സൗരോര്‍ജ വൈദ്യുത നിലയത്തിന്റെ പ്രവൃത്തി മന്ത്രി വിലയിരുത്തി
തലക്കുളത്തൂര്‍: പഞ്ചായത്തിലെ എലിയോട് മലയോട് ചേര്‍ന്ന കരിയാട് മലയില്‍ വൈദ്യുതി ബോര്‍ഡിന് കീഴില്‍ സ്ഥാപിക്കുന്ന സൗരോര്‍ജ വൈദ്യുത നിലയത്തിന്റെ പ്രവൃത്തി ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ വിലയിരുത്തി. ഇന്നലെ വൈകിട്ടോടെയാണ് മന്ത്രി സ്ഥലം സന്ദര്‍ശിക്കാനെത്തിയത്. ജനുവരി ആദ്യവാരത്തോടെ പദ്ധതി കമ്മിഷന്‍ ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി സുപ്രഭാതത്തോട് പറഞ്ഞു.
വൈദ്യുതി ബോര്‍ഡിന്റെ 3.25 ഏക്കര്‍ സ്ഥലത്ത് നിര്‍മാണം പുരോഗമിക്കുന്ന സൗരോര്‍ജ നിലയം ജില്ലയിലെ ആദ്യത്തേതാണ്. ഏകദേശം 4.68 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന നിലയത്തിന്റെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത് ഹൈദരാബാദിലെ തവസ്യ വെഞ്ചര്‍ പാര്‍ട്ട്ണര്‍ പ്രൈവറ്റ് ലിമിറ്റഡാണ്. മൂന്നു തട്ടുകളിലായാണ് നിലയം നിര്‍മിക്കുന്നത്. ഇതിനു വേണ്ട സ്ഥലവും കണ്‍ട്രോള്‍ ഓഫിസും ഒരുങ്ങിക്കഴിഞ്ഞു. പ്രതിവര്‍ഷം 0.996 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
നിലയത്തിലേക്കുള്ള റോഡിന്റെ നവീകരണ പ്രവൃത്തി ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുമെന്നും ഫണ്ട് അനുവദിക്കാനുള്ള എസ്റ്റിമേറ്റിനായി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ.എസ്.ഇ.ബി ചീഫ് എക്‌സിക്യുട്ടിവ് ഓഫിസര്‍ സാബു, പഞ്ചായത്ത് പ്രസിഡന്റ് സി. പ്രകാശന്‍ മാസ്റ്റര്‍, വൈസ് പ്രസിഡന്റ് കെ.ടി പ്രമീള, പഞ്ചായത്തംഗം ജയന്തി, കെ.കെ ശിവദാസന്‍, ചന്ദ്രന്‍ നായര്‍, കെ.പി കൃഷ്ണന്‍കുട്ടി എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."