ഗുരുദേവചിന്തകള്‍ക്ക് പ്രാധാന്യമേറെ: ഉമ്മന്‍ചാണ്ടി
ആനക്കര: ജാതി മത ശക്തികള്‍ ശക്തിപ്രാപിച്ച ഇപ്പോഴത്തെ അവസരത്തില്‍ ഗുരുദേവ ചിന്തകള്‍ക്ക് പ്രാധാന്യം ഏറെയാണന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പറഞ്ഞു. ഡി.സി.സി സംഘടിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ല വിളംബരത്തിന്റെ നൂറാം വാര്‍ഷികം കൂറ്റനാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ഗുരുദേവന്‍ വഹിച്ച പങ്കിനെക്കുറിച്ച് വിദ്യാര്‍ഥികള്‍ മുതല്‍ പഠിച്ച് തുടങ്ങണം. കഴിഞ്ഞ യൂ.ഡി.എഫ് സര്‍ക്കാര്‍ ഗുരുവിനെക്കുറിച്ചുള്ള പാഠഭാഗം സിലബസില്‍ ഉള്‍പ്പെടുത്തിയത് ഈ നല്ല ഉദ്ദേശത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.
ഗുരു നൂറ് വര്‍ഷം മുന്‍പ് നടത്തിയ പ്രഖ്യാപനം ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും അനുയോജ്യമായ ഒന്നാണ്. ഇന്നും അതിന്റെ പ്രസക്തി നിലനില്‍ക്കുകയാണ്. ബാബറി മസ്ജിദും മാറാടും സംഭവിച്ചപ്പോള്‍ തന്നെ വേഗം ഇടപെട്ട് സമാധാനാന്തരീക്ഷം വീണ്ടെടുക്കാനായി.
ഇതിനെല്ലാം പിന്നിലെ പ്രചോദനകരമായിട്ടുള്ള ശക്തിയായിരുന്നു ഗുരുവും അദ്ദേഹത്തിന്റെ ആശയവും. ബി.ജെ.പി ഗവണ്‍മെന്റ് വിഭാഗീയത വളര്‍ത്തുകയാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അവസരത്തിനൊത്ത് ജനങ്ങളുടെ ഇടയിലെ വിഭാഗീയത മുതലെടുക്കുന്നു.
വിഭാഗീയതക്കെതിരെ ശബ്ദിക്കാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനുമേ അവകാശമുള്ളൂ. കോണ്‍ഗ്രസ് ഒരിക്കലും വിഭാഗീയത ആയുധമാക്കി രാഷ്ട്രീയ നീക്കം നടത്തിയില്ല. കോണ്‍ഗ്രസിന് മതേതരത്വം പ്രാണവായു പോലെയാണ്. എല്ലാവര്‍ക്കും അവരവരുടേതായ വിശ്വാസമുണ്ട്. അത് സംരക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണ്.
ഏതൊരു സമുദായത്തിന്റെയും പ്രശ്‌നങ്ങള്‍ ആ സമുദായത്തെ കൂടി വിശ്വാസത്തിലെടുത്ത് മാത്രമേ അതിനകത്ത് മാറ്റം കൊണ്ട് വരാനാവൂ. അടിച്ചേല്‍പ്പിക്കുകയല്ല, പരസ്പര വിശ്വാസത്തോടെയും ധാരണകളോടെയും തീരുമാനങ്ങളെടുക്കുകയാണ് വേണ്ടത്. അതിനെതിരെയുള്ള സങ്കുചിത താല്‍പര്യങ്ങളോടെയുള്ള ചോദ്യം ചെയ്യലുകള്‍ ഇന്ത്യയിലെ ജനങ്ങള്‍ അംഗീകരിക്കില്ല. അതിര്‍വരമ്പുകള്‍ക്കതീതമായി ജനങ്ങളുടെ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ടുള്ള സമീപനമാണാവശ്യം. അതിന് പ്രചോദനം നല്‍കുന്നതാണ് ഗുരുവിന്റെ ആദര്‍ശങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് സി.വി ബാലചന്ദ്രന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."