മലയോര മേഖലയിലെ ഭൂമി ചുളുവിലയ്ക്ക് തട്ടിയെടുക്കാന്‍ ഭൂമാഫിയകള്‍ രംഗത്ത്
നിലമ്പൂര്‍: പുള്ളിപ്പാടം വില്ലേജില്‍ ഉള്‍പ്പെട്ട ചാലിയാര്‍ പഞ്ചായത്തിലെ മലയോര മേഖലയിലെ സ്ഥലങ്ങള്‍ ചുളുവിലയ്ക്ക് തട്ടിയെടുക്കാന്‍ ഭൂമാഫിയ രംഗത്ത്. ഇടനിലക്കാരെ കളത്തിലിറക്കിയാണ് ഈ സാമ്പത്തിക പ്രതിസന്ധി ചൂഷണം ചെയ്ത് കുറഞ്ഞ വിലയ്ക്ക് ഭൂമി കൈക്കലാക്കുന്നത്. നിലമ്പൂര്‍-നായാടംപൊയില്‍ മലയോര പാതയില്‍ വെണ്ടേക്കുംപൊയില്‍, മേലേമങ്ങാട്, പതിനാലാം ബ്ലോക്ക് തുടങ്ങിയ ഭാഗങ്ങളില്‍ ഏക്കറിന് എട്ട് മുതല്‍ പതിനാല് ലക്ഷം രൂപ വരെ നല്‍കിയാണ് ഭൂമി വാങ്ങിക്കൂട്ടുന്നത്. കാര്‍ഷിക വിലയിടിവും വിളനാശവും മൂലം കടക്കെണിയിലായതാണ് കര്‍ഷകരെ കുറഞ്ഞ വിലക്ക് ഭൂമി വില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്.
ജില്ലയിലെ പ്രധാന ജലടൂറിസം കേന്ദ്രമായ കോഴിപ്പാറയിലേക്കും ഊര്‍ങ്ങാട്ടിരി വില്ലേജില്‍പെട്ട കരിമ്പിലെ സ്വകാര്യ പാര്‍ക്കിലേക്കും നൂറുകണക്കിന് വിനോദസഞ്ചാരികള്‍ ദിവസേന എത്തുന്ന സ്ഥലമായതിനാല്‍ റിസോര്‍ട്ടുകളും മറ്റും നിര്‍മിക്കാന്‍ ലക്ഷ്യമിട്ടാണ് വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടുന്നത്. നിലമ്പൂര്‍-നായാടം പൊയില്‍ മലയോരപാത റബറൈസ് ചെയ്യാന്‍ കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ 15 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ഈ പ്രവൃത്തികൂടി പൂര്‍ത്തീകരിച്ചാല്‍ മേഖലയില്‍ ഭൂമി വില കുതിക്കുമെന്ന് മുന്‍ കൂട്ടി കണ്ടാണ് ഭൂമി വാങ്ങുന്നത്. ആറോളം ഇടനിലക്കാരാണ് ഭൂമി വില്‍പനയില്‍ സജീവമായി രംഗത്തുള്ളത്. കര്‍ഷകരില്‍ നിന്നും വാങ്ങുന്ന ഭൂമി ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷങ്ങളുടെ ലാഭത്തിനാണ് ഇടനിലക്കാര്‍ മറിച്ചുവില്‍ക്കുന്നത്. വില്ലേജ് രജിസ്ട്രാര്‍ ഓഫീസുകളിലെ ചിലരെ സ്വാധീനിച്ച് ആധാരത്തില്‍ കുറഞ്ഞ വില കാണിച്ചുമാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. ഈ ഭാഗത്തെ ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട് ചില രേഖകള്‍ വ്യാജമായി നിര്‍മിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം പുള്ളിപ്പാടം വില്ലേജ് ഓഫീസറെ നാട്ടുകാര്‍ താമസസ്ഥലത്ത് പൂട്ടിയിട്ടത്. പുള്ളിപ്പാടം വില്ലേജ് പരിധിയിലെ ഇത്തരം സംഭവങ്ങളെ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം പ്രഭാകരന്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നു കഴിഞ്ഞു. കടബാധ്യത അനുദിനം വര്‍ധിക്കുന്നതിനാല്‍ ഗത്യന്തരമില്ലാതെ കിട്ടുന്ന വിലയ്ക്ക് ഭൂമി വില്‍ക്കാന്‍ പലരും നിര്‍ബന്ധിതമായിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിയിറങ്ങിയ പ്രദേശം കൂടിയാണ് ഇത്. 1970കളുടെ തുടക്കത്തില്‍ കുടിയേറിയ നിരവധി കര്‍ഷക കുടുംബങ്ങളാണ് ഇവിടെ സ്ഥിരതാമസമാക്കിയിരുന്നത്. മണ്ണില്‍ വിയര്‍പ്പൊഴുക്കി പണിയെടുത്തെങ്കിലും കൃഷികള്‍ നശിച്ചതോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് കിട്ടുന്ന വിലക്ക് കിടപ്പാടം വിറ്റ് കര്‍ഷകര്‍ മലയിറങ്ങുന്നത്. നിലവിലെ ഭൂമി വില അനുസരിച്ച് ഏക്കറിന് 25 ലക്ഷം രൂപയെങ്കിലും ലഭിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളാണ് ഭൂമാഫിയ ഇപ്പോള്‍ ചുളുവിലയ്ക്ക് സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."