മോഷ്ടിച്ച ബൈക്കുകള്‍ പത്ത്: മക്കള്‍ വഴിതെറ്റിയതറിയാതെ രക്ഷിതാക്കള്‍
ശ്രീകണ്ഠപുരം: ആഡംബര ജീവിതം നയിക്കുന്നതിനായി ബൈക്ക് മോഷ്ടിച്ച് വില്‍ക്കുന്ന കൗമാരക്കാരായ അഞ്ചു പേരില്‍ നിന്നു പിടിച്ചെടുത്ത ആറു ബൈക്കുകള്‍ക്കു പിറകേ നാലെണ്ണത്തെ കുറിച്ചുകൂടി വിവരം ലഭിച്ചു. കുട്ടിമോഷ്ടാക്കളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് നാലു ബൈക്കുകളെക്കുറിച്ചു സൂചന ലഭിച്ചത്. ഒരു ബൈക്ക് കുറുമാത്തൂര്‍ ചൊര്‍ക്കളയില്‍ നിന്നും മൂന്നെണ്ണം മയ്യില്‍ കണ്ടക്കൈയില്‍ നിന്നുമാണ് ലഭിച്ചത്. പലയിടങ്ങളില്‍ നിന്നു മോഷ്ടിച്ച് വില്‍പന നടത്തിയതായിരുന്നു ഇവ. കണ്ണൂര്‍, തളിപ്പറമ്പ്, തലശ്ശേരി സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഇവര്‍ ബൈക്കുകള്‍ മോഷ്ടിച്ചതായി പൊലിസ് പറയുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30ന് കൈകാണിച്ചിട്ടു നിര്‍ത്താതെ പോയ ബൈക്കിനെ ശ്രീകണ്ഠപുരം എസ്.ഐ പി.ബി സജീവിന്റെ നേതൃത്വത്തില്‍ പിന്‍തുടര്‍ന്ന് പിടിച്ചതോടെയാണ് ബൈക്ക് മോഷണസംഘം വലയിലായത്. ഇരുപതോളം ബൈക്കുകള്‍ കുട്ടിമോഷ്ടാക്കള്‍ മറിച്ചു വിറ്റെന്നാണ് പൊലിസ് പറയുന്നത്. നമ്പര്‍ പ്ലേറ്റ് മാറ്റി വ്യാജ നമ്പര്‍ പതിപ്പിച്ചതിനാലും ചേസ് നമ്പര്‍ ചുരണ്ടിയതിനാലും നാലു ബൈക്കുകളുടെ യഥാര്‍ഥ ഉടമകളെ കണ്ടെത്താനായില്ല. മറ്റുള്ളവയുടെ ഉടമസ്ഥരെ മനസിലായിട്ടുണ്ട്. കുട്ടിമോഷ്ടാക്കളെ സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് സി.ഐ വി.വി ലതീഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അന്വേഷിക്കുന്നത്. ബൈക്ക് മോഷണത്തിന് പിടിയിലായ അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ തലശ്ശേരി ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. പ്രതികളില്‍ ഒരാളൊഴികെ ബാക്കിയുള്ളവര്‍ സമ്പന്ന കുടുംബത്തിലെ അംഗങ്ങളാണ്. ഇവരില്‍ അധ്യാപകന്റെ മകനും ഗള്‍ഫുകാരുടെ മക്കളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."