വടക്കാഞ്ചേരിയില്‍ വികസന മുരടിപ്പെന്ന്: യു.ഡി.എഫ്
വടക്കാഞ്ചേരി: ഒരു വര്‍ഷം കൊണ്ട് ഇടത് മുന്നണിയുടെ നേതൃത്വത്തിലുള്ള നഗരസഭ ഭരണ സമിതി നാടിനെ കാളവണ്ടി യുഗത്തിലേക്ക് നയിച്ചെന്നും ഭരണം വെറും പ്രഖ്യാപനങ്ങളാണെന്ന് ആരോപിച്ച് യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്. നവംബര്‍ 7 ന് വടക്കാഞ്ചേരിയില്‍ പ്രതീകാത്മ നഗരസഭ യോഗം നടത്തുമെന്ന് യു.ഡി.എഫ് പാര്‍ലിമെന്റ് ചെയര്മാന് കെ.അജിത്ത് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നഗരസഭക്ക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കല്‍, അയ്യങ്കാളി നഗര വികസന തൊഴിലുറപ്പ് പദ്ധതി രൂപീകരണം, നഗരസഭാ ഓഫിസ് കെട്ടിട നിര്‍മാണം, ട്രാഫിക് പരിഷ്കരണം, പുഴ സംരക്ഷണം, ടൗണ്‍ ഹാള്‍ നിര്‍മ്മാണം തുടങ്ങി 22 അജണ്ടകള്‍ അവതരിപ്പിച്ച് പാസാക്കും. പൊതുജനങ്ങളില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. 7 ന് രാവിലെ 11 ന് വടക്കാഞ്ചേരി ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന പ്രതീകാത്മക നഗരസഭ യോഗം ഡി.സി.സി പ്രസിഡന്റ് പി.എ മാധവന് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി സിന്ധു സുബ്രഹ്മണ്യന്, വൈസ് ചെയര്മാന് എസ്.എ.എ ആസാദ്, ജോയിന്റ് സെക്രട്ടറി ടി.വി സണ്ണി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."