തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി : ദുരിതം മാറാതെ രോഗികള്‍
തൃക്കരിപ്പൂര്‍: നിര്‍മാണം പൂര്‍ത്തിയായെങ്കിലും വൈദ്യുതീകരണം നടക്കാത്തതിനാല്‍ തങ്കയത്തെ താലൂക്ക് ആശുപത്രിക്കായി പണിത പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം വൈകുന്നു. പഴയ ഐ.പി ബ്ലോക്കും ഡോക്ടര്‍മാരുടെ പരിശോധനാ മുറികളടക്കമുള്ള ബ്ലോക്കും പൊളിച്ചു നീക്കിയാണു മൂന്നു നിലകളുള്ള ബ്ലോക്ക് നിര്‍മിച്ചത്.
മുന്‍പ് പ്രസവ ശുശ്രൂഷകള്‍ നല്‍കിയ ബ്ലോക്കിലാണു കിടപ്പിലായ രോഗികളെ നിലവില്‍ ചികിത്സിക്കുന്നത്. ഈ ബ്ലോക്കില്‍ രോഗികള്‍ വര്‍ധിച്ചതോടെ കഴിഞ്ഞ രണ്ടു ദിവസമായി രണ്ടു രോഗികള്‍ തണുപ്പും കൊതുകു കടിയുമേറ്റു വരാന്തയില്‍ കിടക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതിയില്‍ പെടുത്തി നബാര്‍ഡ് 1.82 കോടി രൂപ ചെലവഴിച്ചാണു മൂന്നു നിലകളുള്ള ഒ.പി ബ്ലോക്ക് നിര്‍മിച്ചിട്ടുള്ളത്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വെവേറെ വാര്‍ഡുകള്‍, ഫാര്‍മസി, മീറ്റിങ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങളാണ് പുതിയ ബ്ലോക്കിലുള്ളത്. കൂടാതെ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനു 20 ലക്ഷം രൂപ എസ്റ്റിമേറ്റില്‍ അനുവദിച്ചിട്ടുണ്ട്. ഡയാലിസിസ് സെന്റര്‍, എക്‌സ്‌റേ എന്നിവക്കും തുക അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയായെങ്കിലും വയറിങ് പൂര്‍ത്തിയാക്കിയിട്ടില്ല. ഇതിന്റെ ടെണ്ടര്‍ നടപടിപോലും ആരംഭിച്ചിട്ടില്ലെന്നാണു വിവരം.
കണ്ണൂര്‍ ജില്ലയിലെ അന്നൂര്‍, വെള്ളൂര്‍, കരിവെള്ളൂര്‍ പ്രദേശങ്ങളിലെയും പിലിക്കോട്, വലിയപറമ്പ, പടന്ന, തൃക്കരിപ്പൂര്‍, ചീമേനി തുടങ്ങിയ പഞ്ചായത്തുകളിലെയും നിര്‍ധന രോഗികള്‍ ഈ സര്‍ക്കാര്‍ ആതുരാലയത്തെയാണ് ആശ്രയിക്കുന്നത്. നിത്യേന നാനൂറിലധികം രോഗികള്‍ എത്തുന്ന ആശുപത്രിയിലെ അസൗകര്യങ്ങളില്‍ രോഗികള്‍ ബുദ്ധിമുട്ടുകയാണ്. ഇവിടെ കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ഗൈന ക്കോളജി വിഭാഗം ഡോക്ടര്‍മാരുമില്ല.
താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയെന്ന് ആശുപത്രി ബോര്‍ഡിലും കടലാസിലുമല്ലാതെ താലൂക്ക് ആശുപത്രിയുടെ സൗകര്യങ്ങള്‍ പൂര്‍ണമായി ഈ ആതുരാലയത്തില്‍ എത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."