ഫലം നാളെ; മനക്കോട്ട കെട്ടി പാര്‍ട്ടികള്‍
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരും മണ്ഡലങ്ങളും സ്ഥാനാര്‍ഥികളുമുള്ളത് ജില്ലയില്‍
മലപ്പുറം: മികച്ച പോളിങ് നടന്ന ജില്ലയിലെ മണ്ഡലങ്ങളിലെ വോട്ടിങ് ശരാശരിയില്‍ തൂങ്ങി ഇനി കൂട്ടലും കിഴിക്കലും. സ്ഥാനാര്‍ഥികളില്‍ പകുതിയും പിരിമുറുക്കത്തിലാണെങ്കിലും തങ്ങള്‍ക്കു ലഭിക്കുന്ന വോട്ടിന്റെ കണക്കുകള്‍ നേതാക്കള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം തലനാരിഴകീറി പരിശോധന നടത്തി. പതിവിനു വിപരീതമായി ഇത്തവണ ഫലമറിയാന്‍ രണ്ടു ദിവസം മാത്രം കാത്തിരുന്നാല്‍ മതിയെന്ന ആശ്വാസവുമുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരും മണ്ഡലങ്ങളും സ്ഥാനാര്‍ഥികളുമുള്ള ജില്ലയായതിനാല്‍ മലപ്പുറത്തെ ഫലം ആകാംക്ഷയോടെയാണു രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ജനഹിതം പെട്ടിയിലായതോടെ പുതുതലമുറ വോട്ടിലാണ് ഇരു മുന്നണികളുടേയും പ്രതീക്ഷ. ലക്ഷക്കണക്കിനു വരുന്ന നവ വോട്ടര്‍മാര്‍ എങ്ങനെ ചിന്തിക്കുമെന്ന ആശങ്ക മുന്നണികള്‍ മറച്ചുവെക്കുന്നില്ല. പുതുതലമുറ വോട്ടുകള്‍ തങ്ങളെ തുണക്കുമെന്ന് ഇരുപക്ഷവും വിശ്വസിക്കുന്നു. വികസനവും തൊഴില്‍ സാധ്യതയും മുന്നോട്ടുവച്ചത് യു.ഡി.എഫാണെന്നും അതിനാല്‍ പുതുതലമുറ തങ്ങളെയായിരിക്കും തുണച്ചിട്ടുണ്ടാവുകയെന്നും യു.ഡി.എഫ് വിശ്വസിക്കുന്നു.
സംസ്ഥാനത്തെ ടെക്കികള്‍ക്കിടയില്‍ നടത്തിയ സര്‍വേ ഫലം ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അഴിമതിക്കെതിരേയുള്ള വിധിയെഴുത്താകുമിതെന്നും പുത്തന്‍തലമുറ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയുള്ളവരാണെന്നും ഇടതുകേന്ദ്രങ്ങളും വിശ്വസിക്കുന്നു. ജില്ലയില്‍ പതിനാറു മണ്ഡലങ്ങളിലെയും പ്രധാന പാര്‍ട്ടികളുടെ അവലോകന യോഗങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പാര്‍ട്ടികളും മുന്നണികളും ആത്മവിശ്വാസത്തിലാണ്.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്ന നിലപാടിലാണ് യു.ഡി.എഫ്, എല്‍.ഡി.ഫ് നേതൃത്വം. ബൂത്ത് കമ്മിറ്റികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ഏകോപിപ്പിച്ചാണ് മണ്ഡലം കമ്മിറ്റികള്‍ കണക്കുകള്‍ നിരത്തി അവകാശവാദമുന്നയിക്കുന്നത്. റെക്കോഡ് പോളിങ് നടന്ന താനൂര്‍, കടുത്ത മത്സരം നടന്ന പൊന്നാനി, തവനൂര്‍, നിലമ്പൂര്‍, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലെ ചര്‍ച്ചകള്‍ക്കാണ് ചൂടും ചൂരും ഏറുന്നത്.
സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുമെന്നാണ്് ഇരുപാര്‍ട്ടികളും പ്രതീക്ഷിക്കുന്നത്. അതേസമയം നിലമ്പൂര്‍, പൊന്നാനി, തവനൂര്‍, താനൂര്‍, പെരിന്തല്‍മണ്ണ മണ്ഡലങ്ങള്‍ പിടിച്ചെടുക്കുമെന്ന് പരസ്പരം അവകാശവാദവും ഇരു മുന്നണികള്‍ക്കുമുണ്ട്. കണക്കുകളും അവകാശങ്ങളും നിരത്തുന്നുണ്ടെങ്കിലും കണക്കുകള്‍ എവിടെ പിഴക്കുമെന്നതാണ് മുന്നണികളുടെ നെഞ്ചിടിപ്പേറ്റുന്നത്. രണ്ടര മാസത്തോളം വാശിയേറിയ പ്രചാരണമാണ് ജില്ലയില്‍ നടന്നത്. അതുകൊണ്ട് തന്നെ 2011നെക്കാള്‍ ഉയര്‍ന്ന പോളിങ് ശതമാനമാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞതവണ 74.25 ശതമാനം പേര്‍ വോട്ട് ചെയ്ത ജില്ലയില്‍ ഇത്തവണ 75.83 പോളിങ് നടന്നതായാണ് തെരഞ്ഞടുപ്പ് കമ്മീഷന്‍ നല്‍കുന്ന കണക്കുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."