അസ്‌ലം കുടുംബത്തിനും മറ്റും ധനസഹായം നല്‍കുന്നതിനെതിരേ സി.പി.എം വീണ്ടും രംഗത്ത്
പാറക്കടവ്: തൂണേരിവെള്ളൂരില്‍ കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിന്റെ കുടുംബത്തിനും കൊല്ലപ്പെട്ട ഷിബിന്‍ വധശ്രമത്തിലെ കോടതി വെറുതെ വിട്ട പ്രതികള്‍ക്കും സര്‍ക്കാര്‍ തടഞ്ഞുവച്ച സഹായധനം നല്‍കാന്‍ ഉത്തരവായിട്ടും അവ നല്‍കുന്നതിനെതിരേ സി.പി.എം സജീവമായി രംഗത്തെത്തി.
വടകരയിലും തൂണേരി ഗ്രാമപ്പഞ്ചായത്തിലും ചേര്‍ന്ന സര്‍വകക്ഷിയോഗ തീരുമാനത്തെത്തുടര്‍ന്നാണ് സഹായധനം അനുവദിക്കാന്‍ ഉത്തരവിട്ടത്. ഉടന്‍ തന്നെ സഹായധനം കുടുംബത്തിന് കൈമാറുമെന്ന് ജില്ലാ കലക്റ്റര്‍ എന്‍. പ്രശാന്തും പ്രഖ്യാപിച്ചിരുന്നു. വെള്ളൂരില്‍ ഷിബിന്‍ വധിക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ തൂണേരി ഭാഗത്തെ എണ്‍പത്തേഴ് വീടുകള്‍ തകര്‍ക്കപ്പെട്ടിരുന്നു.
അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ മന്ത്രിതലസംഘം സ്ഥലം സന്ദര്‍ശിച്ച് സഹായധനം പ്രഖ്യാപിച്ചിരുന്നു. ഷിബിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചവര്‍ക്ക് 1,000 രൂപ മുതല്‍ 22 ലക്ഷം രൂപവരെയുമായിരുന്നു സര്‍ക്കാര്‍ ധനസഹായം അനുവദിച്ചത്.
ഷിബിന്‍ വധക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടതോടെയാണ് സര്‍ക്കാര്‍ സഹായധനം വിതരണം ചെയ്യണമെന്ന് വിവിധ കോണുകളില്‍ നിന്ന് വീണ്ടും ആവശ്യമുയര്‍ന്നത്. ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെ വിട്ട അസ്‌ലം കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ധനസഹായം നല്കണമെന്ന് വടകരയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം സര്‍ക്കാറിനോട് ഏകസ്വരത്തില്‍ ആവിശ്യപ്പെട്ടിരുന്നു.
നിലവില്‍ ഷിബിന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ വെറുതെ വിട്ട കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാരും ശിബിന്റെ പിതാവ് ഭാസ്‌ക്കാരനും റിവ്യു പെറ്റീഷന്‍ നല്‍കിയ സാഹചര്യത്തില്‍ തെയ്യമ്പാടി ഇസ്മയില്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം വന്നിരിക്കുകയാണ്.ഷിബിന്‍ വധത്തെ തുടര്‍ന്ന് കലാപത്തിനിരയായവര്‍ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം സി.പി.എംന്റെ എതിര്‍പ്പിനെ തുടര്‍ന്ന് തടഞ്ഞു വയ്ക്കുകയായിരുന്നു. പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കരുത് എന്നായിരുന്നു സി.പി.എം വാദം.
എന്നാല്‍ എല്ലാവരും കുറ്റവിമുക്തരായതോടെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വാരാങ്കി താഴെക്കുനി സിദ്ദിക്കിന്റെ പിതാവ് മൊയ്തു തങ്ങളുടെ വീടും മറ്റും നശിപ്പിച്ചതിന് നഷ്ടപരിഹാരം നല്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചിരുന്നു. കോടതി അനുകൂല ഉത്തരവും നല്‍കി. ഇതോടെ തെയ്യമ്പാടി ഇസ്മയില്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും നഷ്ടപരിഹാരം ലഭിക്കുമെന്ന സാഹചര്യമുണ്ടായി. ഇതിനിടെയാണ് റിവ്യു പെറ്റീഷന്റെ വാദമുയര്‍ത്തി കലക്ടറെ സമീപിക്കാനുള്‍പ്പടെ സി.പി.എം നീക്കം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."