രഥോത്സവത്തിന്റെ ധന്യതയില്‍ അഗ്രഹാര വീഥികളില്‍ ഇനി തേരുരുളും കാലം
ഒലവക്കോട്: കാശിയില്‍ പാതി കല്‍പാത്തിയെന്ന ഖ്യാതിക്കപ്പുറം ജില്ലയുടെതന്നെ പൈതൃകഗ്രാമങ്ങളുടെ തിലകക്കുറിയായ കല്‍പാത്തിയിലെ ബ്രാഹ്മണ ഗ്രാമത്തിലെ അഗ്രഹാരവീഥികളില്‍ ഇനി ഭക്തിസാന്ദ്രമായ നാളുകള്‍. നെല്ലറയുടെ നാട്ടില്‍ ഉത്സവമാമാങ്കങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഈ മാസം 13, 14, 15 തിയ്യതികളിലായിട്ടാണ് കല്‍പാത്തിയില്‍ രഥോത്സവം നടക്കുന്നത്.
കാലങ്ങളായി രഥോത്സവത്തോടനുബന്ധിച്ച് ഉണ്ടായിരുന്ന വൈദ്യുതി തടസത്തിന് ഇത്തവണ പരിഹാരമായി ഭൂഗര്‍ഭ കേബിള്‍ സംവിധാനവും നിലവില്‍ വന്നിട്ടുണ്ട്. സന്ദര്‍ശകരുടെ സൗകര്യത്തിനായി പുഴക്കടവും പരിസരങ്ങളും നന്നാക്കുകയും നഗരസഭ മുന്‍കൈയെടുത്ത് പ്രാഥമിക സൗകര്യങ്ങള്‍ക്കായി ശൗചാലയം പ്രവര്‍ത്തന സജ്ജമാക്കുകയും ചെയ്തു.
പ്രശ്‌നത്തിന് കാഹളമില്ലാതെ പരന്നൊഴുകുന്ന കല്‍പാത്തിപ്പുഴക്കു സമാന്തരമായി ഒന്നിനോടൊന്നു ചേര്‍ന്ന അഗ്രഹാരവീടുകളില്‍നിന്നുയരുന്ന സംഗീതവും കോലം വരച്ച മുറ്റങ്ങളും പൂജയും തേവാരവും ശീലമാക്കിയ ബ്രാഹ്മണസമൂഹങ്ങളുംകൊണ്ട് അനുഗ്രഹീതമായ കല്‍പാത്തിയുടെ അഗ്രഹാരവീഥികളില്‍ തേരുരുളുന്ന ധന്യ മുഹൂര്‍ത്തം സമാഗതമായിരിക്കുകയാണ്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് അതിജീവനത്തിന്റെ അര്‍പ്പണബോധത്തോടെ തഞ്ചാവൂരില്‍നിന്നും എത്തിയ ബ്രാഹ്മണ സമൂഹം തമ്പടിച്ച പ്രദേശം പിന്നീട് കല്‍പാത്തിയായപ്പോള്‍ ജില്ലയുടെ തന്നെ പൈതൃകഗ്രാമമാകാന്‍ കാലമേറെ വേണ്ടിവന്നില്ല.
അന്നു പാലക്കാട്ട് (ഇന്നത്തെ കല്‍പാത്തിയില്‍) ക്ഷീണിതരായെത്തിയ ബ്രാഹ്മണര്‍ ഇന്നത്തെ കല്‍പാത്തിപ്പുഴയില്‍ സ്‌നാനം ചെയ്ത് അവിടെകണ്ട അമ്പലത്തില്‍ തൊഴുത് ആ അമ്പലത്തില്‍നിന്നും പടച്ചോറുണ്ട് അമ്പലപരിസരത്തുതന്നെ നാളുകളോളം തമ്പടിക്കുകയായിരുന്നു. രാജ്യഭരണം നിലനിന്നിരുന്ന അക്കാലത്ത് പാലക്കാട്ടുശ്ശേരി രാജാവ് അദ്ദേഹത്തിന്റെ പൂര്‍വികര്‍ക്കുള്ള മോക്ഷപ്രാപ്തിക്കായി കര്‍മാദികള്‍ ചെയ്യാന്‍ ബ്രാഹ്മണരെ അന്വേഷിച്ചുനടക്കുന്ന സമയമായിരുന്നു. ഈ സമയത്ത് ബ്രാഹ്മണര്‍ തമ്പടിച്ച അമ്പലത്തില്‍ തൊഴാനെത്തിയ ദൂതന്മാര്‍ അമ്പലപരിസരത്ത് ഒരു കൂട്ടം ബ്രാഹ്മണര്‍ തമ്പടിച്ച കാര്യം രാജാവിനെ ബോധിപ്പിക്കുകയും രാജാവ് അവരെ കൊട്ടാരത്തിലേക്ക് ക്ഷണിക്കുകയുമായിരുന്നു. ഇവര്‍ രാജാവിന്റെ പൂര്‍വികര്‍ക്ക് മോക്ഷപ്രാപ്തിക്കായുള്ള ക്രിയകളും പൂജകളും നടത്തി രാജാവിനെ പ്രീതിപ്പെടുത്തി തൃപ്തരാക്കുകയും തങ്ങളുടെ അവസ്ഥ രാജാവിനെ അറിയിക്കുകയും ചെയ്തു. തന്റെ പൂര്‍വികര്‍ക്കായി കര്‍മം നടത്തിയതില്‍ സംതൃപ്തനും ദയാലുവുമായ രാജാവ് അവര്‍ക്ക് ആ പ്രദേശത്ത് കുറെ സ്ഥലം പതിച്ചുനല്‍കുകയായിരുന്നു.
രാജാവിന്റെ ദാനമായി ബ്രാഹ്മണര്‍ക്ക് കിട്ടിയ ആ പ്രദേശമാണ് പിന്നീട് അഗ്രഹാരമെന്നറിയപ്പെട്ടത്. പിന്നീട് ഓരോ ബ്രാഹ്മണനും അവരവര്‍ക്കറിയാവുന്ന തൊഴിലില്‍ പ്രാവീണ്യം നേടി. സംഗീതം, വേദം, തര്‍ക്കം, വ്യാകരണം, നിയമം എന്നിവ പഠിപ്പിക്കുന്ന ഗുരുക്കന്മാരില്‍ അക്കാലത്ത് ജാതീയമായ വേര്‍തിരിവുകളുണ്ടായിരുന്നെങ്കിലും ബ്രാഹ്മണരുടേത് സത്യസന്ധമായ സമീപനമായിരുന്നു. പില്‍ക്കാലത്ത് സംസ്ഥാനമൊട്ടാകെ സംഗീതത്തില്‍ പെരുമഴ തീര്‍ത്ത സംഗീതസാഗരം ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ അന്നത്തെ കുടിയേറ്റ ബ്രാഹ്മണരുടെ സൗഭാഗ്യമായി മാറിയതും ടി.എന്‍ ശേഷന്‍, പാലക്കാട്ട് മണി അയ്യര്‍, സഹസ്രനാമ അയ്യര്‍ തുടങ്ങിയ താര്‍ക്കികന്മാരും സംസ്ഥാനത്തെതന്നെ പ്രഗത്ഭരായ വക്കീലന്മാരും ഡോക്ടര്‍മാരും ഗുമസ്തന്മാരും പാചകവിദഗ്ധരും സന്യാസികളും ശാന്തികളുമൊക്കെയായി ഒരു കൂട്ടം പ്രശസ്തരും കല്‍പാത്തിയുടെ സ്വന്തമായിത്തീര്‍ന്നു. എന്നാല്‍ അന്നത്തെ ബ്രാഹ്മണരുടെ കുടിയേറ്റത്തോടെ പാലക്കാടു മാത്രമല്ല മറ്റു പ്രദേശങ്ങളിലേക്കുമായി കല്‍പാത്തിയുടെ പ്രസിദ്ധി വ്യാപിക്കുകയായിരുന്നു.
ഇന്ന് അഗ്രഹാരവീഥികളിലെ ബ്രാഹ്മണക്കുടിലുകളില്‍നിന്നുണ്ടാക്കിയ എണ്ണപ്പലഹാരങ്ങളും അച്ചാറുകളും കൊണ്ടാട്ടവുമെല്ലാം കടല്‍ കടന്നെത്തുന്ന സംസ്‌കാരമായിത്തീര്‍ന്നിരിക്കുന്നു. തമിഴ് രീതികളൊന്നൊന്നായി ഇവര്‍ക്കിടയില്‍ പ്രചാരമേറിയതോടെ നവരാത്രികാലങ്ങളില്‍ പലതരം ബൊമ്മ (പാവ)കളെ അണിയിച്ചൊരുക്കി പ്രദര്‍ശിപ്പിക്കുന്ന ബൊമ്മക്കൊലുവും രൂപപ്പെട്ടു. ഇത് കാണാനെത്തുന്നവര്‍ക്ക് പലതരം പലഹാരങ്ങള്‍, വസ്ത്രം, വെറ്റിലപാക്ക് എന്നിവ കൊടുത്ത് സന്തോഷിപ്പിച്ചിരുന്നത് അഗ്രഹാരവീടുകളിലെ സൗഭാഗ്യത്തിന്റെ പ്രതീകമായിരുന്നു. പില്‍ക്കാലത്ത് അവരുടെ ആചാരാനുഷ്ഠാനങ്ങളില്‍ ഒരു തഞ്ചാവൂര്‍ തനിമ പാലിക്കാന്‍ ശ്രമിച്ചതോടെയാണ് കല്‍പാത്തി രഥോത്സവത്തിന്റെ ആശയമുടലെടുത്തതും പിന്നീട് രഥോത്സവം ആഘോഷിക്കാന്‍ തുടങ്ങിയതും. കല്ല് (കല്‍) പാത്തി വഴി കല്‍പാത്തി അഥവാ കല്ലുപാറ്റിയ വഴി എന്നര്‍ഥമുള്ളതിനാല്‍ പിന്നീട് കല്‍പാത്തിയുടെ തെരുവു വീഥികളിലാകെ കരിങ്കല്ലുകള്‍കൊണ്ടുണ്ടാക്കിയ നടവഴികളും വൃത്തിയുള്ള അഴുക്കുചാലുകളും മാലിന്യമുക്തമായ ചുറ്റുപാടുകളും ഭക്തിസാന്ദ്രമായ അന്തരീക്ഷം, പോഷകസമൃദ്ധവും ലളിതവുമായ ഭക്ഷണരീതിക്കുപുറമെ പൂജ, ഉപവാസം, വ്രതം, ആചാരാനുഷ്ഠാനങ്ങള്‍, ആരോഗ്യകരമായ ജീവിതരീതി, രണ്ടുനേരം പുഴയില്‍ കുളിച്ചുതൊഴുന്ന വ്യായാമരീതി എല്ലാം നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും മാറ്റമില്ലാതെ തുടരുന്ന സംസ്‌കാരരീതിയായിത്തീര്‍ന്നിരിക്കുന്നു. കല്‍പാത്തിയിലെ അഗ്രഹാരത്തെരുവുകളിലങ്ങോളമിങ്ങോളമായി 85 അഗ്രഹാരങ്ങളായി വ്യാപിച്ചുകിടക്കുന്ന ബ്രാഹ്മണസമൂഹത്തിന്റെ പാരമ്പര്യം ലോകങ്ങളിലാകെ സ്ഥാനം പിടിച്ചിരിക്കുകയാണിന്ന്. രഥോത്സവത്തിനു തുടക്കം കുറിച്ച് നാളുകള്‍ക്കുമുന്നേ സംഗീതോത്സവം തുടങ്ങും. പിന്നീട് 3 ദിവസങ്ങളിലായി മൂന്നു ക്ഷേത്രങ്ങളിലെ ദേവീദേവന്മാരെ വഹിച്ചുകൊണ്ടുള്ള രഥപ്രയാണം.
കല്‍പാത്തിത്തേരിന്റെ മൂന്നാം നാള്‍ കുണ്ടമ്പലത്തിനു സമീപത്തെ തേരുമുട്ടിയില്‍ മാലോകരേയും ബ്രാഹ്മണസമൂഹത്തേയും സാക്ഷിയാക്കി ഭക്തിസാന്ദ്രമായ മുഹൂര്‍ത്തത്തില്‍ തേരുകള്‍ സംഗമിക്കുന്നതോടെ കാശിയില്‍ പാതിയെന്ന കല്‍പാത്തിയിലെ വിശ്വവിഖ്യാതമായ രഥോത്സവമാമാങ്കത്തിന് പരിസമാപ്തിയായി.
തേരുകഴിഞ്ഞാലും ദിവസങ്ങളോളം അഗ്രഹാരവീഥികളില്‍ തമ്പടിക്കുന്ന കച്ചവടക്കാരും കല്‍പാത്തിയുടെ പിന്തുടര്‍ച്ചക്കാരായി മാറിയിരിക്കുകയാണ്. ലോകരാജ്യങ്ങളില്‍നിന്നുള്ള വിദേശികള്‍പോലും അതിഥികളായെത്തുന്ന നെല്ലറയുടെ പുണ്യോത്സവമായ കല്‍പാത്തിരഥോത്സവം കാലമേറെ കഴിഞ്ഞിട്ടും ബ്രാഹ്മണകുലത്തിന്റെ ജീവിതരീതിയില്‍ മാറ്റമില്ലാതെ ധന്യത കാത്തുസൂക്ഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."