നട്ട് ഒരു മാസം കഴിയും മുന്‍പ് കൂട്ട് വിത്ത് കതിരിട്ടത് ചാഴിയോടെ
ആനക്കര : കൃഷി ഭവന്‍ വിതരണം നടത്തിയ പൊന്‍മണിയില്‍ കൂട്ട് വിത്ത് കലര്‍ന്നു. നട്ട് ഒരു മാസം കഴിയും മുന്‍പ് കൂട്ട് വിത്ത് കതിരിട്ടത് ചാഴിയോടെ. പാലക്കാട് ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയില്‍ നെല്‍പ്പാടങ്ങള്‍ ഉണക്കഭീഷണിയിലേക്ക് പോകുന്ന സാഹചര്യത്താലാണ് കൃഷി വകുപ്പിന്റെ ഇരുട്ടടി വീണത്. കൃഷി വകുപ്പ് വിതരണം ചെയ്ത പൊന്മണി വിത്തിലാണ് കൂട്ട് വിത്ത് കലര്‍ന്ന് നട്ട പാടങ്ങളില്‍ കതിര് വീണത്. പൊന്‍മണി വളര്‍ച്ച എത്താതെ നില്‍ക്കുമ്പോഴാണ് പലയിടത്തും കൂട്ട് വിത്തിന് കതിര് വീണിട്ടുളളത്.
ചാഴി ബാധിച്ച കതിരാണ് ഇപ്പോള്‍ ഉണ്ടായിട്ടുളളത്. വെള്ളമില്ലാതെ ജലാശയങ്ങളില്‍ നിന്നും മറ്റും വെള്ളം പമ്പ് ചെയ്ത് വെള്ളമെത്തിച്ച് കൃഷി സംരക്ഷിക്കാന്‍ മുന്നോട്ട് വന്ന കര്‍ഷകര്‍ക്കാണ് ഇപ്പോള്‍ ഇടിവെട്ടേറ്റവനെ പാമ്പ് കടിയേറ്റു എന്ന അവസ്ഥ വന്നിട്ടുളളത്. കേരള സീഡ് അതോറിറ്റിയാണ് കേരളത്തില്‍ കൃഷിഭവനുകളിലേക്ക് വിത്ത് വിതരണം നടത്തുന്നത്. കേരളത്തിലെ കൃഷിക്കാരെ ഉപയോഗിച്ച് വിത്ത് ഉല്‍പാദിപ്പിക്കാതെ കോടികണക്കിന് രൂപയുടെ കമ്മീഷന്‍ തട്ടുന്നതിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലെ കര്‍ഷകര്‍ക്കായി വിത്ത് ഉല്‍പാദിപ്പിക്കുന്നത്. കൂട്ട് വിത്ത് ഇപ്പോള്‍ കതിരിട്ട് ചാഴി വന്നതോടെ പൊന്‍മണി കതിരിടുന്നതോടെ ചാഴിക്കൂട്ടമായി ഇതിനെ ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
പൊന്‍മണി ആന്ധ്ര, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഉണ്ടാക്കുന്നത്. ഉമ വിത്തിനം പകുതി കേരളത്തിലും പകുതി തമിഴ് നാട്ടിലുമായിട്ടാണ് വിത്തിനായി കൃഷി ചെയ്യുന്നത്. കേരളത്തിന് പുറത്ത് കിലോവിന് 20 രൂപ പോലും വിലയില്ലാത്ത വിത്ത് കേരളത്തില്‍ വിതരണം ചെയ്യുന്നത് കിലോവിന് 40 രൂപ വെച്ചാണ്.
ഇത്തരത്തില്‍ കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലക്ഷകണക്കിന് രൂപയുടെ കമ്മീഷന്‍ ലഭിക്കുന്നത്. വിത്ത് ഉല്‍പാദിപ്പിക്കാനുളള വിത്ത് വിതരണം നടത്തിയ ശേഷമാണ് ഈ കര്‍ഷകരില്‍ നിന്ന് വിത്ത് ശേഖരിച്ച് കേരളത്തിലെ കര്‍ഷകര്‍ക്ക് കൃഷി ഭവന്‍ വഴി വിതരണം നടത്തുന്നത്.
കേരളത്തില്‍ വിത്ത് ഉല്‍പാദിപ്പിക്കാന്‍ നല്ല സ്ഥലങ്ങള്‍ ഉണ്ടന്നിരിക്കെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകരെ ഉപയോഗിച്ച് വിത്ത് ഉല്‍പാദിപ്പിക്കുന്നത് കമ്മീഷന്‍ തട്ടാനാണന്നാണ് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. കേരളത്തിലെ കര്‍ഷകരെ കൊണ്ട് വിത്ത് ഉല്‍പാദിപ്പിച്ച് കിലോവിന് 28 രൂപ വിലക്ക് സംഭരിച്ച് കിലോവിന് 35 രൂപക്ക് വിതരണം നടത്തിയാലും കൃഷി വകുപ്പിന് ലാഭം തന്നെയാണ് ഉണ്ടാകുക.
കൂടുതല്‍ ലാഭം തങ്ങളുടെ പോക്കറ്റിലേക്ക് വീഴണമെങ്കില്‍ ഇതരസംസ്ഥനങ്ങളില്‍ നിന്ന് കൊണ്ട് വന്ന് വിതരണം നടത്തണമെന്നാണ് ഉദ്യോഗസ്ഥലോബിയുടെ ചിന്ത. കേരളത്തിലെ സീഡ് അതോറിറ്റി വിത്ത് ലോബിയുടെ പിടിയിലാണന്നാണ് കര്‍ഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."