സര്‍ക്കാര്‍ ഭൂമി കൈയേറി കുടില്‍ കെട്ടിയ സംഭവം; അന്വേഷിക്കാന്‍ തീരുമാനം
ചാവക്കാട്: എടക്കഴിയൂര്‍, അകലാട് കടപ്പുറത്ത് കാറ്റാടി മരങ്ങള്‍ വെട്ടി മാറ്റി സര്‍ക്കാര്‍ ഭൂമി കൈയേറി അനധികൃതമായി കുടില്‍ വച്ചുകെട്ടുന്ന പരാതി അന്വേഷിക്കാന്‍ താലൂക്ക് വികസനസമിതിയില്‍ തീരുമാനം. പുന്നയൂര്‍ പഞ്ചായത്തിലെ എടക്കഴിയൂര്‍, അകലാട് ബീച്ചുകളിലാണ് വ്യാപകമായ കൈയേറ്റം നടക്കുന്നത്. കടല്‍കയറി മണ്ണൊലിച്ചു പോകുന്നത് തടയാന്‍ വനം വകുപ്പ് വെച്ചു പിടിപ്പിച്ച വര്‍ഷങ്ങള്‍ പഴക്കുമുള്ള വലിയ കാറ്റാടി മരങ്ങള്‍ വെട്ടി നീക്കിയാണ് എടക്കഴിയൂര്‍, പുന്നയൂര്‍ വില്ലേജുകളിലെ തീരഭൂമി വ്യാപകമായി കൈയേറിയിട്ടുള്ളത്. ഒരാള്‍ തന്നെ ആവശ്യാനുസരണം വെട്ടിപ്പിടിച്ച് ഒന്നില്‍ കൂടുതല്‍ കുടിലുകള്‍ നിര്‍മിച്ചാണിവിടെ വില്‍പ്പന നടത്തുന്നത്. ഇന്നലെ ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച് സി.പി.ഐ മണ്ഡലം സെക്രട്ടി അഡ്വ. പി.മുഹമ്മദ് ബഷീറാണ് വിഷയം അവതരിപ്പിച്ചത്. സംഭവം അന്വേഷിക്കാന്‍ ചെന്നപ്പോള്‍ വീട് എടുക്കാന്‍ വന്നതാണെന്ന് കരുതി വില്‍ക്കാനുള്ള വീടുകള്‍ ബന്ധപ്പെട്ടയാള്‍ തന്നെ തനിക്ക് ചൂണ്ടി കാണിച്ചതായി ബഷീര്‍ വ്യക്തമാക്കി. പുന്നയൂര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ സീല്‍ വ്യാജമായി നിര്‍മ്മിച്ചാണ് ഇവിടെ വൈദ്യുതി കണക്ഷന്‍ നേടിയിട്ടുള്ളതെന്ന ആരോപണവുമുണ്ടായി. അകലാട് മേഖലയില്‍ കൈയേറ്റം നടക്കുന്ന മുറക്ക് പുന്നയൂര്‍ വില്ലേജ് ഓഫിസര്‍ താഹസില്‍ ദാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് അറിയിച്ച റിപ്പോര്‍ട്ടുകള്‍ അടുത്തയോഗത്തില്‍ വായിക്കണമെന്നും ബഷീര്‍ ആവശ്യപ്പെട്ടു.
സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ അഡീഷണല്‍ താഹസിദാര്‍ ചുമതലപ്പെടുത്താമെന്ന് താഹസില്‍ദാര്‍ അറിയിച്ചു. കടിക്കാട് വില്ലേജ് ഓഫീസ് യാഥാര്‍ത്ഥ്യമാക്കണമെന്ന് മുസ്ലിം ലീഗ് പ്രതിനിധി മന്ദലാംകുന്ന് മുഹമ്മദുണ്ണി ആവശ്യപ്പെട്ടു. നഗരത്തിലെ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് അമിത വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ഭീഷണിയാകുന്നുവെന്നും സീബ്രാ ലൈനുള്ള ഭാഗങ്ങളില്‍ പൊലിസിനെ നിര്‍ത്തി ജനങ്ങള്‍ക്ക് റോഡ് മുറിച്ചു കടക്കാനുള്ള സൗകര്യമുണ്ടാക്കണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഉമര്‍ ആവശ്യപ്പെട്ടു. പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.പി ഷാഹു, എം.കെ ഷംസുദ്ധീന്‍, താഹസില്‍ദാര്‍ ഗിരീഷ്, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."