പൊന്നിടാംചിറയില്‍ രാസവസ്തുക്കള്‍ അടങ്ങിയ മാലിന്യങ്ങള്‍ തള്ളി
പെരുമ്പാവൂര്‍: പൊന്നിടാംചിറയില്‍ സ്വകാര്യ വ്യക്തി വന്‍കിട കമ്പനികളുടെ രാസവസ്തുക്കള്‍ അടങ്ങിയ മാലിന്യങ്ങള്‍ തള്ളി. പ്രകോപിതരായ നാട്ടുകാര്‍ ഇയാളുടെ ഏക്കര്‍ കണക്കിന് വരുന്ന ഭൂമിയിലേക്കുള്ള പ്രവേശന കവാടം ഉപരോധിച്ചു.
പാലക്കാട്ടുതാഴം മുതല്‍ വെസ്റ്റ് കണ്ടന്തറ വരെ വ്യാപിച്ച് കിടക്കുന്ന പാടശേഖരമാണ് പൊന്നിടാംചിറ. പ്രതിഷേധക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുന്നത്തുനാട് തഹസില്‍ദാരും വെങ്ങോല വില്ലേജ് ഓഫീസറും പൊലീസും സ്ഥലത്തെത്തി രാസവസ്തുക്കള്‍ മൂടാന്‍ കുഴിയെടുത്തുകൊണ്ടിരുന്ന ഹിറ്റാച്ചി കസ്റ്റഡിയിലെടുത്തു.
പൊന്നിടാം ചിറ പാടശേഖരത്തിലെ എ.സി പള്ളിയുടെ സമീപത്തും നിന്നും വാങ്ങിയ അമ്പത് ഏക്കറോളം വരുന്ന സ്ഥലത്ത് ഉടമ കാനകള്‍ കീറി വിവിധ കമ്പനികളിലെ മാലിന്യം തള്ളി മണ്ണിട്ട് മൂടുകയായിരുന്നു.
കണ്ടന്തറ, മാവിന്‍ചുവട്, ചിറമുകള്‍, പള്ളിക്കവല ഭാഗങ്ങളിലെ ജനങ്ങളുടെ കുടിവെള്ള സ്രോതസാണ് പൊന്നിടാംചിറ. ഇതില്‍ മാലിന്യം കലര്‍ന്നാല്‍ പ്രദേശത്തെ കിണറുകളിലേക്ക് അത് പടരും.
ഒരാഴ്ചക്കുള്ളില്‍ മാലിന്യം നീക്കം ചെയ്യാമെന്ന് സ്ഥലമുടമ ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാര്‍ പിരിഞ്ഞത്. പൊന്നിടാംചിറയും പ്രദേശത്തെ കുളങ്ങളും സംരക്ഷിക്കുന്നതിന് ജനജാഗ്രത വേദിയുടെ ആഭിമുഖ്യത്തില്‍ പ്രദേശ വാസികളുടെ യോഗം ഇന്ന് നാലിന് ചേരുമെന്ന് കണ്‍വീനര്‍ ഇസ്മായില്‍ പളളിപ്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."