ജില്ലാ അതിര്‍ത്തിയിലെ ഒതളൂര്‍ റോഡ് ശോചനീയാവസ്ഥയില്‍
കുന്നംകുളം: തൃശൂര്‍, മലപ്പുറം ജില്ലാ അതിര്‍ത്തിയിലെ ഒതളൂര്‍ റോഡ് ശോചനീയാവസ്ഥയില്‍. ടാറിങ് തകര്‍ന്ന റോഡിലൂടെയുള്ള യാത്ര വാഹന യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഒതളൂര്‍ റോഡിലെ അരക്കിലോ മീറ്റര്‍ ദൂരം വരുന്ന ഭാഗത്താണ് ഇപ്പോള്‍ തകര്‍ന്ന് കിടക്കുന്നത്. രണ്ട് വര്‍ഷം മുന്‍പാണ് റോഡ് ടാറിങ് നടത്തിയത്.
ശേഷം റോഡ് പൊളിഞ്ഞിളകാന്‍ തുടങ്ങിയെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നില്ല. ഇപ്പോള്‍ റോഡിലെ ടാറിങ് ഇളകി മെറ്റലുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
റോഡില്‍ നിറഞ്ഞ കല്ലുകളില്‍ തട്ടിമറിഞ്ഞ് കാല്‍നടയാത്രക്കാരും വാഹനയാത്രക്കാരും നിരവധി തവണ അപകടത്തില്‍പെട്ടിട്ടുണ്ട്. പ്രദേശത്ത് മഴ പെയ്തു തുടങ്ങിയാല്‍ റോഡിലെ കുഴികളില്‍ വെളളം നിറഞ്ഞ് അപകടങ്ങള്‍ ഉണ്ടാകുന്നതും പതിവാണ്.
മഴ പെയ്തു കഴിഞ്ഞാല്‍ റോഡിന് ഇരുവശങ്ങളിലുമുളള പാടങ്ങളിലെ വെളളം ഒഴുകിയെത്തുന്നത് റോഡിലേക്കാണ്. ഇതോടെ റോഡും കുഴികളും ഏതാണെന്നും തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയാണുണ്ടാകുന്നത്.
വേനല്‍ക്കാലത്ത് കുഴികളില്‍ നിന്ന് മണ്ണുയര്‍ന്ന് പൊടിക്കാറ്റു വീശുന്നത് അപകടക്കെണിയൊരുക്കുകയാണ്. പെട്ടന്ന് തന്നെ അധികൃതര്‍ റോഡ് ടാറിങ് നടത്താനുളള നടപടിയെടുത്ത് ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."