തദ്ദേശ സ്ഥാപനങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങളുമായി കരാറുണ്ടാക്കുന്നതില്‍ ജാഗ്രതപാലിക്കാന്‍ നിര്‍ദേശം
ചേലേമ്പ്ര: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങളുമായി കരാറുണ്ടാക്കുന്നതില്‍ ശ്രദ്ധവേണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നമഃകിയെന്നു മന്ത്രി കെ.ടി ജലീല്‍. നിയമസഭയില്‍ പി. അബ്ദുല്‍ഹമീദ് എം.എല്‍.എയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ചേലേമ്പ്ര പഞ്ചായത്തിലെ ഗ്രാമം ആരാമം പദ്ധതിയുടെ ഭാഗമായി കര്‍ണാടകയിലെ മാണ്ഡ്യയിലേക്കയച്ച ലോറികള്‍ തമിഴ്നാട്ടില്‍ പിടിക്കപ്പെട്ട സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുവെന്നും അതേക്കുറിച്ച് അടിയന്തിര അന്വേഷണം നടത്തണമെന്നുമാണ് പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ആവശ്യപ്പെട്ടത്.
ലോഡ് ഒന്നിന് 27,000 രൂപ എന്ന തരത്തില്‍ നിറവ് വേങ്ങേരി എന്ന സ്ഥാപനവുമായാണ് പഞ്ചായത്ത് കരാറൊപ്പിട്ടിരുന്നത്.
നിറവ് വേങ്ങേരിക്ക് ഒരു നയാ പൈസ നല്കരുതെന്നു ശക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇത്തരമൊരു വഞ്ചന കാണിച്ചതിനു നിറവിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും ഡ്രൈവര്‍മാര്‍ ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയിട്ടുണ്ടെന്നും കേരള ഡി.ജി.പി കോയമ്പത്തൂരിലെ എ.ഡി.ജി.പിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മന്ത്രി മറുപടിയില്‍ പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ 24ന് മന്ത്രി കെ.ടി ജലീലും എം.എല്‍.എയും പങ്കെടുത്ത ചടങ്ങിലാണ് മാലിന്യം ലോറിയില്‍ കയറ്റിയയച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."