകളുടെ ഓര്‍മച്ചിത്രങ്ങളില്‍ പരന്നു കിടക്കുന്ന പാടങ്ങള്‍ക്കിടയിലൂടെ മരങ്ങളെ വകഞ്ഞു മാറ്റി നീണ്ട കറുത്ത റോഡിലൂടെ ഓടി നീങ്ങുന്ന ആനവണ്ടികള്‍ സാധാരണക്കാരന്റെ അഹങ്കാരമായിരുന്നു.
വികസനം എത്തിനോക്കാത്തിടത്ത് ഇടവിട്ട് കയറിയിറങ്ങി മാമലനാട്ടിനെ നഗരവീഥികളിലേയ്ക്ക്, മലയാളികളുടെ തിരക്കിലേയ്ക്ക് കൈപിടിച്ചിറക്കിയ കെ.എസ്.ആര്‍.ടി.സി ക്ക് ഇന്ന് മലയാളികള്‍ ഒരു കൈകൊടുത്ത് സഹായിക്കേണ്ട അവസ്ഥയിലാണ്.
അല്‍പ്പം പഴയചരിത്രം
കേരളം രൂപീകരിക്കുന്നതിനു മുമ്പുതന്നെ കെ.എസ്.ആര്‍.ടി.സിയുടെ തുടക്കം രാജകീയ പ്രൗഢിയിലായിരുന്നു. അറുപതോളം വണ്ടികള്‍ ഇംഗ്ലണ്ടില്‍നിന്ന് ഇറക്കുമതി ചെയ്ത് 1937 യില്‍ ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ ട്രാവന്‍കൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ടിന് തുടക്കം കുറിച്ചു. 1938 ഫെബ്രുവരി 20 മുതല്‍ തീരുവിതാംകൂറിന്റെ രാജവീഥികളിലൂടെ യാത്രക്കാരെയും കയറ്റി സഞ്ചാരയോഗ്യമായതോടെ ലാഭക്കണക്കും ഉയര്‍ന്നു.
സംസ്ഥാനം രൂപം കൊണ്ടതോടെ ട്രാവന്‍കൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ലയിപ്പിച്ച് 1965 മാര്‍ച്ച് 15ന് സ്വയംഭരണ സ്ഥാപനമായി കെ.എസ്.ആര്‍.ടി.സിയായി മാറി. 901 ബസുകളോടെ 661 ഷെഡ്യൂളുകള്‍ പ്രവര്‍ത്തിച്ച് ദിവസം ശരാശരി 1.54 ലക്ഷം രൂപ വരുമാനം നേടിയിരുന്നു അന്ന്. മാസം ഏകദേശം 45 ലക്ഷം വരുമാനം. 6352 ജീവനക്കാരുടെ കഠിനമായ പ്രയത്‌നം കെ.എസ്.ആര്‍.ടി.സിയെ പ്രശംസനീയമാക്കി.
വര്‍ത്തമാനകാല ചരിത്രം
യാത്രക്കാരുടെ മനസിന്റെ വലിപ്പം മനസ്സിലാക്കാന്‍ കോര്‍പറേഷനൊ ജീവനക്കാര്‍ക്കൊ ആയില്ല എന്നതാണ് സത്യം. സ്വയംഭരണത്തിന്റെ സ്വാതന്ത്ര്യം നുകര്‍ന്ന് യൂണിയനുകളും ജീവനക്കാരും വകുപ്പ് കൈകാര്യം ചെയ്യുന്നവരും പരസ്പരം മത്സരിച്ചും കൊടി പിടിച്ചും നീങ്ങി. ഇതോടെ വണ്ടികള്‍ പലതും കട്ടപ്പുറത്തായി. റൂട്ടുകള്‍ കട്ടായി. ജനങ്ങളുടെ വിശ്വാസത്തിന് മങ്ങലേറ്റു. കെ.എസ്.ആര്‍.ടി.സിയുടെ നാള്‍വഴികളില്‍നിന്നു പുരോഗതി എന്ന വാക്ക് അപ്രത്യക്ഷമായി. കടം കയറി മുടിഞ്ഞ കെ.എസ്.ആര്‍.ടി.സിക്ക് ഈ മാസത്തെ ശമ്പളവും നല്‍കാന്‍ 55 കോടി വേണ്ടി വരും. എന്നാല്‍ പ്രതിമാസം 100 കോടിയോളം രൂപ കടത്തില്‍ ഓടുന്ന കെ.എസ്.ആര്‍.ടിസി ക്ക് ഈ തുക എങ്ങനെ കണ്ടെത്താനാവും.
തൊണ്ണൂറ്റി ഒന്‍പത് ഡിപ്പോകളുള്ളതില്‍ അറുപത്തിമൂന്ന് എണ്ണവും പണയത്തിലാണ്.കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ ഡിപ്പോ പണയംവച്ചാണ് കഴിഞ്ഞ മാസം ജീവനക്കാര്‍ക്ക് ശബളം നല്‍കിയത്. അടുത്ത മാസം ശബളവും പെന്‍ഷനും നല്‍കാന്‍ പണയ ഡിപ്പോ തേടി പരക്കം പായുകയാണ് കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍. കഴിഞ്ഞ തവണ കെ.ടി.ഡി.എഫ്.സിയില്‍നിന്ന് എഴുപത് കോടി രൂപ കടമെടുത്താണ് ശമ്പളം നല്‍കിയത്.
ശമ്പളം വൈകിയതിനെ തുടര്‍ന്ന് ജീവനക്കാരില്‍ ഒരു വിഭാഗം ജോലിയില്‍നിന്നു വിട്ടു നിന്നിരുന്നു. സര്‍വീസുകള്‍ മിക്കതും മുടങ്ങി, നാലു ദിവസം വൈകിയാണ് വായ്പ സംഘടിപ്പിച്ചെടുത്ത് ശമ്പളം നല്‍കിയത്. ഈ വായ്പയ്ക്കു നല്‍കേണ്ട പലിശ 14.5 ശതമാനമാണ്.
ഇന്ധനവകയില്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക നൂറു കോടി കവിഞ്ഞു. ഇത് ബാലന്‍സ് ചെയ്ത് കുടിശിക കുറച്ചു കൊണ്ടുവരുന്നതിനായി പത്തു പ്രധാന ഡിപ്പോകളുടെ പ്രതിദിന കളക്ഷന്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കി വരുന്നു.
പണയപട്ടികയില്‍പെടാതെ ശേഷിക്കുന്ന മുപ്പത്തിയാറു ഡിപ്പോകളില്‍ അഞ്ചെണ്ണം വര്‍ക് ഷോപ്പുകളാണ്. അഞ്ചു ഡിപ്പോകള്‍ കെ.ടി.ഡി.എഫ് സി യുടെ അധീനതയിലാണ്. ബാക്കിയുള്ളവയ്ക്ക് മതിയായ രേഖകളില്ല. ചില സ്ഥലങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൈമാറിയ ഭൂമിയിലാണ്. പലതിനും പട്ടയമില്ലെന്ന പ്രശ്‌നവുമുണ്ട്. ഇനി വായ്പ തരില്ലെന്ന് പല ബാങ്കുകളും അറിയിച്ചിരിക്കുകയാണ്. ബാങ്കുകളെ ആശ്രയിക്കാന്‍ പറ്റാതായതോടെ പിടിവള്ളിയായിരുന്നത് കെ.ടി.ഡി.എഫ്.സി വഴിയുള്ള വായ്പയായിരുന്നു. അവരും കൈയൊഴിയുകയാണ്.
2016 ജൂലായ് 31 വരെയുള്ള കണക്കനുസരിച്ച് 4454 കോടി രൂപ കോര്‍പറേഷന്‍ വായ്പ മേടിച്ച ഇനത്തില്‍ കൊടുക്കാനുള്ളതാണ്. ഇതില്‍ സര്‍ക്കാര്‍ വായ്പ 1704.66 കോടിയും, കെ.ടി.ഡി.എഫ്.സി 599. 26 കോടിയും, തിരുവനന്തപുരം എസ് ബി ടി 197.50 കോടിയും ഹഡ്‌കോ 280.16 കോടിയും ബാങ്ക് കണ്‍സോര്‍ഷ്യം 1287.26 കോടിയും പാലക്കാട് ജില്ലാ സഹകരണ ബാങ്കില്‍നിന്നു 179. 20 കോടിയും. എറണാകുളം ജില്ലാ സഹകരണ ബാങ്കില്‍ നിന്നും 100.89 കോടിയും ഇതിനു പുറമെ എല്‍.ഐ.സിയില്‍ നിന്ന് 98.26 കോടിയും വായ്പ എടുത്തിട്ടുണ്ട്.
ആനവണ്ടി നഷ്ടത്തില്‍നിന്നു നഷ്ടത്തിലേയ്ക്കു കൂപ്പുകുത്തുമ്പോഴും 1500 മുതല്‍ 3000 രൂപ വരെ മാത്രം കലക്ഷന്‍ ലഭിക്കുന്ന എം.എല്‍.എമാരുടെ ഇരുന്നൂറോളം ശുപാര്‍ശ സര്‍വിസുകള്‍ മുടങ്ങാതെ ഓടിക്കുമ്പോള്‍ പ്രതിദിനം മുപ്പതിനായിരം രൂപ വരുമാനമുള്ള 'ഗോള്‍ഡന്‍ റൂട്ടുകള്‍' നിര്‍ത്തലാക്കി.
സമാന്തര സര്‍വിസ് നടത്തുന്ന പ്രൈവറ്റ് ബസുകള്‍ ടെമ്പോ ടാക്‌സി വാഹനങ്ങളുടെ ഉടമകളായ ഉന്നതരെ സഹായിക്കാന്‍ കോര്‍പറേഷനിലെ ഉദ്യോഗസ്ഥരില്‍ ചിലര്‍ വഴിവിട്ട് സഹായിക്കുന്നത് മറുഭാഗത്ത് തകൃതിയായി നടത്തി വരുന്നു.
അധിക വരുമാനം ലക്ഷ്യംവച്ച് കെ.എസ്.ആര്‍.ടി.സി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മിച്ചതും നിര്‍മ്മിച്ച് കൊണ്ടിരിക്കുന്നതുമായ ഷോപ്പിംങ് കോംപ്ലക്‌സുകള്‍ കൂടുതല്‍ കടബാധ്യതയിലേയ്ക്ക് കൊണ്ട് ചെന്നത്തിച്ചിരിക്കുകയാണ്.
തിരുവനന്തപുരം നഗരഹൃദയത്തിലെ ബസ്സ് സ്റ്റാന്റ് ഉള്‍പ്പടെയുള്ള ഷോപ്പിംങ് കെട്ടിട സമുച്ചയം അതിനൊരുദാഹരണമാണ്.
അടുത്ത കാലത്തായി ആരംഭിച്ച വോള്‍വോ, സ്‌കാനിയ, ലോ ഫ്‌ളോര്‍ ബസുകള്‍ തുടങ്ങിയവ ലാഭകരമായ സര്‍വിസ് നടത്തുന്നുണ്ടങ്കിലും യഥാസമയം അറ്റകുറ്റപണികള്‍ നടത്താത്തത് തിരിച്ചടിയാവുന്നു.
കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലുടെ 2016 ലെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് നഷ്ടമുണ്ടാക്കുന്ന 53 പൊതുമേഖല സ്ഥാപനങ്ങളുടെ സഞ്ചിത വാര്‍ഷിക നഷ്ടം 889 കോടിയാണ്, ഇതില്‍ കെ. എസ്.ആര്‍.ടി.സി മാത്രമുണ്ടാക്കുന്ന നഷ്ടം 508 കോടി രൂപയാണ്.
പൊതുമേഖലാ സ്ഥാപനങ്ങളെ വളര്‍ത്തിയെടുക്കേണ്ടതും നിലനിര്‍ത്തേണ്ടതും നമ്മുടെ ഓരോരുത്തരുടെയും കര്‍ത്തവ്യമാണ്. മലയാളിയുടെ അഹങ്കാരം തന്നെയാണ് കെ.എസ്.ആര്‍.ടി.സി. ഇന്ത്യയില്‍ കര്‍ണാടകയും തമിഴ്‌നാടും ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ സ്റ്റേറ്റ് ബസുകള്‍ ലാഭത്തില്‍ സര്‍വിസ് നടത്തുമ്പോള്‍ കേരളത്തില്‍ സ്വകാര്യ ബസ് സര്‍വീസും ആനവണ്ടിക്കൊപ്പം നിരത്തിലുണ്ട്.
ഇപ്പോഴത്തെ സ്വകാര്യബസുകളോട് കിടപിടിക്കാന്‍ ആനവണ്ടികള്‍ക്കാവുന്നില്ല. അതു മാത്രമാണ് നഷ്ടത്തിന് കാരണമെന്ന് പറഞ്ഞൊഴിയുവാന്‍ കഴിയില്ല.
കടമകളും ഉത്തരവാദിത്വങ്ങളും മറന്ന് അവകാശങ്ങള്‍ക്ക് വേണ്ടി മാത്രം ശബ്ദമുയര്‍ത്തുന്ന തൊഴിലാളികളും കാര്യക്ഷമതയില്ലാത്ത മാനേജ്‌മെന്റും സ്വയംഭരണത്തിന്റെ സ്വാതന്ത്ര്യം ആഘോഷിച്ച് യൂണിയനുകളും ജീവനക്കാരും വകുപ്പ് കൈ കാര്യം ചെയ്യുന്നവരും അടങ്ങുന്ന ഒരു കൂട്ടം ആളുകള്‍ക്കും മാറിമാറി വന്ന സര്‍ക്കാറിനും കെ.എസ്.ആര്‍.ടി.സിയുടെ തകര്‍ച്ചയ്ക്ക് ഉത്തരവാദിത്വമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."