തുലാമഴയും ലഭിച്ചില്ല; അടക്കയില്‍ ആശ്വാസം കണ്ട് ആദിവാസികള്‍
പനമരം: തുലാമഴയും ചതിച്ചതോടെ തൊഴിലില്ലാതെ ആദിവാസി കോളനികള്‍ പട്ടിണിയിലേക്ക് കൂപ്പു കുത്തുന്നു. കാര്‍ഷിക മേഖലയില്‍ തൊഴിലില്ലാതായതാണ് കോളനികളില്‍ അടുപ്പണയിക്കുന്നത്. അടക്ക പറിയുടെ സീസണായതാണ് ആദിവാസികള്‍ തെല്ലെങ്കിലും ആശ്വാസമാകുന്നത്. അടക്കപൊളിക്കാന്‍ ഇവര്‍ കൂട്ടത്തോടെയാണ് എത്തുന്നത്. ഒരു കിലോ പൈങ്ങ പോളിച്ചാല്‍ ഏഴ് രൂപയാണ് കിട്ടുക. ശരാശരി ഒരാള്‍ 15 മുതല്‍ 25 കിലോ വരെ അടക്കപോളിക്കും. ഇതാണിപ്പോള്‍ ഇവരുടെ പ്രധാനപ്പെട്ട ഉപജീവന മാര്‍ഗം. കഴിഞ്ഞ വര്‍ഷങ്ങളില്‍ കര്‍ഷിക മേഖല തൊഴില്‍ സമ്പന്നമായിരുന്നു. എന്നാല്‍ ഇത്തവണ മഴയുടെ ലഭ്യതയിലുണ്ടായ ഗണ്യമായ കുറവാണ് മേഖലയിലെ തൊഴിലവസരങ്ങള്‍ കുറച്ചത്.
തുലാമഴയും ലഭിക്കാതായതോടെയാണ് ആദിവാസികള്‍ മറ്റു ജോലികളിലേക്ക് തിരിഞ്ഞത്. നെല്‍കൃഷിയില്ലാതായത് ഏറ്റവും കൂടുതല്‍ ബാധിച്ചത് ആദിവാസി ഊരുകളിലാണ്. സാധാരണ പുരുഷന്‍മാര്‍ക്കും സ്ത്രികള്‍ക്കും ഒരെപോലെ ജോലി ലഭിക്കുന്ന സമയമാണിത്. എന്നാല്‍ ഇത്തവണ പത്ത് പണി പോലും ഒരുമിച്ച് എടുക്കാന്‍ കഴിഞ്ഞില്ലെന്ന് പനമരം പരക്കു കോളനിയിലെ കെമ്പി പറഞ്ഞു. റേഷന്‍ സമരമായതിനാല്‍ കുറഞ്ഞ വിലക്ക് അരി ലഭിക്കാത്തതും തങ്ങള്‍ക്ക് ബുദ്ധിമുട്ടായെന്നും മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലാണ് ഈജോലിയില്‍ ഏര്‍പ്പെട്ടതെന്നും കോളനിക്കാര്‍ പറഞ്ഞു. കാര്‍ഷിക മേഖലയെ ആശ്രയിച്ചു ഉപജീവനം നടത്തുന്ന ജില്ലയിലെ ഒട്ടുമിക്ക ആദിവാസി കോളനികളിലെയും സ്ഥിതി ഇതു തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."