മഞ്ചേരിയിലെ നിലവിലെ ഗതാഗത പരിഷ്‌കാരത്തിന് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ
മഞ്ചേരി: നഗരത്തിലെ നിലവിലെ ഗതാഗത പരിഷ്‌കരണത്തിന് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ. ബസ് ഉടമസ്ഥരുടെ ഹരജി പ്രകാരം കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയത്. ഇതോടെ മലപ്പുറം, പെരിന്തല്‍മണ്ണ റൂട്ടിലെ ബസുകള്‍ മൂന്ന് ബസ് സ്റ്റാന്‍ഡിലും കയറിയിറങ്ങണമെന്നാണ് നിര്‍ദേശം . മറ്റു റൂട്ടുകളിലെ സര്‍വീസുകള്‍ മുന്‍പുണ്ടായിരുന്നത് പ്രകാരം തുടരാനും നിര്‍ദേശിച്ചു. പെരിന്തല്‍മണ്ണ, മലപ്പുറം ബസുകള്‍ പാണ്ടിക്കാട് റോഡിലെ സീതിഹാജി ബസ് സ്റ്റാന്‍ഡില്‍ നിന്നു പുറപ്പെട്ട് പഴയ ബസ് സ്റ്റാന്‍ഡ്-മെഡിക്കല്‍ കോളജ്-ഐ.ജി.ബി.ടി വഴി പോവും. തിരിച്ചു വരുമ്പോള്‍ ഐ.ജി.ബി.ടി-തുറക്കല്‍-സെന്‍ട്രല്‍ ജങ്ഷന്‍ വഴി സീതിഹാജി സ്റ്റാന്‍ഡിലെത്തണം. ഇന്നലെ മുതല്‍ തന്നെ ഈ രീതിയില്‍ ബസുകള്‍ സര്‍വീസ് നടത്തി. അതേസമയം പുതിയ ഉത്തരവ് പ്രകാരം മഞ്ചേരിയിലെ യാത്രക്കാര്‍ക്ക് സുഖമമായ യാത്ര സാധ്യമായെന്ന് ബസുടമസ്ഥര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നിലവിലുള്ള ഫെയര്‍ സ്റ്റേജ് സീതിഹാജി ബസ് സ്റ്റാന്‍ഡാണ്. ഇത് മാറ്റിക്കൊണ്ടുള്ള ഉത്തരവാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. കച്ചേരിപ്പടിയില്‍ യാത്ര അവസാനിപ്പിക്കേണ്ടി വരുന്നത് യാത്രക്കാര്‍ക്കു കടുത്ത ദുരിതമായിരുന്നുവെന്നും ബസ് ഉടമകള്‍പറഞ്ഞു. പക്കീസ കുഞ്ഞിപ്പ, രായിന്‍കുട്ടി, കാരപുള അബ്ദുറഹ്മാന്‍, ഇകെ ചെറി, ബാബു കാരാശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."