കടലാടിപ്പാറയില്‍ വീണ്ടും അജ്ഞാത സംഘം; നാട്ടുകാര്‍ ആശങ്കയില്‍
നീലേശ്വരം: മുംബൈ ആസ്ഥാനമായുള്ള ആശാപുര കമ്പനിക്കു ബോക്‌സൈറ്റ് ഖനനത്തിനു സ്ഥലം നല്‍കിയതുമായി ബന്ധപ്പെട്ടു വിവാദങ്ങള്‍ നിലനില്‍ക്കുന്ന കടലാടിപ്പാറയില്‍ വീണ്ടും അജ്ഞാത സംഘമെത്തി. കഴിഞ്ഞ ദിവസം വൈകിട്ടെത്തിയ സംഘം നാട്ടുകാര്‍ കൂടുന്നതു കണ്ടു തിരിച്ചു പോകുകയായിരുന്നു. കോടതിയില്‍ നിന്നു വന്നതാണെന്നാണു ഇവര്‍ നാട്ടുകാരോടു പറഞ്ഞത്.
ആശാപുരയ്ക്കു പാരിസ്ഥിതികാഘാത പഠനത്തിനായി അനുവദിച്ച കാലാവധി ഈ മാസം അവസാനിക്കാനിരിക്കേ ഇത്തരത്തില്‍ വരുന്ന സംഘങ്ങള്‍ ജനങ്ങളില്‍ ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. ഇത്തരത്തില്‍ നിരവധി ആള്‍ക്കാര്‍ കഴിഞ്ഞ ആഴ്ചകളില്‍ സ്ഥലത്തെത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പലരും പാറയുടെ വിവിധ ഭാഗങ്ങള്‍ കാമറയില്‍ പകര്‍ത്തുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നതായാണു പ്രദേശവാസികള്‍ പറയുന്നത്.
പലപ്പോഴും ബസുകളില്‍ വരുന്ന ഇവര്‍ ജനങ്ങളുടെ ശ്രദ്ധയില്‍ പെടാറില്ല. ആരെങ്കിലും ചോദിച്ചാല്‍ തന്നെ പല മറുപടികളാണത്രേ ഇവര്‍ നല്‍കുന്നത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനായി അധികൃതര്‍ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.
കടലാടിപ്പാറയില്‍ ആശാപുരയെ കാലുകുത്താനുവദിക്കില്ലെന്ന നിലപാടിലാണു പ്രാദേശിക ഭരണകൂടവും ജനങ്ങളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."