അശ്ലീല ചിത്രം പകര്‍ത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ പിടിയില്‍
കൊച്ചി: ലഹരി മരുന്ന് നല്‍കിയശേഷം സ്ത്രീകളൊടൊപ്പം നഗ്‌ന ചിത്രം പകര്‍ത്തി സ്വകാര്യ കമ്പനിയിലെ മാനേജരില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച നാലു പേരെ സിറ്റി ടാസ്‌ക് ഫോഴ്‌സ് പിടികൂടി. മട്ടാഞ്ചേരി കരുവേലിപ്പടി സ്വദേശി ഷിബിലി(37), തോപ്പുംപടി രാമേശ്വരം അമ്പലത്തിന് സമീപം പീടികപറമ്പില്‍ ഡാനി(31), ഉദയംപേരൂര്‍ കൊച്ചുപള്ളി പുതുക്കുളങ്ങര ശരത്(22), തൃശൂര്‍ തലശേരി ചെറവില്‍ പീടികയില്‍ മുസ്തഫ(27) എന്നിവരെയാണ് പിടികൂടിയത്.
സെപ്റ്റംബറിലാണ് സംഭവം നടന്നത്. കൊച്ചിയിലെ ഇലക്‌ട്രോണിക് സ്ഥാപനത്തില്‍ മാനേജരായി കണ്ണൂര്‍ സ്വദേശിയായ അജിത് എന്നയാളെയാണ് പ്രതികള്‍ ബ്ലാക്‌മെയിലിങ്ങിന് വിധേയമാക്കാന്‍ ശ്രമിച്ചത്.
സുഹൃത്ത് വഴിയാണ് അജിത്ത് ഷിബിലിയെ പരിചയപ്പെട്ടത്. തനിക്ക് സിനിമ മേഖലയില്‍ നല്‍കാനായി 25 സിം കാര്‍ഡ് വേണമെന്ന് ആവശ്യപ്പെട്ട് ഷിബിലി അജിത്തിനെ വൈറ്റിലയിലുള്ള തന്റെ ഫ്‌ളാറ്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. വന്നയുടന്‍ അജിത്തിന് കുടിക്കാന്‍ ശീതള പാനിയം നല്‍കി. ഇത് കഴിച്ചയുടന്‍ ബോധം നഷ്ടപ്പെട്ട അജിത്തിനൊപ്പം സ്ത്രികളെ നിര്‍ത്തി ഫോട്ടോയെടുത്തു. പിന്നീട് ഈ ഫോട്ടോകള്‍ കാണിച്ച് ഇവര്‍ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു.
ഇതേത്തുടര്‍ന്ന് സംഭവത്തെക്കുറിച്ച് ഭാര്യയോട് പറഞ്ഞശേഷം അജിത്ത് സിറ്റി ടാസ്‌ക് ഫോഴ്‌സിനെ അറിയിക്കുകയുമായിരുന്നു. സി.ടി.എഫ് നിര്‍ദേശ പ്രകാരം ഒക്‌ടോബര്‍ രണ്ടിന് പണം നല്‍കാമെന്ന് അജിത്ത് ഷിബിലിയെ അറിയിച്ചു. പണം വാങ്ങാനായി അജിത്തിന്റെ വീട്ടിലെത്താമെന്ന് ഷിബിലി സമ്മതിച്ചു. സി.ടി.എഫ് അംഗങ്ങള്‍ അജിത്തിന്റെവീട്ടില്‍ ഒളിച്ചിരുന്നു. എന്നാല്‍ ഇവരെ പിടികൂടാന്‍ സാധിച്ചില്ല.
തുടര്‍ന്ന് നവംബര്‍ ആദ്യം മുസ്തഫയെ അജിത്തിന്റെ വീട്ടിലേക്ക് പറഞ്ഞയച്ചു. ഒരാഴ്ചയ്ക്കകം പണം നല്‍കിയില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പുറത്ത്‌വിടുമെന്നും ഭീഷണിപ്പെടുത്തി. ഒരാഴ്ചയ്ക്കകം പണം നല്‍കാമെന്ന് അജിത്ത് സമ്മതിച്ചു. നാലിന് പണം നല്‍കാമെന്ന് പറഞ്ഞ് എറണാകുളം എംജി റോഡിലുള്ള എസ്.ബി.ഐയുടെ മുന്‍വശം ഷിബിലിയെ വിളിച്ചുവരുത്തി. പണം വാങ്ങാനെത്തിയ ഷിബിലിയെ കസ്റ്റമേഴ്‌സിന്റെ വേഷത്തിലായിരുന്ന സിറ്റി ടാസ്‌ക്‌ഫോഴ്‌സ് വലയിലാക്കുകയായിരുന്നു. ഷിബിലിയോടൊപ്പം ഡാനിയും പിടിയിലയായി.
പണം കിട്ടിയെന്നും കൊടൈക്കനാലിലേക്ക് ടൂര്‍ പോകാമെന്നും പറഞ്ഞ് ശരത്തിനെയും മുസ്തഫയേയും വൈറ്റില ഹബ്ബിലേക്ക് രാത്രി പത്തിന് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ട് പോയതിനും തടങ്കലില്‍ വച്ചതിനും ഇവര്‍ക്കെതിരെ തൃപ്പൂണിത്തുറ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."